ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടു, പ്രണയം കെണിയായി; ഫാബിയോള തോമസ് കൊലക്കേസിൽ ശിക്ഷ വിധിച്ച് കോടതി
Mail This Article
റോസ്‌വെൽ ∙ പ്രണയം അവസാനിപ്പിക്കാൻ തീരുമാനിച്ചതിനെ തുടർന്നുണ്ടായ വൈര്യാഗത്തിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് പരോൾ ഇല്ലാത്ത ജീവപര്യന്തം തടവ്. അമേരിക്കയിലെ ജോർജിയയിൽ ഫാബിയോള തോമസ് കൊലക്കേസിലാണ് പ്രതി അന്റോനിയോ വിൽസണിന് ഫുൾട്ടൺ കൗണ്ടി കോടതി ശിക്ഷ വിധിച്ചത്.
2019 ജൂൺ എട്ടിന് അമേരിക്കയിലെ ജോർജിയയിൽ റോസ്‌വെല്ലിലെ അപ്പാർട്ട്‌മെന്‍റിലെ കുളിമുറിയിൽ അബോധാവസ്ഥയിൽ ഫാബിയോള തോമസിനെ (39) കണ്ടെത്തിതായി റൂംമേറ്റാണ് പൊലീസിനെ അറിയിച്ചത്. ഫാബിയോളയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റൂംമേറ്റിന്‍റെ മൊഴിയെടുത്ത പൊലീസ് 2019 ജൂൺ എട്ടിന് തന്നെ അന്വേഷണം ആരംഭിച്ചു.
കൊലപാതകമാണ് മരണകാരണമെന്ന വൈദ്യപരിശോധന ഫലം ലഭിച്ചതോടെ യുവതിയുമായി പരിചയമുള്ളവരിലേക്ക് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. തുടർന്നുള്ള അന്വേഷണത്തിൽ പ്രതി അന്റോനിയോ വിൽസൺ (38) ആണെന്ന് പൊലീസിന് തെളിവുകൾ ലഭിച്ചു.
ഇരുവരും ഡേറ്റിങ് ആപ്പിലൂടെയാണ് പരിചയപ്പെട്ടത്. കൊല്ലപ്പെട്ട ദിവസം അന്റോനിയോയെ ഫാബിയോള 'അൺഫ്രണ്ട്' ചെയ്തതായും പൊലീസ് കണ്ടെത്തി. ബന്ധം അവസാനിപ്പിക്കണമെന്ന് ഫാബിയോള ആവശ്യപ്പെട്ടതാണ് കൊലപാതക കാരണമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇതിൽ പ്രകോപിതനായ പ്രതി ക്രൂരകൃത്യം നടത്തുകയായിരുന്നുവെന്ന് കോടതി കണ്ടെത്തി.