മിഷിഗനില്‍ കമലയ്ക്ക് കാല് തെറ്റുമോ?
Mail This Article
ഹൂസ്റ്റണ്‍ ∙ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ ഓരോ ദിവസവും ഓരോരോ തിരിച്ചടികളാണ് കമല ഹാരിസിന് നേരിടേണ്ടി വരുന്നത്. ഏറ്റവുമൊടുവില്‍ ഇസ്രയേലിന്റെ ഹമാസിനും കൂട്ടാളികള്‍ക്കും എതിരേയുള്ള യുദ്ധമാണ് കമലയുടെ സാധ്യതകളെ ബാധിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഡൊണള്‍ഡ് ട്രംപ് അറബ് അമേരിക്കക്കാര്‍ക്കിടയില്‍ 'പോപ്പുലര്‍' ആകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഗാസയിലെ യുദ്ധം വോട്ടര്‍മാര്‍ക്കിടയില്‍ ഡെമോക്രാറ്റുകളുടെ പിന്തുണ നഷ്ടപ്പെടുത്തുന്നു എന്നാണ് ഏറ്റവും പുതിയ സര്‍വേ റിപ്പോര്‍ട്ട് ചെയ്യുന്നത്. വോട്ടെടുപ്പിന്റെ ഫലം തീരുമാനിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഏഴ് സ്വിങ് സ്റ്റേറ്റുകളില്‍ഒന്നായ മിഷിഗണിലെ അറബ് വംശജരുടെ ഉയര്‍ന്ന സാന്ദ്രത മൂലം ഈ വിഭാഗം വോട്ടര്‍മാര്‍ ഹാരിസിന്റെ തിരഞ്ഞെടുപ്പ് സാധ്യതകളില്‍ നിര്‍ണായകമായി കണക്കാക്കപ്പെടുന്നു.
തിങ്കളാഴ്ച പുറത്തിറക്കിയ അറബ് ന്യൂസ്/യൂഗോവ് വോട്ടെടുപ്പ് പ്രകാരം വോട്ടര്‍മാര്‍ അടുത്ത യുഎസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ രണ്ടാഴ്ചയില്‍ താഴെ മാത്രം ശേഷിക്കെ പ്രധാന അറബ് വംശജരായ അമേരിക്കക്കാര്‍ക്കിടയില്‍ ട്രംപിന് 45 ശതമാനം പിന്തുണയുള്ളപ്പോള്‍ ഹാരിസിന് 43 ശതമാനം മാത്രം പിന്തുണയാണുള്ളത്.
ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷം വിജയകരമായി പരിഹരിക്കാന്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിക്കാണ് കൂടുതല്‍ പ്രാപ്തിയെന്ന് വോട്ടര്‍മാര്‍ കാണുന്നു. അദ്ദേഹത്തിന്റെ ഡെമോക്രാറ്റിക് എതിരാളിക്ക് 33 ശതമാനം പിന്തുണ മാത്രം ലഭിച്ചപ്പോള്‍ ട്രംപിന് 39 ശതമാനം പേരുടെ പിന്തുണയാണ്ഈ ചോദ്യത്തിന് ലഭിച്ചത്. മിഡില്‍ ഈസ്റ്റിന് 'പൊതുവായി' ആരാണ് നല്ലത് എന്ന ചോദ്യത്തില്‍ ട്രംപും ഹാരിസും 38 ശതമാനവുമായി 'ടൈ' പാലിച്ചു.
വടക്കേ അമേരിക്കയിലെ അറബ് അമേരിക്കക്കാരുടെ ഏറ്റവും വലിയ കേന്ദ്രവും ആദ്യത്തെ അറബ് ഭൂരിപക്ഷ യുഎസ് നഗരവുമായ ഡിയര്‍ബോണ്‍ ആണ് മിഡ് വെസ്റ്റേണ്‍ സംസ്ഥാനം. സെപ്റ്റംബറില്‍ ഒരു മുഴുവന്‍ മുസ്‌ലിം ഗവണ്‍മെന്റുള്ള ആദ്യത്തെ യുഎസ് നഗരമായ മിഷിഗണിലെ ഹാംട്രാംക്കിലെ മേയര്‍ ട്രംപിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. റിപ്പബ്ലിക്കന്‍ നേതാവിനെ 'തത്ത്വങ്ങളുടെ മനുഷ്യന്‍', 'ശരിയായ തിരഞ്ഞെടുപ്പ്' എന്ന് വിശേഷിപ്പിച്ചു.
2020-ല്‍ ബൈഡന്‍ മിഷിഗണില്‍ 150,000 വോട്ടുകള്‍ക്ക് വിജയിച്ചിരുന്നു. 2016-ല്‍ 11,000 വോട്ടുകള്‍ക്കാണ് ട്രംപ് വിജയിച്ചത്. അത്രമാത്രം ഭൂരിപക്ഷം ഡെമോക്രാറ്റുകള്‍ക്ക് കിട്ടിയ സംസ്ഥാനമായിരുന്നു ഇത്.
'കമലയ്ക്ക് നാല് വര്‍ഷം കൂടി ലഭിച്ചാല്‍, മിഡില്‍ ഈസ്റ്റ് അടുത്ത നാല് പതിറ്റാണ്ടുകള്‍ കത്തിജ്വലിക്കും, നിങ്ങളുടെ കുട്ടികള്‍ യുദ്ധത്തിലേക്ക് പോകും, ഒരുപക്ഷേ ഒരു മൂന്നാം ലോക മഹായുദ്ധം പോലും സംഭവിക്കും. പ്രസിഡന്റ് ട്രംപിനൊപ്പം ഇത് ഒരിക്കലും സംഭവിക്കില്ല. ഞങ്ങളുടെ രാജ്യത്തിനും നിങ്ങളുടെ കുട്ടികള്‍ക്കും വേണ്ടി, സമാധാനത്തിനായി ട്രംപിന് വോട്ട് ചെയ്യുക!'' ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ എഴുതി.