ADVERTISEMENT

ഫിലാഡൽഫിയ ∙   സെപ്തംബർ പത്തിനാണ് ഡമോക്രാറ്റിക്‌ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി വൈസ് പ്രസിഡന്റ് കമല ഹാരിസും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി മുൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപും നേരിട്ട് നടത്തുന്ന സംവാദം നടക്കുക. അവസാന നിമിഷത്തിലും രണ്ടു പേരിൽ ആരെങ്കിലും എന്തെങ്കിലും കാരണം പറഞ്ഞു ഡിബേറ്റ് നടക്കാതിരിക്കാനോ മാറ്റി വയ്ക്കുവാനോ സാധ്യത ഉണ്ടെങ്കിലും ഡിബേറ്റ് നടക്കുമെന്ന് തന്നെയാണ് പൊതുവിൽ പ്രതീക്ഷിക്കുന്നത്.

എ ബി സി ചാനലാണ് ആതിഥേയത്വം വഹിക്കുക. ഹാരിസ് നേരത്തെ തന്നെ ഈ ഡിബേറ്റിനു സമ്മതം മൂളിയിരുന്നു. ട്രംപ് വളരെ വൈകി 'അര' മനസോടെ സമ്മതിച്ചിട്ടുണ്ട്.  ഹാരിസിനെ സംബന്ധിച്ചിടത്തോളം അവരുടെ വലിയ നേട്ടം പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്നതാണ്. ഇത് പല പ്രാവശ്യം പലവേദികളിൽ അവർ ഊന്നൽ നൽകി അവതരിപ്പിച്ചിട്ടുണ്ട്.

വൈസ് പ്രസിഡന്റായി നേട്ടങ്ങൾ വലിയതായി നിരത്തുവാനില്ല. വൈസ് പ്രസിഡന്റ് എന്ന നിലയിൽ അവർക്കു ശോഭിക്കുവാൻ ഏറെ അവസരം പ്രസിഡന്റ് നൽകിയില്ല. കുടിയേറ്റം, തെക്കൻ അതിർത്തി കൈകാര്യം ചെയ്യൽ എന്നീ വിഷയങ്ങൾ മാത്രമാണ് അവർക്കു ചൂണ്ടിക്കാണിക്കുവാൻ ഉള്ളത്. വിവാദമായ ഗർഭഛിദ്ര ബിൽ അവർക്കു താൽപ്പര്യം ഉള്ള വിഷയമാണ്. പക്ഷെ പ്രശ്നത്തിൽ വർഷങ്ങളായി തുടരുന്ന അനിശ്ചിതത്വം അവർക്കു കാര്യമായി എന്തെങ്കിലും ചെയ്യാൻ അനുവദിച്ചിരുന്നില്ല. വളരെ അപൂർവം വൈസ് പ്രസിഡന്റുമാർ ഒഴികെ ആർക്കും ആ പദവിയിൽ തിളങ്ങാൻ കഴിഞ്ഞിട്ടില്ല.

 ഹാരിസിന് ഇത്ര വേഗം  നറുക്കു വീഴുമെന്ന്‌ അവർ പോലും  പ്രതീക്ഷിച്ചിട്ടില്ല.  മാനസീകമായി പോലും  ഒരുങ്ങാൻ കഴിയാതിരുന്ന ഒരു മുഹൂർത്തത്തിലാണ് ഒബാമയും പെലോസിയും മറ്റു നേതാക്കളും പ്രസിഡന്റിന് മേൽ സമ്മർദ്ദം ചെലുത്തി അദ്ദേഹത്തെ മത്സരത്തിൽ നിന്ന് പിന്തിരിപ്പിച്ചത്. എ ബി സി നെറ്റ് വർക്കും അവതാരകരും എല്ലാം ഹാരിസിനും ഡെമോക്രാറ്റിക്‌ പാർട്ടിക്കും കറുത്ത വർഗക്കാർക്കും വലിയ പിന്തുണ നൽകുന്നുണ്ട്.

ഹാരിസിന് ആശങ്കപ്പെടേണ്ടതായി ഒന്നും ഇല്ല. പക്ഷെ ട്രംപിന്റെ കാര്യത്തിലെന്ന പോലെ ഹാരിസ് സ്വയം നിയന്ത്രിക്കേണ്ടതുണ്ട്. എതിരാളിയോട് പരിഹാസപരമായ സമീപനവും ഒരു കാരണവും ഇല്ലാതെയുള്ള പൊട്ടിച്ചിരിയും വിമർശനവിധേയമായിട്ടുള്ളതാണ്. ഇക്കാര്യത്തിൽ മിതത്വം പാലിക്കുവാൻ കഴിയണം. ബഹുമാനം തീരെ നൽകാത്ത സമീപനമാണ് ട്രംപ് പലപ്പോഴും സ്വീകരിക്കുക. ഒരു ഡിബേറ്റിൽ പൊതുവേദിയിൽ ഇങ്ങനെ ചെയ്താൽ സ്വയം അപഹാസ്യനായി മാറുകയേ ഉള്ളൂ.

ആദ്യ ഡിബേറ്റിൽ സംയമനം പാലിച്ചതാണ് ട്രംപിന് വലിയ തോതിൽ ഗുണകരമായത്. അതിന്റെ ഫലമായാണ് പ്രസിഡന്റിന്റെ ഗ്രാഫ് വല്ലാതെ താഴ്ന്നതും മത്സരത്തിൽ നിന്ന് മാറി നിൽക്കാൻ സ്വന്തം പാർട്ടിക്കാർ പോലും ആവശ്യപ്പെട്ടതും. തന്നെ സ്വയം നിയന്ത്രിക്കുവാൻ ട്രംപിന് കഴിഞ്ഞാൽ വലിയ നേട്ടം ആയിരിക്കും. സാധാരണ കണ്ടു വന്നിരുന്നത് പാർട്ടികളുടെ ദേശീയ കൺവെൻഷൻ കഴിയുകയും നോമിനേഷൻ ലഭിക്കുകയും ചെയ്തു കഴിഞ്ഞാൽ സ്ഥാനാർഥിയുടെ ജനപിന്തുണ വല്ലാതെ ഉയരുന്നതാണ്. ഹാരിസിന്റെ കാര്യത്തിൽ ഇങ്ങനെ സംഭവിച്ചില്ല.

ഹാരിസിന്റെ പ്രചാരണസംഘം ഇത് ഗൗരവമായി ചിന്തിക്കേണ്ടതാണ്. ട്രംപ് വിരോധവും കാലിഫോർണിയയിൽ പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്ന വെളിപ്പെടുത്തലും കഴിഞ്ഞ ആറ് വർഷമായി വോട്ടർമാർ കേൾക്കുന്നതാണ്. ഇന്സുലിന് ഉപയോഗിക്കുന്ന ഡയബെറ്റിസ് രോഗികൾക്ക് ഇന്സുലിന് വേണ്ടി നൽകേണ്ട കോ-പേ 35 ഡോളറിൽ കൂടില്ല എന്ന ജനക്ഷേമ പ്രഖ്യാപനവും പ്രസിഡന്റിൽ നിന്ന് കേട്ടിട്ട് വര്ഷം രണ്ടായി. ഇതിൽ കൂടുതലായി ജനക്ഷേമ പരിപാടികൾ ഒന്നും മുന്നോട്ടു വയ്ക്കാനില്ല എന്നത്   തികഞ്ഞ പാപ്പരത്വമായി എതിരാളികൾ ചൂണ്ടിക്കാട്ടുന്നു.

English Summary:

Harris-Trump debate on september 10th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com