ADVERTISEMENT

ഹൂസ്റ്റണ്‍ ∙ വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന മട്ടിലായി പ്രസിഡന്റ് ജോ ബൈഡന്റെ അവസ്ഥ. മുന്‍ പ്രസിഡന്റും ഡെമോക്രാറ്റ് എതിരാളിയുമായ ഡൊണാള്‍ഡ് ട്രംപുമായി സംവാദത്തിന് ഇറങ്ങുമ്പോള്‍ കുറച്ച് മുന്‍തൂക്കം നേടാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു പ്രസിഡന്റ്. എന്നാല്‍ സംവാദം കഴിഞ്ഞതോടെ സംഗതി മാറിമറിഞ്ഞു. ബൈഡന്റെ പ്രായത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടുകയും അദ്ദേഹത്തിന് മറവി രോഗമുണ്ടെന്ന സംശയം വര്‍ധിക്കുകയും ചെയ്തതു മിച്ചം. ബൈഡന്റെ 'പ്രകടനം' കണ്ട് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കണമെന്ന ആവശ്യം പോലും ചില ഡെമോക്രാറ്റുകള്‍ ഉന്നയിച്ചതോടെ പാവം ബൈഡന്‍ പരുങ്ങലിലായി. 

പ്രസിഡന്റ് ജോ ബൈഡനും മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള വളരെ വിവാദപരമായ സംവാദത്തിന് ശേഷം, ഡെമോക്രാറ്റുകള്‍ ബൈഡന്റെ പ്രകടനത്തില്‍ അഗാധമായ ആശങ്ക പ്രകടിപ്പിച്ചു രംഗത്തുവന്നു. വ്യക്തിപരമായ ആക്രമണങ്ങളും മൂര്‍ച്ചയുള്ള തിരിച്ചടികള്‍ കൊണ്ടും അടയാളപ്പെടുത്തിയ ഈ സംവാദം ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളില്‍ പരിഭ്രാന്തിയുടെ തരംഗത്തിന് കാരണമായി എന്നാണ് സൂചന. ചില അംഗങ്ങള്‍ ബൈഡനോട് മത്സര രംഗത്തുനിന്നു തന്നെ മാറിനില്‍ക്കാന്‍ ആഹ്വാനം ചെയ്തതും വലിയ ചര്‍ച്ചയായി. 

ഒരു സിറ്റിംഗ് പ്രസിഡന്റും മുന്‍ പ്രസിഡന്റും തമ്മിലുള്ള ആദ്യത്തെ സംവാദമാണ് അരങ്ങേറിയത്. 40 മിനിറ്റ് നീണ്ടു നിന്ന് സിഎന്‍എന്നിലെ അഭൂതപൂര്‍വമായ ടെലിവിഷന്‍ സംവാദം, ഏതൊരു ആധുനിക പ്രസിഡന്‍ഷ്യല്‍ ഡിബേറ്റിനേക്കാളും വളരെ മുമ്പാണ് നടന്നത്. നവംബര്‍ 5 നടക്കുന്ന തിരഞ്ഞെടുപ്പിന് നാല് മാസത്തിലധികം മുമ്പാണ് ഇക്കുറി ഡിബേറ്റ് അരങ്ങേറിയത്. 

മാനദണ്ഡത്തില്‍ നിന്ന് വ്യതിചലിച്ച്, തത്സമയ പ്രേക്ഷകരില്ലാതെയാണ് രണ്ട് സ്ഥാനാര്‍ത്ഥികളും പ്രത്യക്ഷപ്പെട്ടത്. സംസാരിക്കാനുള്ള അവസരം കഴിയുമ്പോള്‍ അവരുടെ മൈക്രോഫോണുകള്‍ സ്വയം നിശബ്ദമാകുന്ന തരത്തിലാണ് സജ്ജീകരിച്ചിരുന്നത്. 2020-ല്‍ ഇരുവരുടെയും ആദ്യ സംവാദം ഇത്തരം തടസ്സപ്പെടലുകള്‍ കൊണ്ട് കുഴഞ്ഞു മറിഞ്ഞതിനാലാണ് ഇത്തരമൊരു രീതി സ്വീകരിച്ചത്. അന്ന് ട്രംപ് ബൈഡനെ ആവര്‍ത്തിച്ച് തടസ്സപ്പെടുത്തിയിരുന്നു. 

പരസ്പര വിരോധം മറച്ചുവെക്കാത്ത രണ്ടുപേരും സംവാദത്തിന് മുമ്പോ ശേഷമോ പരസ്പരം ഹസ്തദാനം നല്‍കുകയോ അംഗീകരിക്കുകയോ ചെയ്തില്ല. ഇരുവരുടെയും പരസ്പര വിദ്വേഷം ഉയര്‍ത്തിക്കാട്ടുന്ന നിരവധി സംഭവങ്ങള്‍ ചര്‍ച്ചയിലുടനീളം ഉണ്ടായിരുന്നു. ഓരോ സ്ഥാനാര്‍ത്ഥിയും മറ്റൊരാളെ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റായി മുദ്രകുത്തി.

'ട്രംപിനെ 'പരാജിതന്‍' എന്നും 'അടിത്തറ ഇളകിയവന്‍' എന്നും ബൈഡന്‍ പരാമര്‍ശിച്ചു. അതേസമയം ട്രംപ് ബൈഡനെ 'ദുരന്തം' എന്ന് വിളിച്ചു ട്രംപും തിരിച്ചടിച്ചു. ഒരു ഘട്ടത്തില്‍, എതിരാളികള്‍ അവരുടെ ഗോള്‍ഫിംഗ് കഴിവുകളെക്കുറിച്ച് ഒരു ചെറിയ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതും ശ്രദ്ധേയമായി. ട്രംപ് തന്റെ മികച്ച ഡ്രൈവിംഗ് ദൂരത്തെക്കുറിച്ച് വീമ്പിളക്കിയപ്പോള്‍ ട്രംപിന് സ്വന്തം ഗോള്‍ഫ് ബാഗ് വഹിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്നായിരുന്നു ബൈഡന്റെ തിരിച്ചടി. 

81 വയസുകാരനായ ബൈഡന്‍ ഇടറിയ കണ്ഠത്തോടെ ക്ഷീണിതനായി സംവദിച്ചപ്പോള്‍ 78 വയസുകാരനായ ട്രംപ് ശക്തനും ആക്രമണോത്സുകനുമായിരുന്നു.
ട്രംപിന്റെ നിയമപരമായ പ്രശ്നങ്ങളില്‍ ബൈഡന്‍ അദ്ദേഹത്തെ ആക്രമിക്കുകയും അദ്ദേഹത്തെ 'കുറ്റവാളി' എന്ന് വിളിക്കുകയും അദ്ദേഹത്തിന്റെ ധാര്‍മ്മിക സ്വഭാവത്തെ വിമര്‍ശിക്കുകയും ചെയ്തു. സമ്പദ്വ്യവസ്ഥയിലും അന്താരാഷ്ട്ര തലത്തിലും ബൈഡന്റെ പരാജയത്തെയും അദ്ദേഹത്തിന്റെ പൊരുത്തക്കേടിനെയും കുറിച്ചുള്ള ആരോപണങ്ങളുമായി ട്രംപ് പ്രതികരിച്ചു. സാമ്പത്തികം, കുടിയേറ്റം, ഗര്‍ഭച്ഛിദ്രം, യു.എസ് വിദേശനയം തുടങ്ങിയ പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. 

'ഞങ്ങള്‍ നിരാശരാണ്'
ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളില്‍ ഡിബേറ്റിന് പിന്നാലെ ആഴവും വിശാലവും വളരെ ആക്രമണാത്മകവുമായ പരിഭ്രാന്തി' റിപ്പോര്‍ട്ട് ചെയ്തു. സ്ട്രാറ്റജിസ്റ്റുകളും ഒഫീഷ്യലുകളും ഫണ്ട് റെയിസര്‍മാരും പരിഭ്രാന്തരാണെന്ന് സിഎന്‍എന്നിലെ ജോണ്‍ കിങ് റിപ്പോര്‍ട്ട്  ചെയ്യുന്നു. ഡെമോക്രാറ്റുകളെ ആശ്വസിപ്പിക്കാന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ് ആവര്‍ത്തിച്ചു ശ്രമിക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബൈഡന്‍ പതിഞ്ഞ താളത്തില്‍ തുടങ്ങിയാലും അവസാനം കുതിച്ചു കയരുമെന്നതാണ് പതിവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. അദ്ദേഹത്തിന്റെ ശക്തമായ ഫിനിഷിനും കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലെ മൊത്തത്തിലുള്ള പ്രകടനവും തുണയ്ക്കും എന്നാണ് കമല നല്‍കുന്ന ഉറപ്പ്. 

സംവാദം അവസാനിച്ച് മിനിറ്റുകള്‍ക്കുള്ളില്‍, ഭയാനകമായ സാഹചര്യം തിരിച്ചറിഞ്ഞതിനാല്‍, ഡെമോക്രാറ്റിക് പാര്‍ട്ടി താറുമാറായ അവസ്ഥയിലായെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 'ബൈഡന്‍ കാഴ്ചയില്‍ ദുരന്തമായിരുന്നു. പദവി ചേരാത്ത ആളായി മാറുകയാണെന്നാണ്  മറ്റൊരു ഡെമോക്രാറ്റിക് പ്രവര്‍ത്തകന്‍ വിലയിരുത്തുന്നത്. ബൈഡന്റെ പ്രകടനത്തെ 'ഭയങ്കരം' എന്നാണ് വിശേഷിപ്പിക്കുന്നത്. 
സംവാദം അവസാനിച്ചപ്പോള്‍, ശക്തമായ ഒരു ചോദ്യം ഉയര്‍ന്നുവന്നു എന്നതാണ് ശ്രദ്ധേയം. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മറ്റൊരാള്‍ വരുമോ? 
സിഎന്‍എന്‍ റിപ്പോര്‍ട്ട് അനുസരിച്ച്, ഒരു ദശാബ്ദത്തിലേറെ പരിചയമുള്ള ഒരു മുതിര്‍ന്ന പ്രവര്‍ത്തകന്‍ നോമിനിയായി ബൈഡന്റെ അനുയോജ്യതയെക്കുറിച്ച് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. 

ചര്‍ച്ചയില്‍ ട്രംപ് 
ട്രംപ് ശക്തനും ആക്രമണോത്സുകനുമായിരുന്നു, റാലികളിലും ടെലിവിഷനിലുമുള്ള തന്റെ അനുഭവം വേദിയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ഉപയോഗിച്ചു. അദ്ദേഹം ആവര്‍ത്തിച്ചുള്ള തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുകയും സമ്പദ്വ്യവസ്ഥയും അന്താരാഷ്ട്ര ബന്ധങ്ങളും കൈകാര്യം ചെയ്യുന്നതുള്‍പ്പെടെ വിവിധ മേഖലകളില്‍ ബൈഡനെ ആക്രമിക്കുകയും ചെയ്തു.ബൈഡനെ അപേക്ഷിച്ച് ട്രംപിന്റെ പ്രകടനം സുഗമവും ഊര്‍ജസ്വലവുമായി കാണപ്പെട്ടു.

അടുത്തത് എന്ത്? 
പ്രായം തന്റെ കഴിവുകളെ കുറച്ചെന്ന റിപ്പബ്ലിക്കന്‍ ആരോപണങ്ങള്‍ക്കിടെ ബൈഡന്‍ തന്റെ വീര്യം തെളിയിക്കാനുള്ള വെല്ലുവിളി നേരിട്ടു. ദേശീയ സര്‍വേകള്‍ കടുത്ത മത്സരമാണ് സൂചിപ്പിക്കുന്നതെങ്കിലും, പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിക്കാന്‍ നിര്‍ണായകമായ മിക്ക യുദ്ധഭൂമിയിലും ബൈഡന്‍ ട്രംപിനേക്കാള്‍ പിന്നിലാണ്. ഈ മാസം, ബൈഡന് സാമ്പത്തിക മേധാവിത്വവും നഷ്ടമായി.  സ്റ്റോമി ഡാനിയല്‍സിനുള്ള പണമടയ്ക്കല്‍ മറച്ചുവെക്കാന്‍ ശ്രമിച്ചതിന് ശിക്ഷിക്കപ്പെട്ടതിന് ശേഷം ട്രംപിന്റെ ധനസമാഹരണം മെച്ചപ്പെട്ടു. 

ബൈഡനും ട്രംപും ജനപ്രീതിയില്ലാത്തവരാണ്. അതുകൊണ്ടുതന്നെ പല അമേരിക്കക്കാരും അവരുടെ തിരഞ്ഞെടുപ്പുകളില്‍ അവ്യക്തത പ്രകടിപ്പിക്കുന്നുണ്ട്. ഏറ്റവും പുതിയ റോയിട്ടേഴ്സ്/ഇപ്സോസ് പോള്‍ പ്രകാരം, അഞ്ചിലൊന്ന് വോട്ടര്‍മാരും തീരുമാനമെടുത്തിട്ടില്ല. ഇവര്‍ മൂന്നാം കക്ഷി സ്ഥാനാര്‍ത്ഥികളോട് ചായ്വുള്ളവരാണ്. അല്ലെങ്കില്‍ വോട്ടുചെയ്യാതിരിക്കുന്നത് പരിഗണിക്കുന്നു. ഈ കാമ്പെയ്നിന്റെ രണ്ടാമത്തെയും അവസാനത്തെയും സംവാദം സെപ്റ്റംബറിലാണ് സജ്ജീകരിച്ചിരിക്കുന്നത്.

English Summary:

Democrats expressed concern over Joe Biden's performance.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com