ബൊളീവിയയിൽ ട്രക്കും ബസും കൂട്ടിയിടിച്ച് 22 മരണം
Mail This Article
ലാപാസ് ∙ ബൊളീവിയൻ ആൻഡീസിലെ ഹൈവേയിൽ ശനിയാഴ്ച ട്രക്കും ബസും തമ്മിൽ കൂട്ടിയിടിച്ച് 22 പേർ മരിച്ചു, 16 പേർക്ക് പരുക്കേറ്റു. അപകടത്തിൽ മരിച്ചവരിൽ 14 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് വാഹനങ്ങളിലെയും ഡ്രൈവർമാരും മരിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ബൊളീവിയൻ പട്ടണമായ പടകാമയയ്ക്കും വടക്കൻ ചിലിയിലെ ടാംബോ ക്യുമാഡോ പട്ടണത്തിനും ഇടയിലുള്ള റോഡിലാണ് അപകടമുണ്ടായത്.
തിരക്കേറിയ വാണിജ്യ-ടൂറിസം മേഖലയിലൂടെ ചിലിയിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഗതാഗത നിയമം ലംഘിച്ച് എതിർവശത്തെ പാതയിലേക്ക് ട്രക്ക് കടന്നതായാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്.
ബൊളീവിയയിൽ ഓരോ വർഷവും ഏകദേശം 1,400 വാഹനാപകട മരണങ്ങൾ സംഭവിക്കുന്നതായി സർക്കാർ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം ഏപ്രിൽ 4 ന് ബൊളീവിയയിലുണ്ടായ മറ്റൊരപകടത്തിൽ 14 പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.