സോഷ്യൽ സെക്യൂരിറ്റിയിൽ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങൾക്ക് വരുമാന നികുതി ഒഴിവാക്കുമെന്ന് ട്രംപിന്റെ വാഗ്ദാനം
Mail This Article
കലിഫോർണിയ ∙ യു എസിൽ സോഷ്യൽ സെക്യൂരിറ്റി ആനുകൂല്യങ്ങളിൽ മാത്രമായോ ഇത് ഒരു സപ്ലിമെന്ററി ഇൻകം ആയോ ജീവിക്കുന്ന ഏഴു കോടി ജനങ്ങളുണ്ട്. 62 വയസു കഴിയുമ്പോൾ നേരത്തെ ഈ ആനുകൂല്യങ്ങൾ തിരഞ്ഞെടുക്കുന്നവരോ 65 വയസ്സായോ അതിനു ശേഷമോ ലഭിക്കുന്ന മുഴുവൻ ആനുകൂല്യങ്ങളും തിരഞ്ഞെടുക്കുന്നവരും കുറഞ്ഞ പ്രായത്തിൽ തന്നെ ജോലി ചെയ്യാൻ ശേഷി നഷ്ടപ്പെട്ടവരും എല്ലാം ഇതിൽ ഉൾപെടും.
മാസം തോറും ലഭിക്കുന്ന ഈ ഫെഡറൽ ധന സഹായം 2024 ജനുവരിയിൽ ശരാശരി 1907 ഡോളർ ആയിരുന്നു. ഇതിൽ കുറവ് ലഭിക്കുന്ന ധാരാളം ഗുണഭോക്‌താക്കളുണ്ട്. ഭക്ഷണത്തിനു സഹായം ലഭിക്കുന്നവർക്ക് (സ്നാപ്പ് തുടങ്ങിയ പദ്ധതിയിൽ) ഭക്ഷ്യസാധനങ്ങളുടെ വില കുറച്ചേ ആനുകൂല്യം ലഭിക്കാറുള്ളൂ. താൻ വിജയിച്ചാൽ സോഷ്യൽ സെക്യൂരിറ്റി തുകയിൽ നിന്ന് ഭക്ഷ്യ സാധനങ്ങളുടെ വില കുറക്കുന്ന പതിവ് നിർത്തലാക്കും എന്ന് മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപ് പറഞ്ഞു.
സോഷ്യൽ സെക്യൂരിറ്റി ആനുകൂല്യങ്ങൾ നൽകാനുള്ള ഫെഡറൽ ഫണ്ടിങ് 2033 ൽ പൂജ്യത്തിൽ എത്തും എന്നാണ് കരുതുന്നത്. ട്രംപിന്റെ വാഗ്ദാനം നടപ്പിലായാൽ അതിനു മുൻപ് തന്നെ ഫണ്ട് കാലിയാകും എന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകി. കമ്മിറ്റി ഫോർ എ റെസ്പോണ്സിബിൾ ഫെഡറൽ ബജറ്റ് പറയുന്നത് ട്രംപിന്റെ പദ്ധതി വരുമാനം കുറയ്ക്കും അങ്ങനെ ഫണ്ടിൽ നേരത്തെ തന്നെ ഒരു പെന്നി പോലും ഇല്ലാതെ ആകുമെന്നാണ്. ഇപ്പോൾ തന്നെ പേ റോൾ ടാക്സുകളിലൂടെ ശേഖരിക്കുന്നതിനേക്കാൾ കൂടുതൽ തുക സോഷ്യൽ സെക്യൂരിറ്റി ആനുകുല്യമായി നൽകുന്നുണ്ടെന്നും സി ആർ എഫ് ബി പറഞ്ഞു.