കമലയുടെ നേതൃത്വം രാജ്യത്തിന് അനിവാര്യം; പിന്തുണയുമായി ഒബാമയും മിഷേലും
Mail This Article
വാഷിങ്‌ടൻ, ഡിസി ∙ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായി പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്ന കമല ഹാരിസിന് മുൻ യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമയും ഭാര്യ മിഷേൽ ഒബാമയും പിന്തുണ പ്രഖ്യാപിച്ചു. "ഈ ആഴ്ച, മിഷേലിനൊപ്പം കമലാ ഹാരിസിനെ വിളിച്ചപ്പോൾ, അവർ അമേരിക്കയുടെ അടുത്ത പ്രസിഡന്‍റ് ആകാൻ അർഹയാണെന്ന് ഞങ്ങൾ വ്യക്തമാക്കി. അവരുടെ നേതൃത്വം നമ്മുടെ രാജ്യത്തിന് അനിവാര്യമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. നവംബറിലെ തിരഞ്ഞെടുപ്പിൽ അവരെ വിജയിപ്പിക്കാൻ, നമുക്ക് ഒന്നിച്ചു പ്രവർത്തിക്കാം. നിങ്ങളുടെ പിന്തുണ ഞങ്ങൾക്ക് വളരെ പ്രധാനമാണ്.’’ – കമലയുമായി നടത്തിയ സംഭാഷണത്തിന്‍റെ വിഡിയോ പങ്കുവച്ച് കൊണ്ട് ബരാക് ഒബാമ സമൂഹ മാധ്യമത്തിൽ എഴുതി.
തിരഞ്ഞെടുപ്പിൽ കമലയെ വിജയിപ്പിക്കാൻ സാധ്യമാകുന്ന എല്ലാ സഹായവും ബരാക് ഒബാമയും മിഷേലും കമല ഹാരിസിന് വാഗ്ദാനം ചെയ്തു. ഇരുവരുടെയും പിന്തുണയ്ക്ക് കമല നന്ദി പറഞ്ഞു. യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ മത്സരത്തിൽ നിന്ന് മാറിയതിന് ശേഷം കമലാ ഹാരിസിനെ പ്രസിഡന്‍റ് സ്ഥാനർഥിയായി ഔദ്യോഗികമായി അംഗീകരിച്ച പ്രധാന ഡെമോക്രാറ്റിക് പാർട്ടി നേതാക്കളിൽ ഒരാളാണ് ഒബാമയും ഉൾപ്പെടുന്നു. ഭൂരിഭാഗം കോൺഗ്രസ് ഡെമോക്രാറ്റുകളിൽ നിന്നും ഗവർണർമാരിൽ നിന്നും കമല ഇതിനകം പിന്തുണ നേടിയിട്ടുണ്ട്.