ചുഴലിക്കാറ്റ് : ഗ്രേറ്റർ ഹൂസ്റ്റണിൽ ഏഴ് മരണം
Mail This Article
ഹൂസ്റ്റൺ∙ ടെക്‌സസിൽ ബെറിൽ ചുഴലിക്കാറ്റ് വീശിയടിച്ചതിനെ തുടർന്ന് ഗ്രേറ്റർ ഹൂസ്റ്റൺ പ്രദേശത്ത് മരിച്ചവരുടെ എണ്ണം ഏഴായി. ശക്തമായ കാറ്റിൽ ഏകദേശം 30 ലക്ഷം വീടുകളിലും വ്യവസായ സ്ഥാനങ്ങളും വൈദ്യുതി ബന്ധം നഷ്ടമായി. നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കി.
മൂന്ന് പേർ മരം വീണതിനെ തുടർന്നാണ് മരിച്ചത്. ഒരാൾ തീപിടിത്തത്തിലും രണ്ട് പേർ വെള്ളത്തിൽ മുങ്ങിയുമാണ് മരിച്ചത്. ഇതിന് പുറമെ വെള്ളപ്പൊക്കത്തിൽ വാഹനം കുടുങ്ങി ഹൂസ്റ്റൺ പൊതുമരാമത്ത് ജീവനക്കാരനും മരിച്ചതായി മേയർ സിൽവെസ്റ്റർ ടർണർ അറിയിച്ചു. റസ്സൽ റിച്ചഡ്സൺ (54) ആണ് മരിച്ചത്. ഓഫിസ് ഓഫ് ടെക്‌നോളജി സർവീസസിലെ ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫിസറായിരുന്നു
സൗത്ത് ഈസ്റ്റ് ഹൂസ്റ്റണിലെ തീപിടിത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മിന്നലേറ്റിനെ തുടർന്നുണ്ടായ തീപിടിത്തമെന്ന് കരുതപ്പെടുന്നു. ഹംബിളിൽ, ചുഴലിക്കാറ്റ് സമയത്ത് വീട്ടിനുള്ളിൽ കുടുംബത്തോടൊപ്പം രക്ഷതേടിയിരിക്കെ വീടിന് മുകളിൽ ഓക്ക് മര വീണതിനെ തുടർന്ന് 53 വയസ്സുകാരൻ മരിച്ചു. ഭാര്യയും മക്കളും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. വടക്കൻ ഹാരിസ് കൗണ്ടിയിൽ മരിയ ലാറെഡോയ്ക്ക് (73) വീടിന് മുകളിൽ മരം വീണതിനെ തുടർന്ന് ജീവൻ നഷ്ടമായി.