ADVERTISEMENT

വെർജീനിയ∙ വെസ്റ്റ് വെർജീനിയയിൽ സമ്പന്ന ദമ്പതികൾ ‘കറുത്ത വർഗ്ഗക്കാരായ’ കുട്ടികളെ അടിമവേല ചെയ്യാൻ നിർബന്ധിച്ചതിന് അറസ്റ്റിലായി.  ഡോണൾഡ് റേ ലാന്‍റസും (63) ജീൻ കേ വൈറ്റ്‌ഫെതറും (62) എന്ന ദമ്പതികൾ അഞ്ച് കറുത്ത വർഗ്ഗക്കാരായ കുട്ടികളെ ദത്തെടുത്ത ശേഷം അവരെ നിർബന്ധിത തൊഴിലിനും പീഡനത്തിനും ഇരയാക്കിയെന്നാണ് ആരോപണം. 6 മുതൽ 16 വയസ്സ് വരെയുള്ള കുട്ടികളെയാണ് വംശീയ വേർതിരിവിന്‍റെ അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ നിർബന്ധിച്ചത്. 

വംശീയത കാരണം ദമ്പതികളുടെ കൃഷിയിടത്തിൽ ജോലി ചെയ്യാൻ കുട്ടികളെ നിർബന്ധിക്കുകയും അടിമകളെപ്പോലെ പരിഗണിക്കുകയും ചെയ്തുവെന്ന് കുറ്റപത്രത്തിൽ ആരോപിക്കുന്നു. പ്രധാന വീട്ടിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് കുട്ടികളെ ദമ്പതികൾ വിലക്കിയതായും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

14 വയസ്സുള്ള ആൺകുട്ടിയെയും 16 വയസ്സുള്ള പെൺകുട്ടിയെയും അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഷെഡിൽ പൂട്ടിയിട്ടു, മറ്റുള്ളവരെ വീട്ടിൽ തടങ്കലിലാക്കി. ഷെഡിൽ ലൈറ്റുകളോ  വെള്ളമോ മെത്തകളോ ഇല്ലായിരുന്നു. ഒരു ആർവി പോർട്ടാ-പോട്ടി മാത്രമാണുണ്ടായിരുന്നത്. കോൺക്രീറ്റ് തറയിൽ ഉറങ്ങാൻ നിർബന്ധിതരായെന്നും 12 മണിക്കൂർ മുൻപാണ് ഭക്ഷണം നൽകിയതെന്നും കുട്ടികൾ പൊലീസിനോട് വെളിപ്പെടുത്തി.

കുട്ടിയുടെ കാലിൽ  വ്രണങ്ങളുണ്ടായിരുന്നു, രണ്ട് കുട്ടികളും മുഷിഞ്ഞ വസ്ത്രമാണ് ധരിച്ചിരുന്നത്. ഇരുവരുടെയും ശരീരത്തിൽ നിന്ന് ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു. 9 വയസ്സുള്ള പെൺകുട്ടിയെ താമസസ്ഥലത്ത് കണ്ടെത്തി. ഇതിന് പുറമെ 11 വയസ്സുള്ള ആൺകുട്ടിയെയും 6 വയസ്സുള്ള പെൺകുട്ടിയെയും ദമ്പതികൾ പിന്നീട് ദത്തെടുത്ത് വീട്ടിലേക്ക് കൊണ്ടുവന്നതായും കണ്ടെത്തിയിട്ടുണ്ട്.

ഈ ക്രൂരതകൾ അയൽവാസി അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പുറത്തായത്.  മനുഷ്യക്കടത്ത്, കുട്ടികളെ നിർബന്ധിത തൊഴിലിനെ വിധേയമാക്കൽ, കുട്ടികളെ അവഗണിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ദമ്പതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കുട്ടികളെ ഇപ്പോൾ സംരക്ഷണ കേന്ദ്രത്തിലാക്കിയിട്ടുണ്ട്. സെപ്റ്റംബർ 9 ന് കേസിന്‍റെ വിചാരണ നടക്കും.

English Summary:

US Couple Kept Adopted Black Children As "Slaves", Locked Them In Shed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com