നിർണായക സംസ്ഥാനങ്ങളിൽ ട്രംപോ കമലയോ?; സൂചനയുമായി സർവേ ഫലം
Mail This Article
ഹൂസ്റ്റണ്‍∙ യുഎസ് തിരഞ്ഞെടുപ്പില്‍ നിര്‍ണായക പങ്കുവഹിക്കുന്ന സംസ്ഥാനങ്ങളാണ് അരിസോന, ജോർജിയ, നെവാഡ, നോർത്ത് കാരോലൈന എന്നിവ. ഈ സംസ്ഥാനങ്ങളിൽ പ്രസിഡന്‍റ് ജോ ബൈഡന്‍ ഡെമോക്രാറ്റിക് നോമിനിയായിരുന്നപ്പോള്‍ എതിരാളിയായിരുന്ന യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മേധാവിത്വം പുലർത്തിയിരുന്നു. എന്നാല്‍ വൈസ് പ്രസിഡന്‍റ് കമലാ ഹാരിസ് സ്ഥാനാര്‍ഥിയായതോടെ പോരാട്ടം കടുത്തതാകുന്നു എന്ന സൂചനയാണ് പുറത്തുവരുന്നത്.
ന്യൂയോര്‍ക്ക് ടൈംസിന്‍റെയും സിയീന കോളജിന്‍റെയും പുതിയ വോട്ടെടുപ്പുകള്‍ പ്രകാരം കമല ഹാരിസ് മികച്ച പ്രകടനമായി നടത്തുന്നത്. അരിസോനയിൽ കമല മേധാവിത്വം നേടിക്കഴിഞ്ഞു. 50 ശതമാനം പേരുടെ പിന്തുണയാണ് കമല ഹാരിസിന് ലഭിക്കുന്നത്. 45 ശതമാനം പേർ ട്രംപിനെ പിന്തുണയ്ക്കുന്നു.
നോർത്ത് കാരോലൈനയിലും കമല ഹാരിസ്, ട്രംപിനെക്കാള്‍ മുന്നിലാണ്. നാല് വര്‍ഷം മുൻപ് ട്രംപ് വിജയിച്ച സംസ്ഥാനങ്ങളായ ജോര്‍ജിയയിലും നെവാഡയിലും ലീഡ് ഗണ്യമായി കുറയ്ക്കാനും കമലാ ഹാരിസിന് കഴിയുമെന്നാണ് സർവേ ഫലങ്ങൾ. ഇത് വരാനിരിക്കുന്ന തിരിച്ചടിയുടെ സൂചനയാണോ എന്ന ആശങ്കയാണ് ട്രംപ് ക്യാംപ് ഉയര്‍ത്തുന്നത്. ഓഗസ്റ്റ് 8 മുതല്‍ 15 വരെ നടത്തിയ സര്‍വേകളില്‍ നാല് സണ്‍ ബെല്‍റ്റ് സംസ്ഥാനങ്ങളില്‍ ശരാശരി 48 ശതമാനം വീതം വോട്ടാണ് ഇരുവർക്കും ലഭിക്കുകയെന്ന് സൂചിപ്പിക്കുന്നത്.
നോർത്ത് കാരോലൈന ഉള്‍പ്പെടാത്ത ടൈംസ്/സിയീന സണ്‍ ബെല്‍റ്റ് വോട്ടെടുപ്പിന്‍റെ മുന്‍ ഫലത്തിൽ അരിസോന, ജോര്‍ജിയ, നെവാഡ എന്നിവിടങ്ങളില്‍ ട്രംപ് 50 ശതമാനം നേടി ബൈഡനെ പിന്തള്ളിയിരുന്നു. ബൈഡനാകട്ടെ വെറും 41 ശതമാനം വോട്ട് മാത്രമാണ് അന്നു നേടാന്‍ കഴിഞ്ഞിരുന്നത്. മേയ് മാസത്തെ അപേക്ഷിച്ച് ഡെമോക്രാറ്റുകൾക്ക് കാര്യമായ പുരോഗതി ലഭിച്ചതായിട്ടാണ് ഇതു സൂചിപ്പിക്കുന്നത്.
പുതിയ സര്‍വേകളില്‍, ട്രംപ് ജോര്‍ജിയയില്‍ 50 ശതമാനം മുതല്‍ 46 ശതമാനം വരെ മുന്നിലാണ്. നെവാഡയില്‍ ഹാരിസിന് 47 ശതമാനം പിന്തുണ ലഭിച്ചപ്പോള്‍ 48 ശതമാനം ട്രംപിന് ലഭിച്ചു. നോർത്ത് കാരോലൈനയില്‍ ട്രംപിന്‍റെ 47 ശതമാനം ലഭിച്ചപ്പോള്‍ ഹാരിസിന് ലഭിച്ചത് 49 ശതമാനം പേരുടെ പിന്തുണയാണ്.
ട്രംപ് വളരെ യാഥാസ്ഥിതികനാണെന്ന് (33 ശതമാനം) പറയുന്നവരേക്കാള്‍ കൂടുതലാണ് കമല ലിബറല്‍ (43 ശതമാനം) ആണെന്ന് വിശ്വസിക്കുന്നത്. ഇത് മുന്നോട്ടു പോകുമ്പോള്‍ കമലയ്ക്ക് തിരിച്ചടിയാകുമെന്നാണ് കരുതപ്പെടുന്നത്. എന്തായാലും ഇപ്പോള്‍, നിര്‍ണായകമായ സ്വതന്ത്ര വോട്ടര്‍മാര്‍ക്കിടയില്‍ ട്രംപിനേക്കാള്‍ മുന്നിലാണ് കമല എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും.