പ്രഥമ ഗ്ലോബൽ മലയാളി ഫെസ്റ്റിവൽ 2025 ഓഗസ്റ്റിൽ കൊച്ചിയിൽ
Mail This Article
കൊച്ചി∙ നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള 1600ൽ പരം മലയാളികൾ പങ്കെടുക്കുന്ന ഗ്ലോബൽ മലയാളി ഫെസ്റ്റിവൽ 2025 ഓഗസ്റ്റ് 14, 15, 16 തീയതികളിൽ കൊച്ചിയിൽ നടക്കും. 9 പ്രവർത്തനമേഖലകളിൽ നിന്നായി ഗ്ലോബൽ മലയാളി രത്നാ പുരസ്കാര ദാനവും ഗ്ലോബൽ മലയാളി സൗന്ദര്യ മത്സരവും മറ്റ് ആകർഷകമായ കലാപരിപാടികളുമാണ് മൂന്നുദിവസത്തെ സമ്മേളനത്തിൽ ഒരുക്കിയിട്ടുള്ളത്.
ശാസ്ത്രം, സാങ്കേതികവിദ്യ, വൈദ്യശാസ്ത്രം, എൻജിനീയറിങ് , സാമ്പത്തിക ശാസ്ത്രം, കല, നാടകം, സാമൂഹ്യ സേവനം , രാഷ്ട്രീയ പ്രവർത്തനം എന്നീ മേഖലകളിലാണ് ഗ്ലോബൽ മലയാളി രത്ന പുരസ്കാരം നൽകുന്നത്. ഗ്ലോബൽ മലയാളി സൗന്ദര്യമത്സരത്തിൽ ഏത് രാജ്യത്ത് നിന്നുമുള്ള മലയാളി സുന്ദരികൾക്ക് പങ്കെടുക്കാവുന്നതാണ്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്വാതന്ത്ര്യദിന പരേഡ്, കലാപരിപാടികൾ, വിവിധ മത്സരങ്ങൾ തുടങ്ങിയവയും സംഘടിപ്പിക്കും.
പുതുതലമുറ മലയാളികളെയാണ് ഈ ഫെസ്റ്റിവലിലേക്ക് സംഘാടകർ കൂടുതലായി പ്രതീക്ഷിക്കുന്നത്. പ്രതിനിധികളുടെ എണ്ണം നിജപ്പെടുത്തിയതിനാൽ ആദ്യം റജിസ്റ്റർ ചെയ്യുന്നവർക്കായിരിക്കും പരിപാടിയിൽ പങ്കെടുക്കാൻ മുൻഗണന നൽകുന്നത്.
ഗ്ലോബൽ മലയാളി ഫെസ്റ്റിവലിനോട് അനുബന്ധിച്ച് കേരള വ്യവസായ നിക്ഷേപക മേള, കൊച്ചിക്കായലിൽ പ്രത്യേക വള്ളംകളി എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. സമ്മേളനത്തെ കുറിച്ച് കൂടുതൽ അറിയാനും റജിസ്റ്റർ ചെയ്യാനുമായി www.globalmalayaleefestival.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.