2.1 മില്യൻ ഡോളർ കോവിഡ് ദുരിതാശ്വാസ തട്ടിപ്പ്: മാസച്യുസിറ്റ്‌സ് സ്വദേശിനിക്ക് 15 വർഷം തടവ്
Mail This Article
ലോറൻസ്(മാസച്യുസിറ്റ്‌സ്) ∙ ലോവൽ ആസ്ഥാനമായുള്ള കമ്പനിയായ അഗാപെ ഫിനാൻഷ്യൽ സർവീസസിന്‍റെ ഉടമ ലൂസ് പോളിനോയ്ക്ക് (42) 2.1 മില്യൻ ഡോളറിന്‍റെ കോവിഡ് ദുരിതാശ്വാസ തട്ടിപ്പും നികുതി തട്ടിപ്പും നടത്തിയെന്ന് തെളിഞ്ഞതിനെ തുടർന്ന് 15 വർഷത്തെ തടവ് ശിക്ഷ കോടതി വിധിച്ചു. 19 മാസം ഒളിവിൽ കഴിഞ്ഞ ശേഷം പനാമയിൽ നിന്നാണ് പോളിനോയെ പിടികൂടിയത്.
2019-ലാണ് പോളിനോ തന്‍റെ ജീവനക്കാരെ ഉപയോഗിച്ച് വ്യാജ നികുതി റിട്ടേണുകൾ സമർപ്പിച്ച് പണം തട്ടിയത്. വ്യാജ രേഖ ചമച്ച് റീഫണ്ട് ലോണുകൾ നേടുകയും കോവിഡ്-19 പാൻഡെമിക് സമയത്ത്, വ്യാജ കമ്പനികളുടെ പേരിൽ 2.1 മില്യൻ ഡോളറിന്‍റെ ദുരിതാശ്വാസ ഫണ്ടും കരസ്ഥമാക്കി. ഈ പണം ഉപയോഗിച്ച് കാഡിലാക്ക് വാങ്ങുകയും ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ഒരു ജ്വല്ലറി ബിസിനസിൽ നിക്ഷേപിക്കുകയും ചെയ്തതായി കോടതി കണ്ടെത്തി.
റിട്ടേണുകൾ തയ്യാറാക്കിയത് അഗാപെയിലെ രണ്ട് മുൻ ജീവനക്കാരാണെന്ന് പറഞ്ഞുകൊണ്ട് പോളിനോ തനിക്ക് ഇതിൽ പങ്കില്ലെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചിരുന്നു. കലിഫോർണിയ, മിഷിഗൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ ആളുകളുടെ വ്യാജ രേഖകളാണ് പ്രതി തട്ടിപ്പിനായി സമർപ്പിച്ചത്.