ഓക്‌ലൻഡിൽ നിന്ന് തട്ടിക്കൊണ്ടുപോയ 6 വയസ്സുകാരനെ 73 വർഷത്തിനുശേഷം കണ്ടെത്തി
Mail This Article
ഓക്‌ലൻഡ്∙ 1951-ൽ ഓക്‌ലൻഡിൽ നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസ്സുള്ള ആൺകുട്ടിയെ 73 വർഷത്തിനുശേഷം കണ്ടെത്തി. ലൂയിസ് അർമാൻഡോ ആൽബിനോയെയാണ് 7 പതിറ്റാണ്ടിന് ശേഷം സുരക്ഷിതനായി കണ്ടെത്തിയത്. മൂത്ത സഹോദരൻ റോജറിനൊപ്പം കളിച്ചുകൊണ്ടിരുന്ന ലൂയിസ് അർമാൻഡോ ആൽബിനോയെ 1951 ഫെബ്രുവരി 21-ന് വെസ്റ്റ് ഓക്ക്‌ലാൻഡിലെ ഒരു പാർക്കിൽ നിന്നാണ് ഒരു സ്ത്രീ തട്ടിക്കൊണ്ടു പോകുകയായിരുന്നു.
യുവതി മിഠായി വാങ്ങിത്തരാമെന്ന് വാഗ്ദാനം നൽകി കബളിപ്പിച്ച് തന്ത്രപരമായി കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പിന്നീട് ലൂയിസിനെ ന്യൂയോർക്ക് നഗരത്തിലെ ദമ്പതികൾ സ്വന്തം മകനെപ്പോലെ വളർത്തുകയായിരുന്നു. 2005-ൽ 92-ാം വയസ്സിൽ മരിക്കുന്നത് വരെ ലൂയിസിന്‍റെ അമ്മ മകനെ അന്വേഷിച്ചിരുന്നു.
സഹോദരപുത്രി നടത്തിയ അന്വേഷണമാണ് ലൂയിസിനെ കണ്ടെത്താൻ സഹായിച്ചത്. ഡിഎൻഎ പരിശോധനയും പത്ര ക്ലിപ്പിംഗുകളിൽ നിന്നുള്ള വിവരങ്ങളും ഉപയോഗിച്ചായിരുന്നു ഈ അന്വേഷണം. ഓക്‌ലാൻഡിൽ താമസിച്ചിരുന്ന അലിദ അലക്വിൻ (63) ഏറെ നാളായി നഷ്ടപ്പെട്ട പിതൃസഹോദരനെ കണ്ടെത്താനായി അധികൃതരുടെ സഹായം തേടി. ലോക്കൽ പൊലീസ്, എഫ്ബിഐ, ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ജസ്റ്റിസ് എന്നിവയുടെ സഹായത്തോടെ നടത്തിയ പരിശ്രമമാണ് ഇപ്പോഴത്തെ കൂടിചേരലിന് വഴിതെളിച്ചത്.
ലൂയിസ് അഗ്നിശമനയിലും നാവിക സേനയിലും സേവനമനുഷ്ഠിച്ചു. ഇപ്പോൾ 83 വയസ്സുള്ള ലൂയിസ് സഹോദരനായ റോജറിനെ 73 വർഷത്തിന് ശേഷം ആദ്യമായി കണ്ടുമുട്ടി. ഈ പുനഃസമാഗമം സംഘടിപ്പിച്ചത് അലിഡയാണ്. 'എന്നെ കണ്ടെത്തിയതിന് നന്ദി' എന്ന് പറഞ്ഞ് സഹോദരപുത്രിയുടെ കവിളിൽ ലൂയിസ് മുത്തം നൽകിയെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഈ സന്തോഷത്തിനിടെയും റോജർ അടുത്തിടെ കാൻസർ ബാധിതനാണ് തിരിച്ചറിഞ്ഞത് ഈ സമാഗമത്തിനിടെ കുടുംബത്തെ ദുഖത്തിലാഴ്ത്തി. ലൂയിസ് ഇതുവരെ മാധ്യമങ്ങളോട് സംസാരിച്ചിട്ടില്ലെങ്കിലും തന്‍റെ തട്ടിക്കൊണ്ടുപോകലിനിടെ എന്താണ് സംഭവിച്ചതെന്ന് നേരിയ ഓർമകൾ ഉണ്ടെന്നാണ് സൂചന. മാതാപിതാക്കളെന്ന നിലയിൽ ലൂയിസിനെ വളർത്തിയവർ മരിച്ചതിനാൽ എന്തിനാണ് തട്ടിക്കൊണ്ടുപോയത് എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചിട്ടില്ല.