ജോലി ചെയ്യാൻ ബന്ധുവിനെ ഭീഷണിപ്പെടുത്തി: ഇന്ത്യൻ വംശജരായ അമേരിക്കൻ ദമ്പതികൾക്ക് തടവ്
Mail This Article
വാഷിങ്ടൻ ∙ സ്‌കൂളിൽ ചേർക്കാൻ സഹായിക്കാമെന്ന വ്യാജേന ബന്ധുവിനെ മൂന്ന് വർഷത്തിലേറെ പെട്രോൾ പമ്പിലും കൺവീനിയൻസ് സ്റ്റോറിലും ജോലി ചെയ്യാൻ നിർബന്ധിച്ച ഇന്ത്യൻ വംശജരായ അമേരിക്കൻ ദമ്പതികൾക്ക് യുഎസ് കോടതി തടവുശിക്ഷ വിധിച്ചു. ഹർമൻപ്രീത് സിങ് (35)ന് 135 മാസവും ഭാര്യയായ കുൽബീർ കൗറിന് (43) 87 മാസവുമാണ് തടവ്. ഇരയായ ബന്ധുവിന് 1.87 കോടി രൂപയുടെ നഷ്ടപരിഹാരവും കോടതി വിധിച്ചു.
2018 മാർച്ചിനും 2021 മേയ് മാസത്തിനും ഇടയിൽ മൂന്ന് വർഷത്തിലേറെ ഇവർ ബന്ധുവിനെ ഭീഷണിപ്പെടുത്തി. ഇരയെ കൊണ്ട് പ്രതികളിൽ ഒരാളായ കുൽബീർ കൗറിനെ വിവാഹം ചെയ്യാനായി നിർബന്ധിക്കുകയും ആ വിവാഹം ഉപയോഗിച്ച് ഇരയുടെ കുടുംബത്തിന്റെ സ്വത്തുക്കൾ തട്ടിയെടുക്കുമെന്നും ഇവർ പറഞ്ഞു. രക്ഷപ്പെടാൻ ശ്രമിച്ചാൽ പൊലീസിൽ വ്യാജ പരാതി കെട്ടിചമക്കുമെന്നും ഭീഷണിപ്പെടുത്തി.
ഇമിഗ്രേഷൻ രേഖകൾ തിരികെ ആവശ്യപ്പെട്ടപ്പോഴും നാട്ടിലേക്ക് പോകാൻ ശ്രമിച്ചപ്പോഴും ഇരയെ ദേഹോപദ്രവം ചെയ്തതായി പൊലീസ് കണ്ടെത്തി. അവധിയെടുക്കാൻ ശ്രമിച്ചതിന് ഇരയെ തോക്ക് ഉപയോഗിച്ചും ഭീഷണിപ്പെടുത്തി.