കവിയും ഗാനരചയിതാവുമായ കെ. ജയകുമാറിനെ സാൻഫ്രാൻസിസ്കോ സർഗവേദി ആദരിച്ചു
Mail This Article
സാൻഫ്രാൻസിസ്കൊ ബേ ഏരിയയിൽ പ്രവർത്തിക്കുന്ന സാഹിത്യ കലാ സാംസ്കാരിക സംഘടനയായ സർഗവേദി, എഴുത്തുകാരനും കവിയും ഗാനരചയിതാവും ചിത്രകാരനും ഐഎഎസ് ഓഫിസറും മുൻ കേരള ചീഫ് സെക്രട്ടറിയുമായിരുന്ന കെ. ജയകുമാറിന്റെ സാഹിത്യ ജീവിതത്തിന്റെ അൻപതാം വാർഷികം ആഘോഷിച്ചു. 2024 ഒക്ടോബർ 11 വൈകുന്നേരം ബേ ഏരിയയിലെ യൂണിവേഴ്സിറ്റി ഓഫ് സിലിക്കോൺ ആന്ധ്രയിലാണ് സംഗീത നൃത്ത സായാഹ്നം എന്ന് പേരിട്ട ആഘോഷപരിപാടികൾ അരങ്ങേറിയത്.
ബേ ഏരിയയിലെ ഇരുനൂറിലധികം സഹൃദയർ പങ്കെടുത്ത ഈ പരിപാടി, ഷീബ അമീർ (സോലസ് ഫൗണ്ടർ), മറ്റ് മലയാളി സംഘടന പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.
സർഗവേദി പ്രസിഡന്റ് ജോൺ കൊടിയൻ സ്വാഗതം ആശംസിച്ചു. അമേരിക്കയിൽ എത്തുന്ന മലയാളി സാഹിത്യകാരന്മാരേയും കലാകാരന്മാരേയും ആദരിക്കുക, ഇവിടെയുള്ള മലയാളി സമൂഹത്തിന് അവരെ ശ്രവിക്കുവാനും അവരുമായി പരിചയപ്പെടുവാനും ആശയവിനിമയത്തിനും വേദിയൊരുക്കുക എന്നിവ സർഗവേദിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളാണെന്നും മലയാള സിനിമയ്ക്കും മലയാള കവിതക്കും വിവർത്തന സാഹിത്യത്തിനും വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയ കെ. ജയകുമാറിന്റെ എഴുത്തിന്റെ അഞ്ച് ദശാബ്ദങ്ങളെ ആദരിക്കുവാൻ അവസരം ലഭിച്ചത് ഇവിടെയുള്ള മലയാളികളുടെ ഭാഗ്യമാണെന്നും അദ്ദേഹം സ്വാഗത പ്രസംഗത്തിൽ പറഞ്ഞു.
തുടർന്ന്, അൻപത് വർഷങ്ങൾ തികച്ച കെ. ജയകുമാറിന്റെ സാഹിത്യ രംഗത്തെ ജീവിതത്തെ ആദരിച്ചുകൊണ്ട് സർഗവേദി അദ്ദേഹത്തിന് അവാർഡ് നൽകി ആദരിച്ചു. പ്രസിഡന്റ് ജോൺ കൊടിയൻ, സെക്രട്ടറി ടോം ആന്റണി, ട്രഷറർ വിനോദ് മേനോൻ, എക്സിക്യൂട്ടീവ് അംഗം രാജി മേനോൻ, സർഗവേദി അംഗങ്ങളായ ശ്യാം ചന്ദ്, ദാമു കേശവത്, ശ്രീവത്സൻ എന്നിവർ ചേർന്നാണ് കെ. ജയകുമാറിന് അവാർഡ് സമ്മാനിച്ചത്. അദ്ദേഹത്തിന്റെ നാൾ ഇതുവരെയുള്ള ഔദ്യോഗിക സാഹിത്യ വഴികൾ ഉൾക്കൊള്ളുന്ന ഒരു വിഡിയൊയും പ്രദർശിപ്പിച്ചു.
തന്റെ ഔദ്യോഗിക ജീവിതത്തിനിടയിൽ എങ്ങിനെയാണ് സാഹിത്യരചനക്ക് സമയം കണ്ടെത്തിയതെന്ന് വിവരിച്ചുകൊണ്ടായിരുന്നു ജയകുമാർ അദ്ദേഹത്തിന്റെ പ്രസംഗം ആരംഭിച്ചത്. അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങൾ രസകരമായ രീതിയിൽ അവിടെക്കൂടിയ മലയാളികളോട് പങ്കുവച്ചു.
സർഗവേദി അംഗമായ ദീപേഷ് ഗോവിന്ദൻ എംസി ആയി പരിപാടികൾ നിയന്ത്രിച്ച ചടങ്ങിൽ ജയകുമാറിന്റെ പ്രശസ്തമായ ഗാനങ്ങൾ IPAC(Indian Performing Arts Collective) ലെ പ്രഗൽഭരായ ഗായകർ അതീവ ഹൃദ്യമായി അവതരിപ്പിച്ചു. ജയകുമാറിന്റെ തൂലികയിൽ പിറന്ന ഗാനങ്ങളുടെ നൃത്ത ചുവടുകളുമായി സുനിതാ ജയകുമാറും (മന്ദാരം സ്കൂൾ ഓഫ് ഡാൻസ്, മൗണ്ടൈൻ ഹൗസ്) സേതുലക്ഷ്മി പ്രദീപും (ബോളി എക്സ്) നേതൃത്വം നൽകിയ ടീം അവതരിപ്പിച്ച ഡാൻസുകൾ കാണികളുടെ മനം കവർന്നു. നാരായണസ്വാമി സാക്സോഫോണിൽ അവതരിപ്പിച്ച കളരിവിളക്ക് തെളിഞ്ഞതാണോ എന്ന ഗാനം ശ്രോതാക്കളെ ആ മനോഹര ചിത്രത്തിന്റെ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. തുടർന്ന് നടന്ന ചടങ്ങിൽ സോലസ് ഫൗണ്ടർ ഷീബ അമീറിനെ സർഗവേദി പൊന്നാട അണിയിച്ച് ആദരിച്ചു. ബേ ഏരിയയിലെ പ്രമുഖ മലയാളി സംഘടനകളായ മങ്ക, ബേ മലയാളി, പുണ്യം, മോഹം, ലയൺസ് ക്ലബ്, ഐപിഎസി എന്നീ സംഘടനകൾ കെ. ജയകുമാറിനെ ആദരിച്ച ചടങ്ങും നടന്നു.
സർഗവേദി സെക്രട്ടറി ടോം ആന്റണി കെ. ജയകുമാറിനും യോഗത്തിൽ പങ്കെടുത്തവർക്കും നന്ദി പ്രകാശിപ്പിച്ചു. അദ്ദേഹത്തോട് ചോദ്യങ്ങൾ ചോദിക്കുവാനും കുശലം പറയുവാനും ഒരുമിച്ച് ഫോട്ടോയെടുക്കുവാനുമുള്ള തിരക്ക്, കെ. ജയകുമാർ എന്ന പ്രതിഭയോട് ജനങ്ങൾക്കുള്ള ആദരം വിളിച്ചോതുന്നതായിരുന്നു. ബേ ഏരിയയിലെ മലയാളി സമൂഹത്തിന് കെ. ജയകുമാർ എന്ന ബഹുമുഖ പ്രതിഭയെ അടുത്ത് പരിചയപ്പെടുവാനും മനസ്സ് തുറന്ന് സംസാരിക്കുവാനും അവസരമൊരുക്കിയതിൽ സാൻഫ്രാൻസിസ്കൊ സർഗവേദിക്ക് അഭിമാനിക്കാം.
(വാർത്ത: സർഗവേദി ടീം)