കാനഡയിൽ നിന്നു കേരളത്തിലേക്കും തിരിച്ചും കുറഞ്ഞനിരക്കിൽ വിമാന ടിക്കറ്റ്; തട്ടിപ്പ്: ദമ്പതികൾക്കെതിരെ കേസ്
Mail This Article
തൃശൂർ ∙ കാനഡയിൽ നിന്നു കേരളത്തിലേക്കും തിരിച്ചും വിമാന ടിക്കറ്റ് ഏർപ്പാടാക്കി നൽകാമെന്നു വാഗ്ദാനം ചെയ്തു പണം തട്ടിയതിനു ദമ്പതികൾക്കെതിരെ അന്തിക്കാട് പൊലീസ് കേസെടുത്തു. കൊല്ലം സ്വദേശിയായ യുവതിക്കും വെളുത്തൂർ സ്വദേശിയായ ഭർത്താവിനുമെതിരെയാണു കേസെടുത്തത്. 2 ലക്ഷം രൂപ തട്ടിച്ചെന്നു കാട്ടി എറണാകുളം ആറ്റുപുറം ഐരൂർ മണവാളൻ ജോൺസൺ നൽകിയ പരാതി സ്വീകരിച്ചാണു പൊലീസ് കേസെടുത്തത്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ടൊറന്റോയിൽ നിന്നു കൊച്ചിയിലേക്കു മറ്റു ബുക്കിങ് ഏജൻസികളേക്കാൾ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് തരപ്പെടുത്തി നൽകാമെന്നു പ്രചരിപ്പിച്ചാണു ദമ്പതികളുടെ തട്ടിപ്പെന്നു പരാതിയിൽ പറയുന്നു. പരാതിക്കാരന്റെ മകനും സുഹൃത്തിനും ടിക്കറ്റ് ബുക്ക് ചെയ്തു നൽകാമെന്നു വാഗ്ദാനം ചെയ്തു 2 ലക്ഷം രൂപ ഇവർ വാങ്ങിയെടുത്തത് കഴിഞ്ഞ മാർച്ച് എട്ടിനാണ്. എന്നാൽ, ഇതുവരെയായും ടിക്കറ്റ് കൈമാറിയില്ല.
ബാങ്ക് അക്കൗണ്ട് വഴിയാണു താൻ പണം കൈമാറിയതെന്നു പരാതിക്കാരൻ പറയുന്നു. അക്കൗണ്ട് നമ്പർ ഉൾപ്പെടെ തെളിവായി പൊലീസിനു നൽകി. ടിക്കറ്റ് ലഭിക്കാതിരുന്നതോടെ പരാതിക്കാരൻ പൊലീസിനെ സമീപിച്ചതറിഞ്ഞു ദമ്പതികൾ വിളിക്കുകയും പണം തിരികെ നൽകാമെന്നു പറയുകയും ചെയ്തു. എന്നിട്ടും പണം തിരികെ ലഭിച്ചില്ല. നൂറിലേറെപ്പേരിൽ നിന്നായി ദമ്പതികൾ ഇതേ രീതിയിൽ പണം തട്ടിയെടുത്തതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.