യുഎസിൽ ഭാര്യയെയും കുട്ടികളെയും കൊലപ്പെടുത്താൻ ശ്രമിച്ച ഡോക്ടർക്ക് ജയിൽ ശിക്ഷയില്ല
Mail This Article
കലിഫോർണിയ∙ ഭാര്യയെയും രണ്ട് കുട്ടികളെയും കൊലപ്പെടുത്താൻ ശ്രമിച്ച ഇന്ത്യൻ-അമേരിക്കൻ ഡോക്ടർക്ക് ജയിൽ ശിക്ഷ ഒഴിവാക്കി യുഎസ് കോടതി . മാനസികാരോഗ്യ പ്രശ്നത്തെ തുടർന്നാണ് ഡോക്ടർ ഇവരെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി ഡോക്ടർക്ക് ജയിൽ ശിക്ഷ ഒഴിവാക്കി നൽകിയത്. കലിഫോർണിയയിലെ റേഡിയോളജിസ്റ്റായ ധർമേഷ് പട്ടേലിൽ കഴിഞ്ഞ വർഷം ഭാര്യയെയും രണ്ട് കുട്ടികളെയുമായി സഞ്ചരിക്കുന്നതിനിടെ ടെസ്‌ല കാർ ഒരു പാറക്കെട്ടിലേക്ക് ഓടിച്ച് കയറ്റുകയായിരുന്നു. വാഹനം പാറക്കെട്ടിൽ നിന്ന് 250 അടി താഴ്ചയിലേക്ക് വീണു, എന്നാൽ അദ്ഭുതകരമായി കുടുംബം രക്ഷപ്പെട്ടു.
ഭർത്താവ് മനഃപൂർവം അപകടമുണ്ടാക്കുന്നതിനാണ് കാർ ഓടിച്ചെന്ന് സമ്മതിച്ച നേഹ പട്ടേൽ അദ്ദേഹത്തിനെതിരെ കേസെടുക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് മൊഴി നൽകി. പകരം, അദ്ദേഹത്തിന് മാനസികാരോഗ്യ ചികിത്സ ലഭിക്കണമെന്ന് ആഗ്രഹമെന്നും കോടതിയിൽ വ്യക്തമാക്കി.
തന്‍റെ കുട്ടികൾ ലൈംഗിക ദുരുപയോഗത്തിന് ഇരയാകാൻ സാധ്യതയുണ്ടെന്ന് ധർമേഷ് പട്ടേൽ വിശ്വസിച്ചിരുന്നു. ഇതേതുടർന്നാണ് ഇവരെ കൊലപ്പെടുത്താൻ ഇദ്ദേഹം തീരുമാനിച്ചത്. സ്കീസോഫെക്റ്റീവ് ഡിസോർഡറും ഡിപ്രസീവ് ഡിസോർഡറും ഡോ.ധർമേഷ് പട്ടേലിന് ഉണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തി.മാനസികാസ്വാസ്ഥ്യത്തിന്‍റെ ഫലമായി ഉണ്ടായ തെറ്റായ ധാരണയുടെ അടിസ്ഥാനത്തിലാണ് കുറ്റകൃത്യം ചെയ്തതെന്ന് വിദഗ്ദ്ധർ കോടതിയിൽ വ്യക്തമാക്കി.
വ്യാഴാഴ്ച, യുഎസ് കോടതി പട്ടേലിനെ "മാനസികാരോഗ്യ ചികിത്സയ്ക്ക്" വിധേയനാക്കണമെന്ന് വിധിച്ചു. കുറ്റകൃത്യത്തിൽ അസുഖം വലിയ പങ്കുവഹിച്ചതിനാലാണ് ഈ തീരുമാനം. ഡോക്ടർമാരുടെ രോഗനിർണയത്തെ അടിസ്ഥാനമാക്കി ഡോ.ധർമേഷ് പട്ടേലിന് കലിഫോർണിയയിലുള്ള മാതാപിതാക്കളുടെ സംരക്ഷണയിൽ കഴിയുന്നത് വേണ്ട ക്രമീകരണം ചെയ്യാൻ സുപ്പീരിയർ കോടതി ജഡ്ജി സൂസൻ എം. ജാകുബോവ്സ്കി ഉത്തരവിട്ടു. ധർമേഷ് പട്ടേലിനെ ജിപിഎസ് ഉപയോഗിച്ച് നിരീക്ഷിക്കും. ആഴ്ചയിൽ ഒരിക്കൽ കോടതിയിൽ റിപ്പോർട്ട് ചെയ്യണം. രാജ്യത്തിന് പുറത്ത് യാത്ര ചെയ്യാൻ അനുവാദമില്ല, കൂടാതെ ഡ്രൈവിങ് ലൈസൻസും പാസ്‌പോർട്ടും സറണ്ടർ ചെയ്യണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.
കേസ് ജൂലൈ ഒന്നിന് വീണ്ടും പരിഗണിക്കും.