ADVERTISEMENT

പെൻസിൽവേനിയ∙ യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് ശനിയാഴ്ച അക്രമിയുടെ വെടിയേറ്റത് അമേരിക്കയുടെ രാഷ്ട്രീയ ചരിത്രത്തിലെ കറുത്ത അധ്യായമാണ്. പെൻസിൽവേനിയ ബട്‌ലറിൽ നടന്ന റാലിക്കിടെ ചെവിയിൽ വെടിയേറ്റതിനെ തുടർന്ന് പരുക്കേറ്റതിന് ട്രംപ് ചികിത്സ തേടി. പിന്നീട് താൻ സുഖമായിരിക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ കൊലപ്പെടുത്തി. ട്രംപിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിലെ കാരണം അധികൃതർ അന്വേഷിക്കുകയാണ്. 

അതേസമയം, ഇതാദ്യമായില്ല അമേരിക്കയിൽ പ്രസിഡന്‍റ് ,  മുൻ പ്രസിഡന്‍റ്  എന്നിവർക്ക് നേരെ വധശ്രമം നടക്കുന്നത്. ഏബ്രഹാം ലിങ്കൺ, ജയിംസ് ഗാർഫീൽഡ്, വില്യം മക്കിൻലി എന്നിവരുടെ കൊലപാതകങ്ങളാണ് പ്രസിഡന്‍റിനും  മുൻ പ്രസിഡന്‍റുമാർക്കും സ്ക്രീട്ട് സർവീസ് സുരക്ഷ നൽകുന്നതിലേക്ക് വഴിതെളിച്ചത്.  ഇത്തരത്തിൽ പ്രസിഡന്‍റുമാരും  മുൻ പ്രസിഡന്‍റുമാരും നേരിട്ട ആക്രമണങ്ങൾ  അമേരിക്കൻ രാഷ്ട്രീയത്തിലെയും ലോക രാഷ്ട്രീയത്തിലെയും ഗതി മാറ്റിയിട്ടുണ്ട്. 

അതീവ സുരക്ഷാ സംവിധാനങ്ങളാണ് ലോക രാഷ്ട്രങ്ങൾ തങ്ങളുടെ രാഷ്ട്രതലവന്മാർക്ക് നൽകുന്നത്. അമേരിക്കയിൽ മാത്രമല്ല പല രാഷ്ട്ര തലവന്മാർക്കും ഇത്തരം ആക്രമണങ്ങളിൽ ജീവൻ പോലും നഷ്ടമായിട്ടുണ്ട്.  ഈജിപ്ഷ്യൻ പ്രസിഡന്‍റ് അൻവർ സാദത്ത്, സ്വീഡിഷ് പ്രധാനമന്ത്രി ഒലോഫ് പാം എന്നിവരുൾപ്പെടെയുള്ളവരുടെ ജീവൻ നഷ്ടമായത് ഇത്തരത്തിലുള്ള ആക്രമണങ്ങളിലാണ്. 

ശനിയാഴ്ചത്തെ സംഭവത്തിന് മുൻപ് തന്നെ, ഈ വർഷത്തെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റിയുള്ള അക്രമത്തെക്കുറിച്ച് വോട്ടർമാർ ആശങ്കാകുലരാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. യുഎസ് പ്രസിഡന്‍റ‌ുമാരുടെയും പ്രസിഡന്‍റ‌് സ്ഥാനാർഥികളുടെയും ജീവൻ അപഹരിക്കാൻ അക്രമികൾ മുൻപ് നടത്തിയ ചില ശ്രമങ്ങൾ ഇന്നും മാധ്യമങ്ങളിൽ ഇടംപിടിക്കാറുണ്ട്. 

പെൻസിൽവാനിയയിലെ റാലിക്കിടെ വെടിവയ്പിൽ വലതു ചെവിക്കു പരുക്കേറ്റ ഡോണൾഡ് ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥർ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുന്നു. (Photo: AFP)
പെൻസിൽവാനിയയിലെ റാലിക്കിടെ വെടിവയ്പിൽ വലതു ചെവിക്കു പരുക്കേറ്റ ഡോണൾഡ് ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥർ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുന്നു. (Photo: AFP)

∙ ഡോണൾഡ് ട്രംപ്
ട്രംപിന്‍റെ 2016 ലെ പ്രചാരണത്തിനിടെ, 20 വയസ്സുള്ള ഒരു ബ്രിട്ടിഷുകാരൻ റാലിക്കിടെലാസ് വേഗസ് പൊലീസ് ഉദ്യോഗസ്ഥനിൽ നിന്ന് തോക്ക് പിടിച്ചെടുക്കാൻ ശ്രമിച്ചു. താൻ ട്രംപിനെ കൊല്ലാൻ ലക്ഷ്യമിട്ടിരുന്നതായി പിന്നീട് പ്രതി പൊലീസിനോട് പറഞ്ഞു. ഇയാൾ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊലീസ് ഉദ്യോഗസ്ഥനിൽ നിന്ന് ആയുധം കൈവശപ്പെടുത്താൻ ശ്രമിച്ചു എന്നീ കുറ്റങ്ങൾ ചെയ്തതായി തെളിഞ്ഞു.

vidhesharangom-us-presdient-former-ronald-reagan

റൊണാൾഡ് റെയ്ഗൻ
1981 മാർച്ച് 30 ന്, അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റെയ്ഗന് നേരെ ജോൺ ഹിൻക്​ലി ആക്രമണം നടത്തി. ആറ് തവണയാണ് ഇയാൾ  റെയ്ഗന് നേരെ വെടിയുതിർത്തത്. വാഷിങ്ടണിലെ ഒരു ഹോട്ടലിലെ പൊതുപരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയ ഉടൻ ഹിൻക‍്‍ലി പ്രസിഡന്റിനു നേരെ വെടിയുതിർക്കുകയായിരുന്നു.  റെയ്ഗന്റെ ശ്വാസകോശത്തിൽ ഒരു ബുള്ളറ്റ് തുളഞ്ഞുകയറി. അത് ശസ്ത്രക്രിയയിലൂടെ നീക്കിയതോടെ അദ്ദേഹം ആരോഗ്യം വീണ്ടെടുത്തു. എന്നാൽ വെടിയേറ്റ് തലയോടു തകർന്ന പ്രസ് സെക്രട്ടറി ജയിംസ് ബ്രാഡിയുടെ പിൽക്കാല ജീവിതം ബുദ്ധിമുട്ടേറിയതായിരുന്നു. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്കും പരുക്കേറ്റിരുന്നു.  ഈ കേസിലെ പ്രതി പിന്നീട് 41 വർഷത്തെ ശേഷം ജയിൽ വാസത്തിന് ശേഷം മോചിതനായി. 

gerald-ford-us-president

ജെറാൾഡ് ഫോർഡ്
1975 ൽ കലിഫോർണിയയിലെ സാക്രമെന്‍റോയിൽ ചാൾസ് മാൻസന്‍റെ അനുയായിയായ ലിനറ്റ് 'സ്‌ക്വീക്കി' ഫ്രോം ഫോർഡിനെ വധിക്കാൻ ശ്രമിച്ചു. മൂന്നാഴ്ചയ്ക്ക് ശേഷം, സാറാ ജെയ്ൻ മൂർ സാൻ ഫ്രാൻസിസ്കോയ്ക്കും ഫോർഡിന് നേരെ വെടിയുതിർത്തു. ഇരു ആക്രമണങ്ങളിൽ നിന്നും ഫോർഡ് രക്ഷപ്പെട്ടു. അങ്ങനെ രണ്ട് സ്ത്രീകൾ കൊലപ്പെടുത്താൻ ശ്രമിച്ച യുഎസ് പ്രസിഡന്‍റായി ജെറാൾഡ് ഫോർഡ് ചരിത്രത്തിലും ഇടം നേടി.

robert-f-kennedy-john-f-kennedy

റോബർട്ട് എഫ് കെന്നഡി
ജ്യേഷ്ഠൻ കൊലപ്പെട്ട് അഞ്ച് വർഷത്തിന് ശേഷം, 1968 ജൂൺ 5-ന്  ലൊസാഞ്ചലസിൽ വച്ച് അന്ന് ഡെമോക്രാറ്റിക് പ്രൈമറികളിലെ സ്ഥാനാർഥിയായിരുന്ന കെന്നഡിയെ സിർഹാൻ സിർഹാൻ വെടിവച്ചു കൊലപ്പെടുത്തി. സിർഹാനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഇത്തവണ തിരഞ്ഞെടുപ്പിൽ  കെന്നഡിയുടെ മകൻ, റോബർട്ട് എഫ്. കെന്നഡി ജൂനിയർ, സ്വതന്ത്ര പ്രസിഡന്‍റ് സ്ഥാനാർഥിയായി മത്സരിക്കുന്നു

john-f-kennedy-robert

ജോൺ എഫ്.കെന്നഡി
1962 നവംബർ 22 ന് ടെക്സസിലെ ഡാലസിൽ തിരഞ്ഞെടുപ്പു പ്രചാരണ റാലിയിൽ പങ്കെടുക്കാനാണ് അന്നത്തെ യുഎസ് പ്രസിഡന്റ് ജോൺ എഫ്.കെന്നഡി എത്തിയത്. മുകൾ ഭാഗം തുറന്ന ലീമോസീൻ കാറിൽ കെന്നഡി മോട്ടർ റാലി നയിച്ചു. ജനങ്ങൾ പ്രസിഡന്‍റിനെ വരവേൽക്കുന്നു. എല്ലാം പതിവു പോലെയായിരുന്നു; റാലി ഡീലി പ്ലാസയിലെ ടെക്സസ് ബുക് ഡിപ്പോസിറ്ററി എന്ന കെട്ടിടത്തിനു സമീപം എത്തുന്നതു വരെ.

ടെക്സസ് ബുക് ഡിപ്പോസിറ്ററിയുടെ തെക്കുകിഴക്കൻ മൂലയിലെ ആറു നില കെട്ടിടത്തിൽനിന്ന് മൂന്നു തവണയാണ് അക്രമി വെടിയുതിർത്തത്. കെന്നഡിയുടെ തലയ്ക്കും പുറത്തും വെടിയേറ്റു. പ്രസിഡന്റിനെ സുരക്ഷാ ഉദ്യോഗസ്ഥർ അതിവേഗം ആശുപത്രിയിൽ എത്തിച്ചു. പക്ഷേ കെന്നഡിയുടെ മരണ വാർത്തയാണ് പിന്നീട് ലോകം കേട്ടത്. കെന്നഡിയ്ക്കൊപ്പമുണ്ടായിരുന്ന ഭാര്യ ജാക്വിലിൻ, ടെക്സസ് ഗവർണർ ജോൺ ബി.കോണെലി ജൂനിയർ എന്നിവർക്കും വെടിയേറ്റെങ്കിലും പരുക്കുകളോടെ രക്ഷപ്പെട്ടു.

ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കുളില്‍, 24 കാരനായ ലീ ഹാർവി ഓസ്‌വാൾഡിനെ അന്വേഷണ ഉദ്യോഗസ്ഥർ പിടികൂടി. പിന്തുടര്‍ന്നെത്തിയ ഒരു പൊലീസ് ഉദ്യഗസ്ഥനെ ഓസ്‌വാൾഡ് വെടിവെച്ചു കൊന്നെങ്കിലും ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. ഒരു ദിവസത്തിനു ശേഷം ഓസ്‌വാൾഡിനെ ജയിലിലേക്ക് മാറ്റുന്നതിനിടെ ജാക്ക് റൂബി എന്ന നൈറ്റ് ക്ലബ് ഉടമ വെടിവച്ചു കൊന്നു. ഇതോടെ അന്വേഷണം വഴിമുട്ടി. 

തിയോഡോർ റൂസ്‍വെൽറ്റ്
1912 ഒക്‌ടോബർ 14-ന് മിൽവാക്കിയിൽ പ്രസംഗിക്കുന്നതിനിടെയാണ് പ്രസിഡന്‍റ് സ്ഥാനാർഥിയായിരുന്ന അന്ന്  വെടിയേറ്റ് മുൻ  പ്രസിഡന്‍റ് തിയോഡോർ റൂസ്‍വെൽറ്റിന് വെടിയേറ്റത്. 50 പേജുള്ള പ്രസംഗത്തിന്‍റെ പകർപ്പും  പോക്കറ്റിൽ ഒരു കണ്ണടയും റൂസ്‍വെൽറ്റിനെ അപകടത്തിൽ നിന്ന് രക്ഷിച്ചു.  അദ്ദേഹം പ്രസംഗം തുടർന്നു. പക്ഷേ തിരഞ്ഞെടുപ്പിൽ വുഡ്രോ വിൽസനോട് തോറ്റു. പ്രതി ജോൺ ഷ്രാങ്ക് മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്ന് കണ്ടെത്തിയ കോടതി ഇയാളെ  മരണം വരെ പ്രത്യേക സംരക്ഷണയിലാക്കി. 

വില്യം മക്കിൻലി
1901 സെപ്തംബർ 6-ന് ന്യൂയോർക്കിലെ ബഫല്ലോയിൽ വെച്ചാണ് വില്യം മക്കിൻലിക്ക് വെടിയേറ്റത് .പിന്നീട് അദ്ദേഹം മരണത്തിന് കീഴടങ്ങി.ഇതോടെ വൈസ് പ്രസിഡന്‍റ് തിയോഡോർ റൂസ്‌വെൽറ്റ് പ്രസിഡന്‍റായി ചുമതലയേറ്റു. പ്രതി ലിയോൺ സോൾഗോസ് കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ടു.

ജയിംസ് ഗാർഫീൽഡ്
ജയിംസ്  ഗാർഫീൽഡിന് 1881 ജൂലൈ 2 ന് വാഷിങ്‌ടനിൽ വച്ച് വെടിയേറ്റു. രണ്ട് മാസത്തിന് ശേഷം അദ്ദേഹം മരണത്തിന് കീഴടങ്ങി. എഴുത്തുകാരനും അഭിഭാഷകനുമായ പ്രതി ചാൾസ് ഗിറ്റോയ്ക്ക് കോടതി വധശിക്ഷ വിധിച്ചു.

ഏബ്രഹാം ലിങ്കൺ
1865 ഏപ്രിൽ 14-നാണ് വാഷിങ്‌ടനിൽ വച്ച് ഏബ്രഹാം ലിങ്കൺ ആക്രമിക്കപ്പെട്ടത്. ലിങ്കനെ വധിച്ചത് കോൺഫഡറേറ്റ് സ്റ്റേറ്റുകളെ ശക്തമായി പിന്തുണച്ച ജോൺ വൈക്‌സ് ബൂത്ത്  എന്ന വ്യക്തിയായിരുന്നു. പ്രതി  രണ്ടാഴ്ചയ്ക്ക് ശേഷം വധിക്കപ്പെട്ടു. 

English Summary:

9 presidents & candidates attacked. How they changed US history

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com