യങ് ലീഡർ അവാർഡ് സ്വന്തമാക്കി ഡോ. നിധിൻ സാം
Mail This Article
ആൽബർട്ട ∙ കാനഡയിലെ ആൽബർട്ട ഗവൺമെന്റിന്റെ യങ് ലീഡർ അവാർഡ് സ്വന്തമാക്കി ഡോ. നിധിൻ സാം. ഈ അംഗീകാരം ലഭിക്കുന്ന ആദ്യ മലയാളിയാണ് ഡോ. നിധിൻ. കനേഡിയൻ ഫാർമസി വിദ്യാർഥികൾക്ക് വേണ്ടിയുള്ള സംഭാവനയ്ക്കാണ് നിധിന് അംഗീകാരം ലഭിച്ചത്.
ആൽബർട്ട ഇമിഗ്രന്റ് ഇംപാക്ട് അവാർഡുകളുടെ ഭാഗമായി ഒക്ടോബർ 3-ന് കാൽഗരിയിൽ വച്ച് നടന്ന ചടങ്ങിലാണ് നിധിന് അവാർഡ് ലഭിച്ചത്. ആൽബർട്ടയിലെ പ്രീമിയർ ഡാനിയേൽ സ്മിത്തും കുടിയേറ്റ മന്ത്രി മുഹമ്മദ് യാസീനും ലെഫ്റ്റനന്റ് ഗവർണർ സൽമ ലഖാനിയും ആണ് അവാർഡ് സമ്മാനിച്ചത്.
കൊച്ചിയിലെ അമൃത സ്കൂൾ ഓഫ് ഫാർമസിയിൽ നിന്ന് ഡോക്‌ടർ ഓഫ് ഫാർമസി ബിരുദധാരിയായ നിധിൻ കഴിഞ്ഞ രണ്ട് വർഷമായി കാനഡയിലെ ആൽബെർട്ടയിലെ എഡ്മണ്ടണിലാണ് താമസം. കോളജ് അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്ന നിധിന് കഴിഞ്ഞ വർഷം പ്രോഗ്രാം മാനേജരായി സ്ഥാനക്കയറ്റം ലഭിച്ചു.