ADVERTISEMENT

അബുദാബി ∙ യുഎഇയിൽനിന്ന് വിദേശ രാജ്യങ്ങളിലേക്കുള്ള പണമൊഴുക്ക് കുറഞ്ഞു. 2023ൽ 3850 കോടി ഡോളറാണ് വിദേശത്തേക്ക് അയച്ചത്. 2022ൽ ഇത് 3967 കോടി ഡോളറായിരുന്നു. ഒരു വർഷത്തിനിടെ 3% കുറവാണ് രേഖപ്പെടുത്തിയത്. 2019ൽ 5288 കോടി ഡോളർ അയച്ചിരുന്നു. 4 വർഷമായി വിദേശത്തേക്കുള്ള പണമൊഴുക്കിൽ വൻ കുറവുണ്ടായെന്ന് വേൾഡ് ബാങ്കിന്റെ ഏറ്റവും പുതിയ മൈഗ്രേഷൻ ആൻഡ് ഡവലപ്മെന്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സൗദി, യുഎഇ എന്നീ രാജ്യങ്ങളിൽനിന്നുള്ള പണമൊഴുക്കാണ് ഗണ്യമായി കുറഞ്ഞത്.

കോവി‍ഡിനു ശേഷം ഒട്ടേറെ പേരുടെ ജോലി നഷ്ടപ്പെട്ടതും ശമ്പളം വെട്ടിക്കുറച്ചതുമെല്ലാം കാരണമായി. കൂടാതെ പലരും കുടുംബത്തെ വിദേശത്തേക്കു കൊണ്ടുവന്നതിനാൽ നാട്ടിലേക്കു പണം അയയ്ക്കുന്നത് കുറഞ്ഞതും ഇതിന് ആക്കം കൂട്ടി. ഇന്ത്യ, പാക്കിസ്ഥാൻ, ഫിലിപ്പീൻസ്, യുകെ, ഈജിപ്ത്, ശ്രീലങ്ക, ലബനൻ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്  87.1 ലക്ഷത്തിലധികം വരുന്ന വിദേശ തൊഴിലാളികളിൽ കൂടുതലും. കുടിയേറ്റ തൊഴിലാളികളുടെ ആഗോള തലത്തിലെ എട്ടാമത്തെ വലിയ ലക്ഷ്യസ്ഥാനമാണ് യുഎഇ. 2023ൽ ഗൾഫ് രാജ്യങ്ങളിൽനിന്നു മാത്രം വിദേശത്തേക്കുള്ള പണമൊഴുക്ക് 13% കുറഞ്ഞു. 2010 മുതൽ 2019 വരെ വിദേശ പണമൊഴുക്ക് വർധിച്ചെങ്കിലും 2019 മുതൽ കുറയുകയായിരുന്നു.

ഹവാലയിൽ പാക്കിസ്ഥാൻ
ഇതേസമയം ഹവാല (ഹുണ്ടി) മാർഗത്തിൽ പണമയച്ചതിൽ കൂടുതലും എത്തിയത് പാക്കിസ്ഥാനിലേക്ക്. മികച്ച നിരക്കും തുക വീട്ടിൽ എത്തിക്കുന്നതുമാണ് ഹവാലക്കാരെ ആശ്രയിക്കാൻ പലരെയും പ്രേരിപ്പിക്കുന്നത്. ബാങ്ക് അക്കൗണ്ട് ഇല്ലാത്തവരും നിരക്ഷരരും ഇവരെ ആശ്രയിക്കുന്നു.

പഴയപടിയാകുമോ?
ഇന്ത്യയിലേക്കുള്ള പണമയയ്ക്കൽ ഈ വർഷം 3.7% വർധിച്ച് 12400 കോടി ഡോളറിലും 2025ൽ 4% വർധിച്ച് 12900 കോടി ഡോളറിലും എത്തുമെന്നും ലോക ബാങ്ക് പ്രവചിക്കുന്നു.പാക്കിസ്ഥാനിലേക്കുള്ള പണമൊഴുക്ക് ഈ വർഷം ഏഴും 2025ൽ നാലും ശതമാനം കൂടുമെന്നാണ് പ്രവചനം.

പണമെത്തുന്നതിൽ മുന്നിൽ  ഇന്ത്യ 
വിദേശങ്ങളിൽനിന്ന് ഏറ്റവും കൂടുതൽ പണം എത്തിയത് ഇന്ത്യയിലേക്ക്. 12,000 കോടി ഡോളറാണ് 2023ൽ ഇന്ത്യയിൽ എത്തിയത്. 6,600 കോടിയുമായി മെക്സിക്കോയാണ് രണ്ടാം സ്ഥാനത്ത്. ചൈന 5,000 കോടി ഡോളർ, ഫിലിപ്പീൻസ് 3900 കോടി, പാക്കിസ്ഥാൻ 2700 കോടി ഡോളർ എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെത്തിയ പണത്തിന്റെ കണക്ക്.

English Summary:

Remittances from the UAE to foreign countries decreased

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com