10 വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹം; കാണാതായ നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി
Mail This Article
പോർട്ട്‌ലാൻഡ്∙ പോർട്ട്‌ലാൻഡിൽ നിന്ന് കാണാതായ നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി. കാണാതായ മെലിസ ജുബാനെ(32) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അടുത്തിടെ വിവാഹിതയായ മെലിസ ജുബാനെ സെപ്റ്റംബർ 4 ന് പോർട്ട്‌ലാൻഡിലെ സെന്‍റ് വിൻസെന്‍റ് ഹോസ്പിറ്റലിൽ രാവിലെത്തെ ഷിഫ്റ്റിൽ ഡ്യൂട്ടിക്ക് റിപ്പോർട്ട് ചെയ്തില്ല. ഇതേ തുടർന്ന് അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് രാവിലെ 10 മണിയോടെ ബെവെർട്ടണിലെ മെലിസയുടെ വസതിയിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി. മെലിസയെ വസതിയിൽ കണ്ടെത്താൻ സാധിച്ചില്ല. ആരെയും അറിയിക്കാതെ മെലിസ എവിടെ പോയെന്ന ചോദ്യത്തിന് ഉത്തരം തേടിയാണ് തങ്ങൾ അന്വേഷണം നടത്തിയതെന്ന് ബീവർട്ടൺ പൊലീസ് അറിയിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തിൽ പൊലീസ് മെലിസയുടെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ മെലിസയുടെ അയൽക്കാരനായ ബ്രൈസ് ജോനാഥൻ ഷുബെർട്ടിനെയും (27) കൊലപാതക കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
2022 സെപ്റ്റംബർ മുതൽ 2023 ഒക്ടോബർ വരെ പ്രൊവിഡൻസ് പോർട്ട്‌ലാൻഡ് മെഡിക്കൽ സെന്‍ററിൽ നഴ്‌സായി ജോലി ചെയ്ത വ്യക്തയാണ് പ്രതിയായ ബ്രൈസ് ജോനാഥൻ ഷുബെർട്ട്. മെലിസ ജോലി ചെയ്തിരുന്ന പ്രൊവിഡൻസ് സെന്‍റ് വിൻസെന്‍റിൽ പ്രതി ജോലി ചെയ്തിരുന്നില്ലെന്നും അധികൃതർ സ്ഥീകരിച്ചു. കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്ത് വിട്ടിട്ടില്ല.
10 വർഷത്തെ പ്രണയത്തിനൊടുവിൽ ഓഗസ്റ്റ് 24 ന് വൈമ വാലിയിൽ നടന്ന ചടങ്ങിലാണ് കാമുകനെ മെലിസ ജുബാനെ വിവാഹം ചെയ്തത്. നിലവിൽ ഒറിഗോണിലെ വാഷിങ്‌ടൻ കൗണ്ടിയിൽ തടവിലാണ് ഷുബെർട്ട്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.