ഹാരിസിന് പിന്തുണയുമായ് റൂഡി ഗ്യുലിയാനിയുടെ മകൾ
Mail This Article
ഹൂസ്റ്റണ്‍ ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കമല ഹാരിസിന് പിന്തുണ അറിയിച്ച് ഡോണള്‍ഡ് ട്രംപിന്റെ മുന്‍ അഭിഭാഷകന്‍ റൂഡി ഗ്യുലിയാനിയുടെ മകള്‍ കരോലിന്‍ റോസ് ഗ്യുലിയാനി. വാനിറ്റി ഫെയര്‍ മാസികയ്ക്കുള്ള ലേഖനത്തിലാണ് ഹാരിസിന് തന്റെ പിന്തുണ അറിയിച്ചത്.
ഹാരിസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രകടനത്തെയും കരോലിന്‍ പ്രശംസിച്ചു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ, വിദേശനയം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ സുപ്രധാന വിഷയങ്ങളിലുള്ള ഹാരിസിന്റെ നിലപാടാണ് തന്റെ പിന്തുണയ്ക്ക് കാരണമെന്നും കരോലിന്‍ പറഞ്ഞു.
ഹാരിസിന് പിന്തുണ അറിയിച്ചതിനൊപ്പം ട്രംപിനെതിരെയും കരോലിന്‍ സംസാരിച്ചു. ജനാധിപത്യത്തെ തകര്‍ക്കുന്നതിനുപകരം അത് സംരക്ഷിക്കുന്നവരാണ് രാജ്യത്തിന് ആവശ്യമെന്നും കരോലിന്‍ പറഞ്ഞു.
രാഷ്ട്രീയക്കാരനും അഭിഭാഷകനുമായ റൂഡി ഗ്യുലിയാനി 2001 മുതല്‍ 2004 വരെ ന്യൂയോര്‍ക്ക് സിറ്റിയുടെ മേയറായി സേവനമനുഷ്ഠിച്ചിരുന്നു. 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ പ്രചാരണ വേളയിൽ ട്രംപിനൊപ്പം ഗ്യുലിയാനി പ്രവർത്തിച്ചിരുന്നു. 2018 ഏപ്രിലിലാണ് ഔദ്യോഗികമായി ട്രംപിന്റെ അഭിഭാഷകനാകുന്നത്. 2020ലെ തിരഞ്ഞെടുപ്പിലും ട്രംപിനൊപ്പം ഗ്യുലിയാനി പ്രവർത്തിച്ചു. 2020 ലെ തിരഞ്ഞെടുപ്പിനെത്തുടർന്ന് ജോർജിയയിലെ രണ്ട് തിരഞ്ഞെടുപ്പ് പ്രവർത്തകർക്കെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയതിൽ ഫെഡറല്‍ അപ്പീല്‍ കോടതി ഗ്യുലിയാനിയെ വാഷിങ്ടൻ ഡിസിയിൽ അഭിഭാഷകനായ് പ്രവർത്തിക്കുന്നതിൽ നിന്ന് വിലക്കി.