34 വർഷം ജയിൽ ശിക്ഷ അനുഭവിച്ചയാൾ നിരപരാധിയെന്ന് ഡാലസ് കൗണ്ടി കോടതി
Mail This Article
ഡാലസ് ∙ മോഷണവും കൊലപാതക കുറ്റവും ആരോപിച്ച് 34 വർഷം ജയിൽ ശിക്ഷ അനുഭവിച്ച പ്രതി നിരപരാധിയെന്ന് ഡാലസ് കൗണ്ടി കോടതി. 1987ൽ ജെഫ്രി യങ്ങ് എന്ന തുണിക്കച്ചവടക്കാരന്റെ കാര്‍ തട്ടിയെടുത്ത്, മോഷണത്തിനു ശേഷം അയാളെ കൊലപ്പെടുത്തിയ കേസിൽ ബെഞ്ചമിന്‍ സ്പെന്‍സറിന് (59) കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.
ബെഞ്ചമിനെതിരെ തെളിവുകൾ ഒന്നും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നില്ല. മൂന്ന് സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലാണ് 22-ാം വയസ്സിൽ ബെഞ്ചമിന്‍ മോഷണത്തിനും കൊലപാതക കുറ്റത്തിനും ശിക്ഷിക്കപ്പെടുന്നത്.
20 വർഷത്തെ നിയമപോരാട്ടത്തിന് ശേഷം, 2021 മാര്‍ച്ച് 11നാണ് ഡാലസ് കൗണ്ടി ഡിസ്ട്രിക്ട് അറ്റോര്‍ണി ഓഫിസ് ജഡ്ജി ഇയാളെ വിട്ടയക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി ബെഞ്ചമിന്‍ ജയിൽ മോചിതനാണ്. അതേസമയം ശിക്ഷിക്കപ്പെട്ട് 37 വർഷങ്ങൾക്ക് ശേഷമാണ് ബെഞ്ചമിൻ സ്പെൻസർ നിരപരാധിയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.