മുൻ കാമുകിയെ കമല ഹാരിസിന്‍റെ ഭർത്താവ് കാൻ ഫിലിം ഫെസ്റ്റിവലിൽ വച്ച് ആക്രമിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തൽ
Mail This Article
ഹൂസ്റ്റണ്‍∙ യുഎസ് വൈസ് പ്രസിഡന്‍റും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയുമായ കമല ഹാരിസിന്‍റെ ഭർത്താവ് ഡഗ് എംഹോഫ്, ഫ്രാൻസിൽ വച്ച് മുൻ കാമുകിയെ ആക്രമിച്ചു എന്ന ആരോപണവുമായി രാജ്യാന്തര മാധ്യമങ്ങൾ. ഒക്ടോബറില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ക്ക് സാധ്യതയുണ്ടെന്ന് കമല ഹാരിസിന് മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്‍റണ്‍ മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് പുതിയ വാര്‍ത്തകള്‍ പുറത്തുവന്നത് എന്നതും ശ്രദ്ധേയമായി.
ഡെയ്ലി മെയിൽ പത്രത്തിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം, എംഹോഫ് മുൻ കാമുകിയെ ശാരീരികമായി ആക്രമിച്ചുവെന്നാണ് ആരോപണം. 2012-ൽ ഫ്രാൻസിലെ കാൻ ഫിലിം ഫെസ്റ്റിവലിൽ വച്ച് നടന്ന ഈ സംഭവം, പരാതിക്കാരിയുടെ മൂന്ന് സുഹൃത്തുക്കളുടെ മൊഴികളെ അടിസ്ഥാനമാക്കിയാണ് പുറത്തുവന്നത്.
സാക്ഷികളുടെ വിവരണപ്രകാരം, എംഹോഫ് കാമുകിയെ ഒരു തർക്കത്തിനിടയിൽ ശക്തമായി അടിച്ചു. അടിയേറ്റ കാമുകി നിലത്തു വീണുവെന്നും അവർ സാക്ഷ്യപ്പെടുത്തി. ഏറെ വേദനയോടെയായിരുന്നു കാമുകി തന്റെ സുഹൃത്തുക്കളോട് സംഭവം വിവരിച്ചത് . സുഹൃത്തുക്കൾ പറയുന്നതനുസരിച്ച്, കാമുകി ആക്രമണത്തിന് ശേഷം ഏറെ മാനസികമായി തകർന്നതായിട്ടാണ്.
ഡെയ്ലി മെയിൽ പത്രം പരാതിക്കാരിയുടെ യഥാർഥ പേര് വെളിപ്പെടുത്തിയിട്ടില്ല. പകരം, 'ജെയ്ൻ' എന്ന അപരനാമമാണ് നൽകിയിരിക്കുന്നത്. പരാതിക്കാരി നിലവിൽ ന്യൂയോർക്കിൽ ഒരു അഭിഭാഷകയായി പ്രവർത്തിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ഈ ആരോപണം അമേരിക്കൻ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നു. ഒരു വൈസ് പ്രസിഡന്റിന്റെ ഭർത്താവിനെതിരായ ഇത്തരം ഗുരുതരമായ ആരോപണം, രാഷ്ട്രീയമായി പോലും എതിരാളികൾ ഉപയോഗിക്കാൻ സാധ്യതയുണ്ട്.