ന്യൂയോർക്കിലെ ഇന്ത്യാ ദിന പരേഡിൽ രാമക്ഷേത്രത്തിന്റെ പകർപ്പ് പ്രദർശിപ്പിക്കും
Mail This Article
ന്യൂയോർക്ക് ∙ ഓഗസ്റ്റ് 18 ന് ന്യൂയോർക്കിൽ നടക്കുന്ന ഇന്ത്യാ ദിന പരേഡിൽ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പകർപ്പ് പ്രദർശിപ്പിക്കും. ക്ഷേത്രത്തിന്റെ പ്രതിരൂപത്തിന് 18 അടി നീളവും ഒൻപത് അടി വീതിയും എട്ടടി ഉയരവും ഉണ്ടാകുമെന്ന് വിശ്വഹിന്ദു പരിഷത്ത് ഓഫ് അമേരിക്കയുടെ (വിഎച്ച്പിഎ) ജനറൽ സെക്രട്ടറി അമിതാഭ് മിത്തൽ പറഞ്ഞു. നഗരത്തിൽ നിന്നും ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്നുമുള്ള ആയിരക്കണക്കിന് ഇന്ത്യൻ അമേരിക്കക്കാരെയാണ് ഇത് ആകർഷിക്കുക.
ഇന്ത്യയ്ക്ക് പുറത്ത് ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ ഏറ്റവും വലിയ ആഘോഷം നടക്കുന്നത് ന്യൂയോർക്കിലെ ഇന്ത്യാ ദിന പരേഡിലാണ്. പരേഡ് കാണാനായി സാധാരണ 150,000-ത്തിലധികം കാണികളാണ് എത്തുന്നതെന്നും അമിതാഭ് മിത്തൽ പറഞ്ഞു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ് (എഫ്ഐഎ) സംഘടിപ്പിക്കുന്ന പരേഡിൽ വിവിധ ഇന്ത്യൻ അമേരിക്കൻ കമ്മ്യൂണിറ്റികളെ പ്രതിനിധീകരിക്കുന്ന നിരവധി ഫ്ലോട്ടുകൾ അവതരിപ്പിക്കും. ന്യൂയോർക്കിലെ ഈസ്റ്റ് 38-ആം സ്ട്രീറ്റിൽ നിന്ന് ഈസ്റ്റ് 27-ആം സ്ട്രീറ്റിലേക്കാണ് പരേഡ് നടത്തുന്നത്.
വിഎച്ച്പിഎ 60 ദിവസങ്ങളിലായി യുഎസിലെ 48 സംസ്ഥാനങ്ങളിലെ 851 ക്ഷേത്രങ്ങൾ സന്ദർശിച്ച് രാമമന്ദിർ രഥയാത്ര നടത്തിയിരുന്നു.