ടെയ്‌ലര്‍ സ്വിഫ്റ്റ് ആര്‍ക്കൊപ്പം?; കമലയ്ക്ക് വേണ്ടി പ്രചാരണവുമായി ആരാധകർ
Mail This Article
ഹൂസ്റ്റണ്‍∙ കഴിഞ്ഞ ആഴ്ച ഡെമോക്രാറ്റിക് നാഷനല്‍ കണ്‍വെന്‍ഷനില്‍ നിരവധി താരങ്ങൾ വൈസ് പ്രസിഡന്‍റും പ്രസിഡന്‍റ് സ്ഥാനാര്‍ഥിയുമായ കമല ഹാരിസിന് പിന്തുണ പ്രഖ്യാപിച്ച് എത്തിയിരുന്നു. ടെലിവിഷന്‍ എക്‌സിക്യൂട്ടീവ് ഓപ്ര വിന്‍ഫ്രി, സംഗീതജ്ഞന്‍ സ്റ്റീവ് വണ്ടര്‍, നടി മിണ്ടി കാലിങ്, ഗായകന്‍ ജോണ്‍ ലെജന്‍ഡ് എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖരാണ് വേദി അലങ്കരിച്ചത്. എന്നാല്‍ ഒരാള്‍ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയായി. മറ്റാരുമല്ല, സാക്ഷാല്‍ ടെയ്‌ലര്‍ സ്വിഫ്റ്റ്.
2020 ല്‍, ജോ ബൈഡനെ പ്രസിഡന്‍റ് സ്ഥാനാർഥിയായി അംഗീകരിച്ചു പ്രചാരണത്തില്‍ പങ്കെടുത്ത സ്വിഫ്റ്റ് ഇക്കുറി ഇതുവരെ മനസ്സു തുറന്നിട്ടില്ല. എന്നാല്‍ അവരുടെ ചില ആരാധകര്‍ വൈസ് പ്രസിഡന്‍റ് കമലാ ഹാരിസിന് വേണ്ടി രംഗത്തിറങ്ങാനുള്ള നീക്കത്തിലാണ്. ഡെമോക്രാറ്റ് സെനറ്റര്‍മാരായ എലിസബത്ത് വാറന്‍, കിര്‍സ്റ്റണ്‍ ഗില്ലിബ്രാന്‍ഡ് എന്നിവര്‍ ഗായികയും ഗാനരചയിതാവുമായ കരോള്‍ കിങ്ങിനും മറ്റ് 15,000 പേര്‍ക്കുമൊപ്പം വിഡിയോ കോണ്‍ഫറന്‍സില്‍ കമലയുടെ സംഘാടന ശ്രമങ്ങള്‍ക്കായി ‘സ്വിഫ്റ്റീസ്’ കിക്ക്സ്റ്റാര്‍ട്ട് ചെയ്തു.
ഹാരിസ് ക്യാംപെയ്നും സഖ്യകക്ഷികളും വെളാന്‍റിയർമാരെ വേഗത്തില്‍ സമാഹരിക്കാനും പണം സ്വരൂപിക്കാനും വെര്‍ച്വല്‍ ഒത്തുചേരലുകളാണ് സ്വീകരിച്ചു വരുന്നത്. മുന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ 327 മില്യൻ ഡോളറുമായി താരതമ്യപ്പെടുത്തുമ്പോള്‍ കമല ഹാരിസ് 377 മില്യൻ ഡോളറുമായി ബഹുദൂരം മുന്നിലാണ്. അദ്ദേഹത്തിന്‍റെ ഫണ്ട് ശേഖരണം ഡെമോക്രാറ്റിക് എതിരാളികളായ ബൈഡനും ഹാരിസിനും ഇതുവരെ പിന്നിലാണ്.
കോളുമായി യാതൊരു തരത്തിലുള്ള ബന്ധവും സ്വിഫ്റ്റ് ഏറ്റെടുത്തിട്ടില്ല. കോളില്‍ പങ്കെടുക്കാന്‍ അവര്‍ എത്തിയതുമില്ല. എന്നിരുന്നാലും അവരുടെ പിന്തുണ ഉണ്ടെന്നാണ് അഫിനിറ്റി ഗ്രൂപ്പ് അവകാശപ്പെടുന്നത്. രാജ്യത്തുടനീളവും രാജ്യാന്തരവുമായ പര്യടനം നടത്തുകയും, സോള്‍ഡ് ഔട്ട് പ്രോഗ്രാമുകള്‍ നടത്തുകയും ചെയ്തതോടെ സ്വിഫ്റ്റിന്‍റെ ആരാധകര്‍ വര്‍ധിച്ചിരിക്കുകയാണ്.
സ്വിഫ്റ്റിന്‍റെ പിന്തുണ ഉറപ്പാക്കാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് വളരെ താല്‍പ്പര്യമുണ്ട്. ഡെമോക്രാറ്റിക് നാഷനല്‍ കണ്‍വെന്‍ഷനില്‍ സ്വിഫ്റ്റ് അല്ലെങ്കില്‍ ബിയോണ്‍സ് പ്രകടനം നടത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ കഴിഞ്ഞയാഴ്ച വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ ഇരുവരും പ്രത്യക്ഷപ്പെട്ടില്ല.
ഈ വര്‍ഷം ആദ്യം തന്‍റെ ഉടമസ്ഥതയിലുള്ള സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ ഒരു പോസ്റ്റില്‍ ട്രംപ് സ്വിഫ്റ്റിന്‍റെ പിന്തുണ പരസ്യമായി തേടി. ഈ മാസം ആദ്യം, അവര്‍ ഒരിക്കലും നല്‍കിയിട്ടില്ലാത്ത അവരുടെ പിന്തുണ വാഗ്ദാനം ചെയ്യുന്ന ഒ എഐ നിര്‍മിത ചിത്രം അദ്ദേഹം പോസ്റ്റ് ചെയ്തതു വിവാദമായിരുന്നു.