ഇനി സംവാദത്തിൽ പങ്കെടുക്കില്ല; നിലപാട് ആവർത്തിച്ച് ട്രംപ്
Mail This Article
ഹൂസ്റ്റണ്‍∙ വൈസ് പ്രസിഡന്‍റും ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയുമായ കമല ഹാരിസിന് തിരഞ്ഞെടുപ്പിന് മുന്നോടിയായി വീണ്ടും സംവാദം നടത്താൻ താല്‍പ്പര്യമുണ്ട്. റിപ്പബ്ലിക്കൻ സ്ഥാനാർഥിയും യുഎസ് മുൻ പ്രസിഡന്‍റുമായ ഡോണൾഡ് ട്രംപിനാണെങ്കില്‍ ഇനി സംവാദം വേണ്ടെന്ന നിലപാടാണ്. വൈസ് പ്രസിഡന്‍റ് കമല ഹാരിസ് രണ്ടാമത്തെ സംവാദത്തിനുള്ള സിഎന്‍എന്‍ ക്ഷണം സ്വീകരിച്ചതായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ 'മറ്റൊരു സംവാദം നടത്താന്‍ വളരെ വൈകി' എന്നാണ് ട്രംപിന്‍റെ നിലപാട്. അദ്ദേഹം ഇക്കാര്യം പരസ്യമായി പറയുകയും ചെയ്തു.
‘‘കമല ഹാരിസ് ഒരു സംവാദത്തിൽ പങ്കെടുത്തു,ഞാൻ രണ്ട് എണ്ണത്തിലും. മൂന്നാമത്തേത് ചെയ്യാൻ വൈകി . വിവിധ വിഷയങ്ങളിൽ സംവാദം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്, പക്ഷേ ഇപ്പോൾ അതിന് സമയമില്ല. പലയിടത്തും വോട്ടെടുപ്പ് തുടങ്ങിക്കഴിഞ്ഞു. ഫോക്‌സ് ഞങ്ങളെ ഒരു രാഷ്ട്രീയ സംവാദത്തിന് ക്ഷണിച്ചിരുന്നു. ഞങ്ങൾ (റിപ്പബ്ലിക്കൻ പാർട്ടി) വളരെ നേരം കാത്തിരുന്നു, പക്ഷേ അവർ (കമല ഹാരിസ്) അത് നിരസിച്ചു. ഇപ്പോൾ അവർ തിരഞ്ഞെടുപ്പിന് മുൻപ് സിഎൻഎന്നുമായി ഒരു സംവാദം നടത്താൻ ആഗ്രഹിക്കുന്നു. ഇവയൊക്കെ തോൽവിയെ ഭയന്ന് ചെയ്യുന്ന നീക്കങ്ങളാണെന്ന് തോന്നുന്നു.’’ – ട്രംപ് പറഞ്ഞു.
ഒക്ടോബര്‍ 23ന് സിഎന്‍എന്‍ സംഘടിപ്പിക്കുന്ന സംവാദത്തിൽ പങ്കെടുക്കുമെന്ന കമല ഹാരിസിന്‍റെ പ്രചാരണ സംഘം പ്രഖ്യാപിച്ചിട്ടുണ്ട്. കമല ഹാരിസും ഡോണൾഡ് ട്രംപും ഈ മാസം 10ന് ഫിലഡൽഫിയയിൽ സംവാദത്തിൽ പങ്കെടുത്തിരുന്നു. എബിസി ന്യൂസ് മോഡറേറ്റ് ചെയ്ത സംവാദത്തില്‍ കമല ഹാരിസിന് മേല്‍ക്കൈ ലഭിച്ചതായി പൊതുവേ അഭിപ്രായം ഉയര്‍ന്നിരുന്നു. എന്നാല്‍ ട്രംപും സംഘവും ഇതു നിഷേധിക്കുന്നു.
‘‘ വോട്ട് രേഖപ്പെടുത്തുന്നതിന് മുൻപ് കമല ഹാരിസും ഡോണൾഡ് ട്രംപും തമ്മില്‍ സംവദിക്കുന്നത് കാണാന്‍ മറ്റൊരു അവസരം അമേരിക്കൻ ജനത അർഹിക്കുന്നു. പൊതുതിരഞ്ഞെടുപ്പില്‍ ഒരു സംവാദം മാത്രമേ നടന്നുള്ളൂ എന്ന ആധുനിക ചരിത്രത്തില്‍ അദ്ഭുതപൂർവമായ കാര്യമായിരിക്കും. സംവാദം വോട്ടർമാർക്ക് സ്ഥാനാർഥികളുടെ കാഴ്ചപ്പാട് മനസിലാക്കുന്നതിനും അവസരം നല്‍കുന്ന കാര്യമാണ്.’’– കമല ഹാരിസിന്‍റെ ക്യാംപെയ്ൻ ചെയർ ജെന്‍ ഒമാലി ഡിലണ്‍ പറഞ്ഞു.