‘ജീവൻ കൊടുത്തും സംരക്ഷിക്കും’; കള്ളപ്പണം തടയാനായി തുടക്കം, ഇന്ന് അമേരിക്കയിലെ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാർ
Mail This Article
അമേരിക്കയിലെ ഏറ്റവും പഴയ ഫെഡറൽ നിയമ നിർവ്വഹണ ഏജൻസികളിൽ ഒന്നായ സീക്രട്ട് സർവീസ്, 1865-ലാണ് സ്ഥാപിതമായത്. രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ സുസ്ഥിരമാക്കുന്നതിനായി കള്ളപ്പണം തടയുന്നതിനാണ് സീക്രട്ട് സർവീസിന് അന്ന് രൂപം നൽകിയത്. ആഭ്യന്തരയുദ്ധത്തിന്‍റെ അവസാനത്തോടെ, പ്രചാരത്തിലുണ്ടായിരുന്ന കറൻസിയുടെ ഏതാണ്ട് മൂന്നിലൊന്ന് കള്ളപ്പണമായിരുന്നു. തൽഫലമായി, രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിരത അപകടത്തിലായി. ഈ ആശങ്ക പരിഹരിക്കുന്നതിനായി, വ്യാപകമായ കള്ളപ്പണം അടിച്ചമർത്താൻ ട്രഷറി വകുപ്പിൽ ഒരു ബ്യൂറോ ആയിട്ടാണ് 1865-ൽ സീക്രട്ട് സർവീസ് സ്ഥാപിക്കപ്പെട്ടത്.
1901-ൽ അന്നത്തെ പ്രസിഡന്‍റായിരുന്ന വില്യം മക്കിൻലിയുടെ കൊലപാതകത്തെ തുടർന്ന്, അമേരിക്കൻ പ്രസിഡന്‍റിന്‍റെ മുഴുവൻ സമയ സംരക്ഷണ ചുമതല സീക്രട്ട് സർവീസിന് നൽകപ്പെട്ടു. കാലക്രമേണ, നിയമനിർമാണം, പ്രസിഡൻഷ്യൽ ഉത്തരവുകൾ, ഹോംലാൻഡ് സെക്യൂരിറ്റി ഉത്തരവുകൾ, ദേശീയ സുരക്ഷാ ഉത്തരവുകൾ തുടങ്ങിയ നിരവധി ഔദ്യോഗിക നടപടികളിലൂടെ ഈ സംരക്ഷണ ദൗത്യം വിപുലീകരിച്ചു.
യുണൈറ്റഡ് സ്റ്റേറ്റ്സ് സീക്രട്ട് സർവീസ് യൂണിഫോംഡ് ഡിവിഷനാണ് വൈറ്റ് ഹൗസ് കോംപ്ലക്സും നേവൽ ഒബ്സർവേറ്ററിയും സംരക്ഷിക്കുന്നു. 1970 മുതൽ, യൂണിഫോംഡ് ഡിവിഷൻ വാഷിങ്‌ടൻ, ഡിസി ഏരിയയിലും ചുറ്റുപാടുമുള്ള വിദേശ എംബസികളും കോൺസുലേറ്റുകളും സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തവും വഹിക്കുന്നു.
1998 മേയ് 20-ന് പുറപ്പെടുവിച്ച പ്രസിഡൻഷ്യൽ ഡിസിഷൻ ഡയറക്‌ടീവ് 62 (PDD 62) സീക്രട്ട് സർവീസിന്റെ സംരക്ഷണ ദൗത്യത്തിന് ഒരു പുത്തൻ അധ്യായം ആരംഭിച്ചു. ഈ ഉത്തരവിലൂടെ, ദേശീയ പ്രത്യേക സുരക്ഷാ പരിപാടികൾ (എൻഎസ്എസ്ഇ) എന്നറിയപ്പെടുന്ന സുരക്ഷാ പദ്ധതികളുടെ വികസനവും നടപ്പാക്കലും ഏകോപിപ്പിക്കുന്നതിനുള്ള പ്രധാന ഫെഡറൽ ഏജൻസിയായി സ്ക്രീട്ട് സർവീസിന് നിയോഗിച്ചു.
പ്രസിഡൻഷ്യൽ ഡിസിഷൻ ഡയറക്‌ടീവ് 62 പ്രധാന വ്യവസ്ഥകൾ പ്രകാരം പ്രധാന രാഷ്ട്രീയ പാർട്ടികളുടെ കൺവെൻഷനുകൾ, പ്രസിഡന്‍റിന്‍റെ സ്ഥാനാരോഹണം പോലുള്ള പ്രധാന ദേശീയ ചടങ്ങുകളിലെ സുരക്ഷാ ചുമതലകൾ, അമേരിക്കയിലൽ നടക്കുന്ന ലോക നേതാക്കളുടെ ഉച്ചകോടികൾ, യുണൈറ്റഡ് നേഷൻസ് ജനറൽ അസംബ്ലി പോലുള്ള രാജ്യാന്തര സംഘടനകളുടെ യോഗങ്ങൾ, പ്രധാന ദേശീയ രാജ്യാന്തര കായിക മത്സരങ്ങൾ, ദേശീയ നേതാക്കളുടെ അന്ത്യകർമ്മങ്ങളിലെ സുരക്ഷ, ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകാൻ സാധ്യതയുള്ള മറ്റ് സംഭവങ്ങളിൽ എല്ലാം തന്നെ സുരക്ഷ ഉറപ്പാക്കുന്നതിന് സീക്രട്ട് സർവീസിന് അധികാരമുണ്ട്.