ബൈഡന് ചാഞ്ചാട്ടം, കമലയോട് പരിഭവം?
Mail This Article
ഹൂസ്റ്റണ്‍ ∙ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ക്യാംപില്‍ പാളയത്തില്‍ പടയോ? പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസിനെതിരേ സാക്ഷാല്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തു വന്നതായാണ് ഇപ്പോള്‍ അഭ്യൂഹമുയര്‍ന്നിരിക്കുന്നത്.
മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായുള്ള പ്രസിഡന്റ് ബൈഡന്റെ സംഭാഷണമാണ് ചില ദോഷൈകദൃക്കുകള്‍ ഹാരിസിനെതിരേയുള്ള പരാതി പറച്ചിലായി കണ്ടെത്തിയിരിക്കുന്നത്. കമലാ ഹാരിസ് തന്നെപ്പോലെ ശക്തയായ പ്രസിഡന്റ് സ്ഥാനാർഥിയല്ലെന്ന് ബൈഡന്‍ അവകാശപ്പെടുന്നു എന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. എഥല്‍ കെന്നഡിയുടെ അനുസ്മരണ ചടങ്ങില്‍ ഇരുവരും തമ്മില്‍ നടന്ന സംഭാഷണത്തിന് സാക്ഷ്യം വഹിച്ച ഒരു ലിപ് റീഡറാണ് ഇത്തരത്തില്‍ വിശകലനം ചെയ്തതെന്നു ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ബൈഡന്റെ പോരിന് കാരണം എന്ത്?
കമലാ ഹാരിസ് തന്റെ ഭരണത്തില്‍ നിന്ന് സ്വയം അകന്നുനില്‍ക്കുന്ന രീതിയാണ് ജോ ബൈഡനെ ചൊടിപ്പിച്ചതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. താന്‍ എന്തോ ഈ ഭരണത്തില്‍ പങ്കാളിയല്ലെന്ന തരത്തിലാണ് കമലയുടെ പ്രചാരണം എന്നു പൊതുവേ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കമലയുടെ പ്രചാരണ പ്രസംഗങ്ങളില്‍ ബൈഡന് വലിയ ക്രെഡിറ്റ് നല്‍കാതിരിക്കുകയും ചെയ്യുന്നു എന്നും ആരോപണമുണ്ട്. അത് തന്നെ അപമാനിക്കുന്നതാണെന്നാണ് ബൈഡന്റെ വാദം. അതായത് നല്ലതെല്ലാത്തിന്റെയും ക്രെഡിറ്റ് കമല ഏറ്റെടുക്കുകയും പാളിപ്പോയ നയങ്ങള്‍ക്ക്് കാരണം ബൈഡനാണെന്ന് സമര്‍ഥിക്കുകയും ചെയ്യുന്നത് പ്രസിഡന്റിനെ വല്ലാതെ ചൊടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. മാത്രമല്ല കമല ഹാരിസിന്റെ യുഎസ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബൈഡന്‍ കൂടുതല്‍ സ്ഥാനം ആവശ്യപ്പെടുന്നതായും പറയപ്പെടുന്നു. എന്നാല്‍ കമല ഹാരിസിന്റെ ടീം ഇതിനോട് വിമുഖത കാണിക്കുന്നതായും അഭ്യൂഹമുണ്ട്.
ഒബാമയുടെ പ്രതികരണം എന്ത്?
തിരഞ്ഞെടുപ്പ് തീവ്രത കൊടുമ്പിരിക്കൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍ ബൈഡന്‍ പെട്ടെന്ന് പൊട്ടിത്തെറിച്ചതിന്റെ ഒരു കാരണം ഇതായിരിക്കാം. എന്നാല്‍ കൂടുതല്‍ രസകരം ബൈഡന്റെ പ്രസ്താവനയോടുള്ള മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പ്രതികരണമാണ്. അവിടെ ബൈഡന്റെ പരാതികള്‍ സമ്മതിക്കുകയും പരിഹരിക്കാന്‍ അവര്‍ക്ക് 'ഇനിയും സമയമുണ്ടെന്ന്' അവകാശപ്പെടുകയും ചെയ്തു എന്നും ലിപ് റീഡര്‍ വിശകലനം ചെയ്യുന്നു.
ഇതോടൊപ്പം ഉയരുന്ന ചില പതിവുചോദ്യങ്ങളുമുണ്ട്. ബരാക് ഒബാമ കമലാ ഹാരിസിനെ അംഗീകരിക്കുന്നുണ്ടോ എന്നതാണ് ഇതില്‍ പ്രധാനം. ഉണ്ട് എന്നാണ് ഇതിന്റെ ഉത്തരം. മുന്‍ പ്രസിഡന്റ് ബറാക് ഒബാമ ഒന്നിലധികം സ്ഥലങ്ങളില്‍ കമലാ ഹാരിസിനെ പരസ്യമായി അംഗീകരിക്കുകയും വരാനിരിക്കുന്ന യുഎസ് തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് വോട്ടുചെയ്യാന്‍ അമേരിക്കക്കാരോട് അഭ്യർഥിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പിന്തുണ കമലയ്‌ക്കൊപ്പമാണ്.