ADVERTISEMENT

ഹൂസ്റ്റണ്‍∙ യുഎസിലെ മൗണ്ട് റഷ്‌മോറില്‍ നാലു മുന്‍ പ്രസിഡന്‍റുമാരുടെ മുഖം കൊത്തിവച്ചിട്ടുണ്ട്. യു​എസിന്‍റെ ആദ്യ പ്രസിഡന്‍റ് ജോര്‍ജ് വാഷിങ്ടൻ, മൂന്നാമത് പ്രസിഡന്‍റ് തോമസ് ജെഫേഴ്‌സണ്‍, 26 –ാമത് പ്രസിഡന്‍റ് തിയഡോര്‍ റൂസ്​വെല്‍റ്റ്, 16–ാമത് പ്രസിഡന്‍റ് ഏബ്രഹാം ലിങ്കണ്‍ എന്നിവരാണ് റഷ്‌മോറില്‍ തലയെടുപ്പോടെ നില്‍ക്കുന്നത്. യുഎസിന്‍റെ ചരിത്രത്തില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിത്വങ്ങളാണ് ഈ നാലു പേരും എന്നതില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. ഇവരുടെ ഗണത്തിലേക്ക് പ്രസിഡന്‍റ് ജോ ബൈഡന്‍ കൂടി വന്നാലോ? 

ട്രോള്‍ ആണോ എന്ന് സംശയിച്ചു പോകും അല്ലേ. മുന്‍ സ്പീക്കര്‍ നാന്‍സി പെലോസി ഇത്തരമൊരു ആവശ്യം ഉന്നയിച്ചപ്പോള്‍ സംഗതി കോമഡി ആണോ എന്നാണ് പലരും സംശയിച്ചത്. എന്നാല്‍ താന്‍ 'സീരിയസ്' ആണെന്നാണ് നാന്‍സി പറയുന്നത്. അതിനു കാരണവും അവര്‍ പറയുന്നുണ്ട്. ജോ ബൈഡന് ആദരവായാണ് അദ്ദേഹത്തെ മൗണ്ട് റഷ്മോറില്‍ കൊത്തി വയ്ക്കണമത്രേ. ബൈഡന്‍ അത്രമാത്രം 'മികച്ച പ്രസിഡന്‍റ്' ആണെന്ന് നാന്‍സി പറയുന്ന ഒരു വിഡിയോ ക്ലിപ്പ് സിബിഎസാണ് പുറത്തുവിട്ടത്. 

സിബിഎസ് പുറത്തിറക്കിയ ക്ലിപ്പില്‍, മൗണ്ട് റഷ്മോറില്‍ കൊത്തിയെടുത്ത മുഖങ്ങളിലേക്ക് ബൈഡനെ കൂടി ചേര്‍ക്കാനാണ് നാൻസി പെലോസി നിര്‍ദ്ദേശിക്കുന്നത്.  ജോ ബൈഡനെതിരേ അടുത്തിടെ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നടന്ന ആഭ്യന്തര പോരിൽ തന്‍റെ നിലപാട്  സ്വയം പ്രതിരോധിച്ചതിന് ശേഷമാണ് ബൈഡനെ പ്രശംസിച്ച് നാന്‍സി പെലോസി രംഗത്തുവന്നത് എന്നത് ശ്രദ്ധേയമാണ്. 

  1942-ല്‍ റഷ്‌മോറിലെ കൊത്തുപണികള്‍ പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിനു ശേഷമാണ് ബൈഡന്‍ ജനിച്ചത് എന്നതാണ് കൗതുകകരമായ മറ്റൊരു വസ്തുത. 

പ്രസിഡന്‍ഷ്യല്‍ മത്സരത്തില്‍ നിന്ന് ബൈഡനെ ഒഴിവാക്കുന്നതിന് തിരശ്ശീലയ്ക്ക് പിന്നില്‍ നാന്‍സി പെലോസി ചരട് വലിച്ചെന്ന് കിംവദന്തികള്‍ ഉയര്‍ന്നിരുന്നു. ബൈഡനും ഡോണാള്‍ഡ് ട്രംപും തമ്മിലുള്ള സംവാദത്തിനു ശേഷം പെലോസി ബൈഡനെ പിന്തുണച്ചിരുന്നു. എന്നാല്‍ റീറണ്ണിനെക്കുറിച്ച് തീരുമാനിക്കേണ്ടതുണ്ടെന്ന് പരസ്യമായി പ്രഖ്യാപിക്കുകുയും ചെയ്തു. കോണ്‍ഗ്രസിലെ അവരുടെ അടുത്ത സുഹൃത്തുക്കളായ പ്രതിനിധികളായ ആദം ഷിഫ് (ഡി-കാലിഫ്.), സോ ലോഫ്‌ഗ്രെന്‍ (ഡി-കാലിഫ്.) തുടങ്ങിയവര്‍  ഇതിനു പിന്നാലെ ബൈഡന്‍ മത്സരിക്കുന്നതിന് എതിരെ  രംഗത്ത് വന്നിരുന്നു

∙ ബൈഡനെതിരേ നിലകൊണ്ടില്ല
സിബിഎസ് ഷോയില്‍, വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ബൈഡനെ പ്രേരിപ്പിച്ച ഡെമോക്രാറ്റിക് ഉള്‍പാര്‍ട്ടി കലാപത്തിന്‍റെ ഭാഗമാണെന്ന എല്ലാ ആരോപണങ്ങളും  നാൻസി പെലോസി നിഷേധിച്ചു. താന്‍ ഒരു സമ്മര്‍ദ്ദ ഗ്രൂപ്പിന്‍റെയും പ്രചാരണത്തിന്‍റെയും നേതാവായിരുന്നില്ലെന്നാണ് നാൻസി പെലോസി അവകാശപ്പെട്ടത്. താന്‍ ഇതുമായി ബന്ധപ്പെട്ട് ഒരാളെ പോലും വിളിച്ചിട്ടില്ല. ഇത് തനിക്ക് എപ്പോഴും ബൈഡനോട് പറയാന്‍ സാധിക്കുമെന്നും ഷോയില്‍ പെലോസി അവകാശപ്പെടുന്നു. 

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഭാവിക്കായി ബൈഡന്‍ പ്രസിഡന്‍ഷ്യല്‍ മത്സരത്തില്‍ നിന്ന് പിന്മാറണമെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു അവരുടെ മറുപടി. ബൈഡന്‍ എന്തു തീരുമാനിക്കുന്നോ അതിനൊപ്പം അടിയുറച്ചു നില്‍ക്കുമായിരുന്നു എന്നും അവര്‍ പറയുന്നു. 

English Summary:

Nancy Pelosi suggests Joe Biden's name for Mount Rushmore, netizens react: ‘They’re going nuts’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com