ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ഉത്സവം കൊടിയിറങ്ങി
Mail This Article
ഹൂസ്റ്റൺ ∙ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുത്സവം മേയ് 25 ന് കൊടിയിറങ്ങി. തന്ത്രി മുഖ്യൻ ബ്രഹ്മശ്രീ കരിയന്നൂർ ദിവാകരന്‍റെ കാർമികത്വത്തിൽ കൊണ്ടാടിയ തിരുവുത്സവം ഭക്തിനിർഭരമായിട്ടാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. പത്താം ഉത്സവം ദിവസം രാവിലെ ഭഗവാനെ പള്ളിയുണർത്തി പ്രഭാത പൂജയോടെ ആരംഭിച്ച ഉത്സവം വൈകിട്ട് താലപ്പൊലികളുടെയും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടെ ഭഗവാനെ ആനയിച്ചു ആറാട്ടുകുളത്തിൽ കുളിപ്പിച്ചു കയറ്റി ക്ഷേത്ര മുറ്റത്തു പ്രവേശിച്ച് 21 തവണ പ്രദിക്ഷണം വച്ച് തിരികെ ശ്രീ കോവിലിൽ കുടിയിരിത്തിയപ്പോൾ കൊടിയിറക്കിനുള്ള സമയം സമാഗതമായി.
കൊടിയിറക്കിന് മുന്നോടിയായി നടന്ന പറയെടുപ്പിൽ നിരവധി ഭക്തജനങ്ങൾ പങ്കുകൊണ്ടു. പത്തു ദിവസവും തുടർച്ചയായി നടന്ന കലാ വിരുന്നിൽ ദിവ്യ ഉണ്ണി ഉൾപ്പെടെ നിരവധി പേർ നൃത്ത നൃത്യങ്ങൾ അവതരിപ്പിച്ചു. ക്ഷേത്രകാലരൂപങ്ങൾ അണിനിരത്തിക്കൊണ്ട് കെഎച്ച്എസിലെ കുട്ടികൾ അവതരിപ്പിച്ച ഷോയും, ഉണ്ണിക്കണ്ണന്‍റെ കുസൃതികൾ വരച്ചു കാട്ടിയ നൃത്ത രൂപവും ശ്രദ്ധേയമായി.
ഉത്സവത്തോടനുബന്ധിച്ചു ജി. കെ. പിള്ള ഗുരുവായൂർ കേശവന്‍റെ പൂർണ്ണകായ പ്രതിമ തിരുനടയിൽ സമർപ്പിച്ചു. 12.6 അടി പൊക്കമുള്ള ഈ ഫൈബർ ഗ്ലാസ് പ്രതിമ കേരളത്തിൽ നിർമിച്ച് കടൽ മാർഗം ക്ഷേത്രത്തിൽ എത്തിക്കുകയായിരുന്നു.തന്ത്രി മുഖ്യൻ ബ്രഹ്മശ്രീ കരിയന്നൂർ ദിവാകരന്‍റെ കർമികത്വത്തിൽ തുടർന്ന് ഉത്സവഘോഷങ്ങളുടെ പരിസമാപ്തി കുറിച്ചുകൊണ്ട് നടന്ന വെടിക്കെട്ട് നടത്തി. തുടർന്ന് നടന്ന മ്യൂസിക് ഷോയുമുണ്ടായിരുന്നു.
ഉത്സവാഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ടുള്ള സമ്മേളനത്തിൽ മുഖ്യ അതിഥിയായി കോൺസൽ ജനറൽ സി മഞ്ചുനാഥ്, ഫോർട്ട്ബൻഡ് കൗണ്ടി ജഡ്ജ് സുരേന്ദ്രൻ പട്ടേൽ, ജഡ്ജ് ജൂലി മാത്യു, മിസോറി സിറ്റി മേയർ റോബിൻ എലക്കാട്ട്, എച്ച്എസ്എസ് ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്‍റ് സുഭാഷ് ഗുപ്ത എന്നിവർ പങ്കെടുത്തു ഹൂസ്റ്റനിലെ മുഴുവൻ ഹിന്ദു സമൂഹത്തിന്‍റെയും ക്ഷേമത്തിനും ഉന്നമനത്തിനും വീശിഷ്യ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്‍റെ പുരോഗമനത്തിനും, അഭിവൃദ്ധിക്കും വേണ്ടി എക്കാലവും മുന്നിൽ നിന്ന് വേണ്ട സഹായസഹകരണങ്ങൾ നൽകിവരുന്ന മാധവൻ പിള്ളയെ പ്രസിഡന്‍റ് സുനിൽ നായർ പ്രത്യേകമായി ആദരിച്ചു. ഉത്സവാഘോഷങ്ങൾക്കു നേതൃത്വം വഹിച്ചുകൊണ്ട് മുൻ പ്രസിഡന്‍റ് ഹരി ശിവരാമൻ, ട്രസ്റ്റീ ചെയർ ശ്രീമതി രമാ പിള്ള, വൈസ് പ്രസിഡന്‍റ് സുബിൻ ബാലകൃഷ്ണൻ, ജനറൽ സെക്രട്ടറി അജിത് പിള്ള, ട്രഷറർ ശ്രീകല, മറ്റു ബോർഡ് മെമ്പർമാരായ രാജി പ്രദീപ് മഞ്ജു തമ്പി, രാജി തമ്പി, സിന്ധു മനോജ്, രാജേഷ് നായർ, സുരേഷ് കരുണാകരൻ, സുരേഷ് കണ്ണോളിൽ എന്നിവർ സജീവ സാന്നിധ്യം അറിയിച്ചു.