ADVERTISEMENT

ടൊറന്‍റോ∙ രാജ്യാന്തര വിദ്യാർഥികൾക്കും പഠനം അടുത്തിടെ പൂർത്തിയായവർക്കും പുതിയ കുടിയേറ്റക്കാർക്കുമായി ഇന്‍റർനാഷനൽ യൂത്ത് കാനഡ സ്റ്റുഡന്‍റ് സമ്മിറ്റും കരിയർ ക്ലിനിക്കും സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 29 ന് സ്കാർബ്രോയിലുള്ള ചൈനീസ് കൾച്ചറൽ സെന്‍ററിൽ വൈകുന്നേരം നാലു മുതൽ എട്ടു വരെയാണ് പരിപാടി. 

നൂറുകണക്കിന് രാജ്യാന്തര വിദ്യാർഥികൾ ഇവിടേക്ക് വരികയും അവരിൽ പലരും പലവിധ പ്രതിസന്ധികളും നേരിടുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ വിദ്യാർഥികൾക്കും മറ്റും ഏറെ പ്രയോജനപ്പടുന്നതാണ് ഈ പരിപാടിയെന്ന് ഐവൈസി പ്രസിഡന്‍റ് ജെറിൻ രാജ് അറിയിച്ചു. തൊഴിലവസരങ്ങൾ പരിചയപ്പെടുത്താൻ വിവിധ സ്ഥാപനങ്ങളുമുണ്ടാകും. 

നാലു മുതൽ ആറുവരെയാണ് കരിയർ ക്ലിനിക്ക് നടക്കുക. റസ്യുമെ വിലയിരുത്തൽ, ജോലി സാധ്യതകൾ, അഭിമുഖങ്ങൾക്കായുള്ള ഒരുക്കം തുടങ്ങിയവയാണ് പ്രധാന പരിപാടികൾ. എച്ച്ആർ വിഭാഗത്തിൽ കാൽനൂറ്റാണ്ടിലേറെ കാലത്തെ പരിചയസമ്പത്തുള്ള, വില്ലാ ചാരിറ്റീസിൽ ഹ്യൂമൻ റിസോഴ്സ് ഡയറക്ടറായ ആന്‍റോ മാത്യുവാണ് കരിയർ ക്ലിനിക്ക് നയിക്കുക. വിവിധ സ്ഥാപനങ്ങളിലായി ഏറെക്കാലമായി എച്ച്ആർ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നവരും പങ്കെടുക്കും. ലിങ്ക്ഡ് ഇൻ പ്രൊഫൈലിലേക്ക് ആവശ്യമായ ചിത്രങ്ങളെടുക്കാനുള്ള സൗകര്യവുമുണ്ടാകുമെന്നതാണ് മറ്റൊരു പ്രത്യേകത.

ലെവിറ്റേറ്റ് എന്‍റർടെയ്ൻമെന്‍റ് ടൊറന്‍റോ യങ്-ഡണ്ടാസ് സ്ക്വയറിൽ നടത്തിയ മഹാഓണം പരിപാടിയിൽ പങ്കെടുത്ത കലാകാരന്മാരെയും വളന്‍റിയർമാരെയും കൾച്ചറൽ സെന്‍ററിലെ തിയറ്ററിൽ നടക്കുന്ന പരിപാടിയിൽ സമാന്തരമായി ആദരിക്കും. 

തുടർന്ന് ആറു മുതൽ എട്ടുവരെയാണ് സ്റ്റുഡന്‍റ് സമ്മിറ്റ്. രാജ്യാന്തര വിദ്യാർഥികൾക്കായി ടൊറന്‍റോയിലെ ഇന്ത്യൻ കോൺസൽ ജനറൽ സിദ്ധാർഥ നാഥ് നയിക്കുന്ന ബോധവൽകരണ പരിപാടിയാണ് ഇതിൽ പ്രധാനം. സുരക്ഷാബോധവൽകരണ പരിപാടിക്ക് നേതൃത്വം നൽകുന്നത് ഒന്‍റാരിയോ ഹ്യൂമൻ റൈറ്റ്സ് കമ്മിഷണർ ഓഫിസർ റെൻഡൽ ആർസനോൾട്ടാണ്. കനേഡിയൻ കോളജ് പഠനകാലം പ്രയോജനപ്രദമാക്കുന്നത് സംബന്ധിച്ച ചർച്ച സെനക്ക കോളജിലെ വിദഗ്ധരും മാനസികാരോഗ്യം സംബന്ധിച്ച് ക്ലാസ്  പഞ്ചാബി കമ്യൂണിറ്റി ഹെൽത്ത് സർവീസസ് (പിസിഎച്ച്എസ്)  വിദഗ്ധരും നയിക്കും. സെനക്ക സ്റ്റുഡന്‍റ് ഫെറേഷൻ പ്രസിഡന്‍റ് സാറ റോഡ്രിഗസ് ഉൾപ്പെടെ വിവിധ കോളജുകളിലെ വിദ്യാർഥി നേതാക്കളും കമ്യൂണിറ്റി നേതാക്കളും പങ്കെടുക്കും.

വിവിധ രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികൾ പങ്കെടുക്കും. ഐവൈസി ഇവന്‍റ്സ് കോ-ഓർഡിനേറ്റർ ഹിമാൻഷി ജയിന്‍റെ നേതൃത്വത്തിലാണ് പരിപാടികൾ നടക്കുക. രാജ്യാന്തര വിദ്യാർഥികൾക്കും നവകുടിയേറ്റക്കാർക്കും പങ്കെടുക്കാം. പ്രവേശനം സൗജന്യമാണെങ്കിലും മുൻകൂട്ടി റജിസ്റ്റർ ചെയ്തവർക്കെ പ്രവേശനമുള്ളു. കൂടുതൽ വിവരങ്ങൾക്ക്: www.internationalyouth.ca

English Summary:

Scarborough Student Summit and Career Clinic on the 29th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com