ADVERTISEMENT

ഒട്ടാവ ∙ മലയാളി പെൺകുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തിൽ കിരീടം നേടി. ടൊറോന്‍റോയിൽ നടന്ന മത്സരത്തിൽ ക്രിമിനോളജിയിലും നിയമത്തിലും പഠനം നടത്തുന്ന ലെനോർ സൈനബ് (19) ആണ് വിജയിച്ചത്. ടൊറോന്‍റോയിലുള്ള പാജന്‍റ് ഗ്രൂപ്പ് കാനഡ എന്ന സംഘടനയാണ് എല്ലാ വർഷവും ഈ മത്സരം സംഘടിപ്പിക്കുന്നത്. കാനഡയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 35-ലധികം മത്സരാർഥികളെ പിന്തള്ളിയാണ് ലെനോർ സൈനബ് ഈ നേട്ടം കൈവരിച്ചത്. 

"ഈ ആദ്യ സൗന്ദര്യമത്സരത്തിൽ വിജയിക്കുന്നതിനുള്ള എന്‍റെ യാത്രയെക്കുറിച്ചാണ് ഞാൻ പറയാൻ ആഗ്രഹിക്കുന്നത്. രസകരമായ ഒരു വസ്തുത, 1998 ലെ മിസ് വേൾഡ് വിജയി ലിനർ അബർഗിലിന്‍റെ പേരിൽ നിന്നാണ് എന്‍റെ അമ്മ ഫാത്തിമ റഹ്മാൻ എനിക്ക് ഈ പേരിട്ടത്. മത്സരങ്ങളോടുള്ള എന്‍റെ അഭിനിവേശത്തിൽ അത് വലിയ പങ്കുവഹിച്ചെന്ന് ഞാൻ വിശ്വസിക്കുന്നു.എന്‍റെ കംഫർട്ട് സോണിൽ നിന്ന് പുറത്തുകടക്കാനും മത്സരങ്ങൾ പരീക്ഷിക്കാനും ധൈര്യം നേടിയതിന്‍റെ ഒന്നാമത്തെ കാരണവും അമ്മയാണ്. എന്‍റെ യാത്രയിലുടനീളം അമ്മ പൂർണ്ണ പിന്തുണ നൽകി"– ലെനോർ വ്യക്തമാക്കി.

കഴിഞ്ഞ വർഷം ഡിസംബറിലാണ് സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കാൻ ഓൺലൈനിൽ അപേക്ഷിച്ചത്. മത്സരം സംഘടിപ്പിക്കുന്ന കമ്പനിയുടെ ഡയറക്ടർ 1996-ലെ മിസ് വേൾഡ് കാനഡയായിരുന്നു. വൈകാതെ അവർ എന്നെ അഭിമുഖത്തിനായി വിളിച്ചു. അവർ വളരെ സ്നേഹത്തോടെ പെരുമാറി, എന്നിൽ അവരുടെ പഴയ ഓർമ്മകൾ കാണുന്നു എന്ന് പറഞ്ഞു. വലിയ സ്വപ്നങ്ങളുള്ള ഒരു പെൺകുട്ടിയാണെന്ന് അവർ എന്നെ വിശേഷിപ്പിച്ചു. അത് വലിയ ആത്മവിശ്വാസം പകർന്നു.

ഇത്രയും പെട്ടെന്ന് മത്സരത്തിൽ പ്രവേശനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അങ്ങനെ  മത്സരത്തിനായി തയ്യാറെടുക്കാൻ തുടങ്ങി. റിഹേഴ്സലുകൾ, വസ്ത്രങ്ങൾ തിരഞ്ഞെടുക്കൽ, മറ്റ് മത്സരാർത്ഥികളുമായുള്ള സൗഹൃദം - എല്ലാം പുതിയ അനുഭവമായിരുന്നു. ഫൈനൽ ഷോ വന്നു, ഞാൻ വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.പക്ഷേ മിസ് ഒട്ടാവ പട്ടം എന്നെ തേടിയെത്തി. ആദ്യം പ്രഖ്യാപിച്ച വിജയി ഞാനായിരുന്നു, അത് അവിശ്വസനീയമായിരുന്നു. വലിയ സന്തോഷത്തോടെയും ആവേശത്തോടെയും ഞാൻ സൗന്ദര്യകിരീടം സ്വീകരിച്ചു"– ലെനോർ കൂട്ടിച്ചേർത്തു.

മൈസൂരിൽ ജനിച്ച ലെനോർ സൈനബ്  ഇന്ത്യ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, കാനഡ എന്നിങ്ങനെ നാല് വ്യത്യസ്ത രാജ്യങ്ങളിലായിട്ടാണ് വളർന്നത്. ഇപ്പോൾ കാനഡയുടെ തലസ്ഥാനമായ ഒട്ടാവയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന ലെനോർ കാൽഗറി ഫുട് ഹിൽസ് ഹോസ്പിറ്റലിലെ പീഡിയാട്രിക് വിഭാഗം ഡോക്ടർ മുഹമ്മദ് ലിബാബിന്‍റെയും ഫാത്തിമാ റഹ്‌മാന്‍റെയും മൂത്ത മകളാണ്. മുഹമ്മദ് ഇമ്രാൻ, ഡന്നിയാൽ എന്നിവർ ആണ് സഹോദരന്മാർ. ഡോ. മുഹമ്മദ് ലിബാബ് നാട്ടിൽ ആലുവ സ്വദേശിയാണ്. കറുപ്പംവീട്ടിൽ കുടുംബാംഗം. എ.കെ.എം.ജിയിലും സജീവമാണ്.വരും വർഷങ്ങളിൽ സമാനമായ നിരവധി മത്സരങ്ങളിൽ പങ്കെടുക്കുവാൻ തയ്യാറെടുക്കുകയാണ് ലിനോർ.

English Summary:

Lenore Zainab, a Malayali, became Miss Ottawa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com