ഡെമോക്രാറ്റിക് പ്രൈമറിയിൽ ഇന്ത്യൻ വംശജൻ ഡോ അമിഷ് ഷായ്ക്ക് വിജയം
Mail This Article
ഫീനിക്സ് (അരിസോന) ∙ അരിസോനയിൽ ഡെമോക്രാറ്റിക് ജനപ്രതിനിധിസഭയിലേക്കു മത്സരിക്കാനുള്ള ഉൾപാർട്ടി തിരഞ്ഞെടുപ്പിൽ (പ്രൈമറികൾ) ഇന്ത്യൻ അമേരിക്കൻ ഫിസിഷ്യൻ അമിഷ് ഷായ്ക്ക് (47) വിജയം. അരിസോനയിൽ വ്യാഴാഴ്‌ച നടന്ന ആദ്യത്തെ കോൺഗ്രസ്സ് ഡിസ്ട്രിക്റ്റ് തിരഞ്ഞെടുപ്പിൽ മുഖ്യ എതിരാളിയായ ആൻഡ്രി ചെർണിയെ പരാജയപ്പെടുത്തിയാണ് അമിഷ് വിജയിച്ചത്. ഇതോടെ ഏഴ് തവണ വിജയിച്ച നിലവിലെ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ഡേവിഡ് ഷ്‌വെയ്‌കെർട്ടുമായി അമിഷ് നവംബറിൽ മൽസരിക്കും.
തിരഞ്ഞെടുപ്പിൽ 1,629 വോട്ടുകളുടെ ലീഡാണ് അമിഷ് നേടിയത്. മുൻ അസിസ്റ്റന്റ് അറ്റോർണി ജനറലും അരിസോന ഡെമോക്രാറ്റിക് പാർട്ടിയുടെ മുൻ ചെയർമാനുമായ ആൻഡ്രി ചെർണിയെ ഏകദേശം മൂന്ന് ശതമാനം പോയിന്റിന് പിന്നിലാക്കിയാണ് അമിഷ് വിജയിച്ചത്. ഷിക്കാഗോയിൽ ജനിച്ച് വളർന്ന അമിഷ് 20 വർഷം അത്യാഹിത വിഭാഗത്തിൽ ഫിസിഷ്യനായി സേവനം ചെയ്തു.
1960കളിലാണ് അമിഷിന്റെ മാതാപിതാക്കൾ അമേരിക്കയിലേക്ക് കുടിയേറിയത്. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും നോർത്ത് വെസ്‌റ്റേൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മെഡിക്കൽ ബിരുദവും നേടിയ അദ്ദേഹം യുസി ബെർക്ക്‌ലിയിൽ നിന്ന് പബ്ലിക് ഹെൽത്തിൽ ബിരുദാനന്തര ബിരുദം നേടി. മൗണ്ട് സിനായ് മെഡിക്കൽ സെന്ററിൽ ഫാക്കൽറ്റി അംഗമായും സേവനമനുഷ്ഠിക്കുകയും അരിസോന സർവകലാശാലയിൽ സ്പോർട്സ് മെഡിസിൻ ഫെലോഷിപ്പ് പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. എമർജൻസി മെഡിസിൻ, സ്പോർട്സ് മെഡിസിൻ എന്നിവയിൽ ബോർഡ് സർട്ടിഫൈ ചെയ്തിട്ടുണ്ട്. 2019 മുതൽ, സെൻട്രൽ ഫീനിക്‌സ്, സണ്ണിസ്‌ലോപ്പ്, സൗത്ത് സ്കോട്ട്‌സ്‌ഡെയ്ൽ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിക്കുന്ന അമിഷ് മുൻ സംസ്ഥാന നിയമസഭാംഗമാണ്.