പുതിയ അഭിപ്രായ സർവേയിൽ കമല ഹാരിസിന് മുൻതൂക്കം
Mail This Article
വാഷിങ്ടൻ ∙ വൈസ് പ്രസിഡന്റ് കമല ഹാരിസും മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും മത്സരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ അഭിപ്രായ സർവേ ഹാരിസിന് അനുകൂലം. ഏറ്റവും പുതിയ ന്യൂയോർക് ടൈംസ് /സിയീന പോളിൽ ഹാരിസിന് മൂന്ന് ശതമാനം ലീഡാണുള്ളത്. സർവേയിൽ ഹാരിസിന് 49 ശതമാനവും ട്രംപിന് 46 ശതമാനവും പിന്തുണയാണ് പ്രവചിക്കുന്നത്.
ഫൈവ് തേർട്ടി എയ്റ്റിന്റെ വെയ്റ്റഡ് പോളിങ് ആവറേജനുസരിച്ച് മൂന്നു സർവേകളിൽ ഇരുവരും തുല്യരാണ്. ഓഗസ്റ്റ് അവസാനം നടത്തിയ സർവേയിൽ ഹാരിസിന് 3.7 ശതമാനം അധിക പിന്തുണയാണ് ഉണ്ടായിരുന്നത്. എന്നാൽ ഈ ലീഡിൽ കുറവ് സംഭവിച്ചു.
ഫൈവ് തേർട്ടി എയ്റ്റ് അനുസരിച്ച് ഹാരിസിന് നൂറിൽ 54 ശതമാനവും ട്രംപിന് 46 ശതമാനവുമാണ് വിജയ സാധ്യത. പൊളിറ്റിക്കൽ അനാലിസ്റ്റും സ്റ്റാറ്റിസ്റ്റീഷ്യനുമായ നാറ്റ് സിൽവർ ഇത് 50.1 ശതമാനവും 49.7 ശതമാനവുമായും വിലയിരുത്തുന്നു. റിയൽ ക്ലിയർ പൊളിറ്റിക്സിന്റെ പുതിയ പോളിങ് ആവറേജിൽ 1.7 ശതമാനം ലീഡാണ് ഹാരിസിനുള്ളത്.
സംസ്ഥാനതലത്തിൽ മിഷിഗൻ, പെൻസിൽവേനിയ, വിസ്കോൻസെൻ, നെവാഡ എന്നിവടങ്ങളിൽ ഹാരിസാണ് മുന്നിൽ നിൽക്കുന്നത്. അതേസമയം അരിസോന, നോർത്ത് കാരോലൈന, ജോർജിയ എന്നീ സംസ്ഥാനങ്ങളിൽ ട്രംപിനാണ് പിന്തുണയുള്ളത്. എന്നാൽ സ്വിങ് സ്റ്റേറ്റുകൾ എന്നറിയപ്പെടുന്ന ഏഴു സംസഥാനങ്ങളിലെ ലീഡ് നില മാറികൊണ്ടിരിക്കുകയാണ്. എൻബിസി സെപ്റ്റംബറിൽ നടത്തിയ സർവേ അനുസരിച്ചു ഹാരിസിന് ഉണ്ടായിരുന്ന ലീഡ് നില കുറയുന്നതായ് കണ്ടെത്തി.