ട്രംപിനെ പിന്തുണയ്ക്കാൻ ആവശ്യപ്പെട്ട് മസ്ക്; സാധ്യമല്ലെന്ന് വിനോദ് ഖോസ്‌ല
Mail This Article
ഹൂസ്റ്റണ്‍ ∙ യുഎസ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിത്വത്തിൽ നിന്ന് പ്രസിഡന്‍റ് ജോ ബൈഡന്‍റെ പിന്മാറിയതോടെ സമൂഹ മാധ്യമയായ എക്സ് പ്ലാറ്റ്‌ഫോമിൽ ചർച്ചകൾ സജീവമായി. ഓപ്പൺ എഐ നിക്ഷേപകനും വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റിന്‍റെയും സണ്‍ മൈക്രോ സിസ്റ്റംസിന്‍റെയും സഹസ്ഥാപകനുമായ ഇന്ത്യന്‍-അമേരിക്കന്‍ ടെക് കോടീശ്വരന്‍ വിനോദ് ഖോസ്‌ലയും ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌കും ഉൾപ്പെടെയുള്ള പ്രമുഖരും സമൂഹ മാധ്യമ ചർച്ചകളിൽ സജീവമാണ്.
സ്ഥാനാർഥിത്വത്തിൽ നിന്ന് പ്രസിഡന്‍റ് ജോ ബൈഡൻ പിന്മാറ്റം പ്രഖ്യാപിച്ചതിന് പിന്നാലെ ഖോസ്‌ല ‘ഓപ്പണ്‍ ഡെമോക്രാറ്റിക്’ കണ്‍വെന്‍ഷന് ആഹ്വാനം ചെയ്തു. ട്രംപിനെ ''എളുപ്പത്തില്‍ തോല്‍പ്പിക്കാന്‍ കഴിയുന്ന മിതവാദിയായ സ്ഥാനാഥിയാകണം ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിത്വത്തിലേക്കു വരേണ്ടത്" എന്നായിരുന്നു ഖോസ്‌ലയുടെ അഭിപ്രായം. ഈ അഭിപ്രായം മസ്‌ക് ഏറ്റുപിടിച്ചതോടെ വിഷയം രാജ്യശ്രദ്ധ ആകര്‍ഷിച്ചു.
ട്രംപിനെയും ജെ ഡി വാന്‍സിനെയും പിന്തുണയ്ക്കാന്‍ ഖോസ്‌ലയോട് അഭ്യർഥിച്ചുകൊണ്ടാണ് മസ്‌ക് പ്രതികരിച്ചത്. അതേസമയം, കുടിയേറ്റക്കാരെ വെറുക്കുന്നതും മൂല്യങ്ങളില്ലാത്തവനും നുണകൾ പറയുന്നവനുമായ ഒരാളെ പിന്തുണയ്ക്കാൻ തനിക്ക് ബുദ്ധിമുട്ടാണെന്ന് ഖോസ്‌ല മറുപടി നൽകി. ഖോസ്‌ലയുടെ പ്രതികരണത്തിന് പിന്നാലെ, ട്രംപിന്‍റെ പിഴവുകള്‍ അംഗീകരിക്കുന്നതായും ട്രംപ് ഭരണകൂടം മെറിറ്റിനെയും വ്യക്തിസ്വാതന്ത്ര്യത്തെയും പ്രോത്സാഹിപ്പിച്ചിരുന്നതായും മസ്ക് അഭിപ്രായപ്പെട്ടു.