ADVERTISEMENT

ഹൂസ്റ്റൺ ∙ ടെക്സസിലെ ഗ്രേറ്റർ ഹൂസ്റ്റൺ പ്രദേശം ഈ ജൂലൈ 7 മുതൽ 8 വരെ രണ്ട് ദിവസം നീണ്ടു നിന്ന ചുഴലിക്കാറ്റിലും പേമാരിയിലും വലഞ്ഞു. ബറൽ ചുഴലിക്കാറ്റിൽ ജനജീവിതം പൂർണമായും സ്തംഭിച്ചു. കാറ്റിൽ പല വീടുകളുടെയും കെട്ടിടങ്ങളുടെയും മേൽക്കൂരകൾ പറന്നുപോയി. വൻമരങ്ങൾ കടപുഴകി വീടുകളിലും വാഹനങ്ങളിലും വീണു. വീടുകളുടെ ഇലക്ട്രിസിറ്റി ലൈനുകളും ടെലിഫോൺ ലൈനുകളും കേബിൾ ടിവി കമ്പികളും നിലംപൊത്തി. റോഡുകളും തോടുകളും നദികളും നിറഞ്ഞുകവിഞ്ഞു. ഓഫിസുകളും കടകമ്പോളങ്ങളും ഒന്നും തുറന്നില്ല. അത്യാവശ്യ സാധനങ്ങൾക്കായി ജനങ്ങൾ നെട്ടോട്ടമോടി.

ആശുപത്രികൾ ജനറേറ്ററിൽ പ്രവർത്തിച്ചെങ്കിലും ശസ്ത്രക്രിയകൾ പോലുള്ളവ മാറ്റിവെക്കേണ്ടി വന്നു. ടെലിഫോൺ, മൊബൈൽ ഫോൺ ടവറുകൾ പ്രവർത്തന രഹിതമായതോടെ ജനങ്ങൾക്ക് പരസ്പരം ബന്ധപ്പെടാനോ അടിയന്തര സേവനങ്ങളെ വിളിക്കാനോ സാധിച്ചില്ല.

hurricane-beryl-lashes-2
ബറൽ ചുഴലിക്കാറ്റിൽ തകർന്ന അടുക്കളത്തോട്ടത്തിന് സമീപം ലേഖകൻ.
hurricane-beryl-lashes-3
ബറൽ ചുഴലിക്കാറ്റിൽ തകർന്ന അടുക്കളത്തോട്ടത്തിന് സമീപം ലേഖകൻ.
hurricane-beryl-lashes-4
ബറൽ ചുഴലിക്കാറ്റിൽ തകർന്ന അടുക്കളത്തോട്ടത്തിന് സമീപം ലേഖകൻ.
hurricane-beryl-lashes-5
ബറൽ ചുഴലിക്കാറ്റിൽ തകർന്ന അടുക്കളത്തോട്ടത്തിന് സമീപം ലേഖകൻ.
hurricane-beryl-lashes-2
hurricane-beryl-lashes-3
hurricane-beryl-lashes-4
hurricane-beryl-lashes-5

വീടുകളിൽ വൈദ്യുതി ഇല്ലാതായതോടെ ഓരോ വീടും ഒറ്റപ്പെട്ട ദ്വീപുകൾ പോലെയായി. ടെലിഫോൺ, മൊബൈൽ ഫോൺ സേവനങ്ങളും തടസ്സപ്പെട്ടതോടെ പുറംലോകവുമായുള്ള ആശയവിനിമയം രണ്ട് ദിവസത്തോളം നിലച്ചു. ആശുപത്രികളിൽ ജനറേറ്റർ വെച്ച് പ്രവർത്തനം തുടർന്നെങ്കിലും ഡോക്ടർമാരും നഴ്‌സുമാരും 24 മണിക്കൂറും അധിക സമയവും ജോലി ചെയ്യേണ്ട അവസ്ഥ വന്നു. മൂന്ന് ദിവസത്തോളം മെയിൽ, പാക്കേജ് ഡെലിവറി സേവനങ്ങളും നിലച്ചു. ഭക്ഷണ സാധനങ്ങളുടെ ഓൺലൈൻ ഓർഡറുകളും മൂന്ന് നാല് ദിവസം വൈകി. പൊതുഗതാഗതം പൂർണമായും സ്തംഭിച്ചു. ഹൂസ്റ്റൺ എയർപോർട്ടുകളിൽ, ജോർജ് ബുഷ് ഇന്‍റർനാഷണൽ എയർപോർട്ട് ഉൾപ്പെടെ, ഏകദേശം 300 ഫ്ലൈറ്റുകൾ റദ്ദാക്കി. നാസ ബഹിരാകാശ ഗവേഷണ കേന്ദ്രം, സ്പേസ് സെന്‍റർ തുടങ്ങിയ സ്ഥാപനങ്ങളും താൽക്കാലികമായി അടച്ചു.

 കുട്ടികളും രോഗികളും അടക്കമുള്ള ദുർബല വിഭാഗങ്ങൾ അഞ്ചാറു ദിവസത്തോളം കടുത്ത കഷ്ടത അനുഭവിച്ചു. വൈദ്യുതി ഇല്ലാതിരുന്നതിനാൽ വീടുകളിൽ എയർ കണ്ടീഷൻ പ്രവർത്തന രഹിതമായി. ഉഷ്ണകാലത്തിന്റെ കൊടുംചൂടിൽ ജനങ്ങൾ വീടിനുള്ളിലും പുറത്തും വലഞ്ഞു.

ദുരിതാവസ്ഥയിൽ ജനങ്ങളെ തുണയ്ക്കാൻ വിവിധ ദേവാലയങ്ങൾ, സ്കൂളുകൾ, ചില സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ താൽക്കാലിക താമസ സൗകര്യം ഒരുക്കി. എയർ കണ്ടീഷൻ ഉപയോഗിച്ച് കുറച്ച് ആശ്വാസം നൽകാനും ശ്രമിച്ചു. ജീവകാരുണ്യ സംഘടനകൾ സൗജന്യ ഭക്ഷണ വിതരണം നടത്തി. രണ്ട് ദിവസത്തിന് ശേഷം ജനറേറ്റർ ഉപയോഗിച്ച് ചില ഗ്രോസറി കടകളും അത്യാവശ്യ ഹോട്ടലുകളും തുറന്നു.

എന്നാൽ, ഭക്ഷ്യക്ഷാമവും വ്യാപാര സ്ഥാപനങ്ങൾക്ക് വൻ നഷ്ടവും ഈ ദുരന്തത്തിന്റെ ദീർഘകാല പ്രത്യാഘാതങ്ങളാണ്. റഫ്രിജറേറ്റർ പ്രവർത്തന രഹിതമായതോടെ ഫുഡ് സ്റ്റോറുകളിൽ സൂക്ഷിച്ചിരുന്ന ഭക്ഷണ പദാർത്ഥങ്ങൾ കേടായിപ്പോയി. വൃത്തിഹീനമായ സാഹചര്യം രോഗങ്ങൾ പടരാനുള്ള സാധ്യതയും വർധിപ്പിച്ചു. ദുരിതാനുഭവം ജനങ്ങളിൽ വലിയ മാനസിക സമ്മർദ്ദം സൃഷ്ടിച്ചിട്ടുണ്ട്.

ഏകദേശം 30 ലക്ഷം ജനങ്ങൾക്കാണ് ദിവസങ്ങളോളം വീടുകളിൽ ഇരുട്ടിൽ കഴിയേണ്ടി വന്നത്. സെൻട്രൽ പോയിന്‍റ് എനർജി എന്ന കമ്പനിയാണ് ഈ പ്രദേശത്തെ വൈദ്യുതി വിതരണത്തിന് ഉത്തരവാദികൾ. 12,000ത്തോളം ജീവനക്കാർ കൂടി പണിയെടുത്തിട്ടും വൈദ്യുതി വേഗത്തിൽ പുനഃസ്ഥാപിക്കാനായില്ല.

വൈദ്യുതി ഇല്ലാതിരുന്നതോടെ വീട്ടുപകരണങ്ങൾ പ്രവർത്തന രഹിതമായി. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കൂടി ബില്യൻ കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചു. വൈദ്യുതി പ്രശ്നം പരിഹരിക്കാൻ ജനറേറ്ററുകൾക്ക് വലിയ ഡിമാൻഡ് ഉണ്ടായി. എന്നാൽ, ജനറേറ്റർ ഉപയോഗിക്കുമ്പോൾ പുറത്തുവരുന്ന കാർബൺ മോണോക്സൈഡ് ശ്വസിച്ച് പലർക്കും അസുഖം അനുഭവപ്പെട്ടു.  വീടിന് പുറത്ത് വെച്ച് ജനറേറ്റർ ഉപയോഗിച്ചപ്പോൾ ഈ ലേഖകനും രണ്ടുദിവസത്തേക്ക് ശ്വാസംമുട്ടൽ ഉണ്ടായി. ഏതാണ്ട് ഒരാഴ്ചത്തേക്ക് പുറംലോകത്തെ വാർത്തകൾ വിശദമായി അറിയാൻ ഒരു മാർഗ്ഗവും ഈ ഭാഗത്ത് ഉണ്ടായിരുന്നില്ല.

ഹൂസ്റ്റണിൽ മലയാളികൾ ഏറ്റവും കൂടുതൽ താമസിക്കുന്ന പ്രദേശങ്ങളായ മിസോറി സിറ്റി, ഷുഗർ ലാൻഡ്, സ്റ്റാഫോർഡ്, റിച്ച് മൗണ്ട്, റോസൻ ബർഗ്, കൈതി, ലീഗ് സിറ്റി, പാസഡീന, പെയർലാൻഡ്, സൈപ്രസ്, ഗാൽവേസ്‌റ്റോൺ, സ്പ്രിങ് എന്നിവിടങ്ങളിലും  ബെറിൽ ചുഴലിക്കാറ്റ് വൻ നാശനഷ്ടം വിതച്ചു. കേരളത്തിലെ വെള്ളപ്പൊക്കങ്ങളെ ഓർമിപ്പിക്കുന്ന രീതിയിലുള്ളതായിരുന്നു ഈ ദുരന്തം. ഇവിടത്തെ മിക്ക മലയാളി ഭവനങ്ങളിലും വ്യാപകമായി അടുക്കളത്തോട്ട കൃഷികൾ ഉണ്ട്. 

കൃഷിയെ ആശ്രയിക്കുന്ന മലയാളികൾക്ക് വലിയ നഷ്ടമാണ് ഉണ്ടായത്. 9 മാസത്തേക്ക് ആവശ്യമായ പച്ചക്കറികൾ വരെ നശിച്ചു. പാവയ്ക്ക, വെണ്ടയ്ക്ക, ചീനി, ചേന, വഴുതനങ്ങ, മുളക്, വെള്ളരി, മത്തങ്ങ, മുരിങ്ങ, മരച്ചീനി, വാഴ, ഓറഞ്ച്, നാരകം, വിവിധയിനം പയറുകൾ എന്നിവയെല്ലാം നഷ്ടമായി.

എങ്കിലും, ഈ ദുരന്തത്തിൽ നിന്ന് പല പാഠങ്ങളും മലയാളികൾ പഠിച്ചു. പ്രകൃതി ദുരന്തങ്ങളെ നേരിടാൻ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട് എന്നും നാടൻ വിത്തുകളും പച്ചക്കറികളും കൃഷിയിൽ ഉപയോഗിക്കുന്നത് നാശനഷ്ടം കുറയ്ക്കാൻ സഹായിക്കും എന്നും മനസ്സിലാക്കി. ദുരന്ത സമയത്ത് പരസ്പരം സഹായിക്കുന്നതിന്റെ പ്രാധാന്യവും ഈ ദുരിതം വ്യക്തമാക്കി.

തൊടുപുഴ മൂവാറ്റുപുഴ കോതമംഗലം ഏരിയയിലെ പൈങ്ങോട്ടൂർ എന്ന മലയോര പ്രദേശത്ത് ഒരു ചെറുകിട കർഷക കുടുംബത്തിൽ ജനിച്ചു വളർന്ന ഈ ലേഖകൻ അമേരിക്കയിൽ എത്തിയിട്ട് 50 വർഷമായിട്ടും ഇപ്പോഴും ഇവിടെ എല്ലാവർഷവും ചെറുകിട അടുക്കള തോട്ടകൃഷി നടത്താറുണ്ട്. എല്ലാവരുടെയും എന്നപോലെ ഇപ്രാവശ്യം ഇവിടെ ആഞ്ഞടിച്ച ഈ ചുഴലിക്കാറ്റിന്‍റെ ആഘാതത്തിൽ ഈ ലേഖകനും വ്യാപകമായ കൃഷിനാശം ഉണ്ടായി. പുരപ്പുറത്ത് തന്നെ ഒരു മരം കടപുഴകി വീണു.ആളപായം ഒന്നും ഉണ്ടായില്ല എന്ന് മാത്രം.

ദുരന്ത ഭൂമിയിൽ നിന്ന് ഈ വാർത്തകളും അവലോകനങ്ങളും റിപ്പോർട്ട് ചെയ്യുന്ന ഈ ദിവസങ്ങളിൽ പ്രത്യേകിച്ച് വൈദ്യുതി ഏതാണ്ട് 90% ഭവനങ്ങളിലും സ്ഥാപനങ്ങളിലും എത്തിക്കഴിഞ്ഞു. അതിനാൽ ജനജീവിതം സാവധാനം പഴയ പടി ആയിക്കൊണ്ടിരിക്കുകയാണ്. അതുപോലെ നാശനഷ്ടങ്ങളുടെയും മറ്റും കണക്കെടുപ്പുകൾ നടന്നുകൊണ്ടിരിക്കുന്നു. അറ്റകുറ്റപ്പണികളും തിരുതക്രിതിയായി ഇപ്പോൾ മുന്നേറിക്കൊണ്ടിരിക്കുന്നു. 

English Summary:

Hurricane Beryl lashes Texas Recovering from Natural Calamities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com