യുഎസ് തിരഞ്ഞെടുപ്പ്: യുവാക്കളുടെ വോട്ടർ റജിസ്ട്രേഷനിൽ വർധന
Mail This Article
വാഷിങ്ടൻ ∙ 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് യുവാക്കളിൽ വലിയ താല്പര്യം സൃഷ്ടിച്ചിരിക്കുകയാണ്. പ്രസിഡന്റ് ജോ ബൈഡൻ മത്സരത്തിൽ നിന്ന് പിന്മാറുകയാണെന്നറിയിച്ചതിനു ശേഷം ഉള്ള 48 മണിക്കൂറിനുള്ളിൽ 38500 വോട്ടർ റജിസ്ട്രേഷനുകൾ നടന്നു. ഇവരിൽ 85% വും 35 വയസിൽ താഴെ ഉള്ളവരാണ്. 18 വയസുള്ളവർ മാത്രം 18% വരും. സാധാരണയായി റജിസ്‌ട്രേഷൻ നടത്തുന്നവരിൽ 80% വോട്ടു ചെയ്യുകയാണ് പതിവ്.
മുൻ പ്രസിഡന്റ് ട്രംപിനെയും ഒഹായോ സെനറ്റർ ജെ ഡി വാൻസിനെയും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനാർഥികളായി റിപ്പബ്ലിക്കൻ പാർട്ടി പ്രഖ്യാപിച്ച ആഴ്ച അവസാനം 27077 പേർ റജിസ്റ്റർ ചെയ്തു. 2020 തിരഞ്ഞെടുപ്പിൽ ഏതാണ്ട് 48% 18 മുതൽ 29 വയസു വരെ പ്രായമുള്ളവർ വോട്ടു ചെയ്തു. 65 മുതൽ 74 വയസ്സു വരെ പ്രായക്കാർ 73% തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചു. 2016 ൽ 40% യുവാക്കൾ മാത്രമേ വോട്ടവകാശം ഉപയോഗിച്ചുള്ളൂ എന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്.
വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ സ്ഥാനാർഥിത്വം ഏതാണ്ട് ഉറപ്പാക്കുന്നതിന് മുൻപ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 2020 ന്റെ ഒരു റീമാച്ചായി മാത്രമേ പലരും കരുതിയിരുന്നുള്ളു. അതനുസരിച്ചു വോട്ട് ചെയ്യുവാനുള്ള താല്പര്യം പലരിലും കുറവായിരുന്നു. എന്നാൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി കമല ഹാരിസ് വരും എന്ന വാർത്ത ഒരു വലിയ ശതമാനം വോട്ടർമാരിൽ താൽപ്പര്യം ഉണർത്താൻ പര്യാപ്‌തമായതായാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.
80 ലക്ഷം പേരാണ് 18 വയസ്സുകാരായോ 18 തികഞ്ഞവരായോ നവംബർ 5 നു പോളിങ് സ്റ്റേഷനുകളിൽ എത്തുക. പുതിയ റജിസ്ട്രേഷനുകൾ ഇവരുടെ വർധിച്ചു വരുന്ന താല്പര്യം വ്യക്തമാക്കുന്നു. പുതിയ അഭിപ്രായ സർവേകളിൽ ഹാരിസും ട്രംപും തമ്മിൽ ജനപിന്തുണയ്ക്കു വലിയ അന്തരം കാണുന്നില്ല. റോയിട്ടേഴ്‌സ്/ഇപ്‌സോസ് പോളിൽ ഹാരിസിന് 44 %വും ട്രംപിന് 42%വും പറയുന്നു. എന്നാൽ എൻ പി ആർ/പി ബി എസ് ന്യൂസ്/മാറിസ്ററ് നാഷണൽ പോളിൽ ട്രംപിന് 46% വും ഹാരിസിന് 45% വും ആണ് പിന്തുണ.
ടെക്സാസ് ലെഫ്. ഗവർണർ ഡാൻ പാട്രിക് ഹാരിസിനെതിരെ വലിയ വിമർശനം ഉന്നയിച്ചു. ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് നോമിനി ആകാനുള്ള വിധം വളരെ വേഗം ഹാരിസ് ഉയർന്നു വന്നത് ന്യൂന പക്ഷങ്ങളെ ഉൾക്കൊള്ളാനുള്ള അമേരിക്കയുടെ നിയമങ്ങളാണെന്നു പാട്രിക് പറഞ്ഞു. ട്രംപിന്റെ ടെക്സസിലെ തിരഞ്ഞെടുപ്പ് പ്രചാരണ തലവനാണ് പാട്രിക്.