യുഎസിൽ താപനില ഉയരുന്നു; പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും ഉയർന്ന ചൂടായിരിക്കും അനുഭവപ്പെടുകയെന്ന് മുന്നറിയിപ്പ്
Mail This Article
ന്യൂയോർക്ക് ∙ യുഎസിൽ ചൂട് ഉയരുന്നു. ചില സ്ഥലങ്ങളിൽ പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും ഉയർന്ന ചൂടായിരിക്കും അനുഭവപ്പെടുകയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. യുഎസിലെ ഏകദേശം 265 ദശലക്ഷം പേരെ ഉയർന്ന താപനില പ്രതികൂലമായി ബാധിക്കും. താപനില 32 ഡിഗ്രി സെൽഷ്യസിൽ എത്തുകയോ അതിൽ കൂടുതലാകുകയോ ചെയ്യുമെന്നാണ് പ്രവചിക്കപ്പെടുന്നത്. അടുത്ത ഞായറാഴ്ചയോടെ ഏകദേശം 40 ഡിഗ്രി സെൽഷ്യസ് (105 ഫാരൻഹീറ്റ്) ചൂട് അനുഭവപ്പെടാം. ജൂൺ മാസത്തിലെ എക്കാലത്തെയും റെക്കോർഡ് ചൂടായിരിക്കും ഇത്തവണ അനുഭവപ്പെടുകയെന്ന് ബോസ്റ്റണിലെ കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.
പതിവുള്ളതിലും തീവ്രമായ ചൂട് അനുഭവപ്പെടുന്നതിനാൽ വേനൽക്കാലം മുമ്പത്തേതിനേക്കാൾ വ്യത്യസ്തമാണ്, ചൂടുള്ള കാലാവസ്ഥയെ നേരിടാൻ തയാറാണെന്നു ന്യൂയോർക്ക് മേയർ എറിക് ആഡംസ് വ്യക്തമാക്കി. നഗരത്തിലെ വായുവിന്റെ ഗുണനിലവാരം നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം കനഡയിൽ ഉണ്ടായ കാട്ടുതീയിൽ നിന്നുള്ള പുക, ന്യൂയോർക്ക് നഗരം ഉൾപ്പെടെ യുഎസിന്റെ കിഴക്കൻ ഭാഗങ്ങളിൽ എത്തിയിരുന്നു.
ഉയർന്ന താപനില അനുഭവപ്പെടുന്നുണ്ടെങ്കിലും, മസച്യുസിറ്റ്സിലെ നിരവധി ബീച്ചുകൾ അടച്ചിട്ടിരിക്കുകയാണ്. ബാക്ടീരിയയുടെ അളവ് ഉയർന്നത് മൂലമാണ് ബീച്ചുകൾ അടച്ചിട്ടിരിക്കുന്നത്. ശരീരം തണുപ്പിക്കാൻ മറ്റുവഴി കണ്ടെത്തണമെന്നും അല്ലെങ്കിൽ ആരോഗ്യത്തിന് അപകടമുണ്ടാകുമെന്നും ഉദ്യോഗസ്ഥർ സംസ്ഥാനത്തെ താമസക്കാർക്ക് മുന്നറിയിപ്പ് നൽകി.