കമല ഹാരിസുമായി സംവാദത്തിന് തയാറല്ലെന്ന് ഡോണൾഡ് ട്രംപ്
Mail This Article
വാഷിങ്ടൻ ∙ യുഎസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ജോ ബൈഡനും റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപും തമ്മിൽ രണ്ടു ഡിബേറ്റുകളാണ് മുൻപ് തീരുമാനിച്ചിരുന്നത്. ഒന്നാമത്തെ ഡിബേറ്റിനു ശേഷം ബൈഡൻ മത്സരത്തിൽ നിന്ന് പിന്മാറണമെന്ന മുറവിളി കൂടുതൽ ശക്തമായതിനെ തുടർന്ന് ബൈഡൻ പിന്മാറുകയും പകരം വൈസ് പ്രസിഡന്റ് കമല ഹാരിസ് മത്സരിക്കുമെന്ന് ഡെമോക്രാറ്റിക് പാർട്ടി ഏതാണ്ട് തീരുമാനിച്ചിരിക്കുകയുമാണ്.
സ്ഥാനാർത്ഥികൾ തമ്മിൽ നടക്കേണ്ട രണ്ടാമത്തേതും അവസാനത്തേതുമായ സംവാദം സെപ്റ്റംബർ 10 നാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ കമല ഹാരിസുമായി ഒരു ഡിബേറ്റിനു താൻ സന്നദ്ധൻ അല്ല എന്ന് നേരത്തെ അറിയിച്ചിരുന്ന ട്രംപ് അതെ നിലപാടിൽ തന്നെ തുടരുകയാണ്.
ട്രംപിന്റെ ഈ നിലപാടിനെതിരെ രംഗത്ത് എത്തിരിക്കുകയാണ് കമല ഹാരിസിന്റെ പ്രചാരണ വിഭാഗം. അതേസമയം വാക്ക് പാലിച്ച് ഡിബേറ്റിൽ പങ്കെടുക്കേണ്ടത് ട്രംപിന്റെ ഉത്തരവാദിത്തം ആണ്. എന്തെങ്കിലും മുടന്തൻ ന്യായങ്ങൾ ഉന്നയിച്ച് സംവാദത്തിൽ നിന്ന് പിൻവലിയുകയാണെങ്കിൽ ട്രംപിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടും.
ഫോക്സ് ബിസിനസ് ചാനലിൽ തനിക്കു കമല ഹാരിസുമായി ഡിബേറ്റ് നടത്തേണ്ട ആവശ്യം ഇല്ല എന്ന് ട്രംപ് പറഞ്ഞതാണ് കമല ഹാരിസിന്റെ പ്രചാരണ വിഭാഗത്തെ ചൊടിപ്പിച്ചത്. അതേസമയം ട്രംപിന് നേരിട്ട് ഹാരിസുമായി സംവാദം നടത്താൻ ഭയമാണന്നാണ് പ്രചാരണ വിഭാഗത്തിന്റെ പ്രതികരണം. തനിക്ക് ലഭിച്ച പിന്തുണയിൽ ട്രംപ് വിരണ്ടു പോയി എന്ന് അറ്റ്ലാന്റയിൽ സംഘടിപ്പിച്ച റാലിയിൽ കമല ഹാരിസ് പറഞ്ഞു.
രണ്ടാഴ്ചക്കുള്ളിൽ ട്രംപിന് ബൈഡനു മേൽ ഉണ്ടായിരുന്ന മുൻകൈ കമല ഹാരിസിന്റെ വരവോടെ നഷ്ടമായി എന്നാണ് സർവേകൾ പറയുന്നത്. വെള്ളിയാഴ്ച ഫൈവ് തേർട്ടി എയിറ്റ് സർവേയിൽ ഹാരിസിന് 45% വും ട്രംപിന് 43.5% പിന്തുണയാണ് പ്രവചിച്ചത്. ട്രംപിന്റെയും ജെഡി വാൻസിന്റെയും ടീമിനെ വിചിത്രമെന്ന് കമല ഹാരിസിന്റെ പ്രചാരണ സംഘം വിശേഷിപ്പിച്ചതാണ് പുതിയ വാക്പോരിനു തുടക്കം കുറിച്ചത്.