മെയിൽ ഇൻ ബാലറ്റുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
Mail This Article
ഡാലസ് ∙ യുഎസിൽ രണ്ടു രീതിയിൽ ജനങ്ങൾക്ക് അവരുടെ വോട്ടുകൾ രേഖപ്പെടുത്താം. ഒന്ന് നേരിട്ട് ഹാജരായും രണ്ട് മെയിൽ വഴിയും. 65 വയസ്സോ അതിനു മുകളിലോ പ്രായം ഉള്ളവർക്കും, ശാരീരികമായ പരിമിതികളുള്ളവർക്കും, തിരഞ്ഞെടുപ്പ് ദിവസം രാജ്യത്തില്ലാത്തവർക്കും വോട്ട് ബാലറ്റുകൾ മെയിൽ വഴി അയക്കുവാൻ സാധിക്കും. ഇതിനായ് അപേക്ഷ നൽകിയാൽ പൂരിപ്പിക്കേണ്ട ബാലറ്റുകൾ വീട്ടിലേക്കു അയച്ചു തരും.
ഈ ബാലറ്റുകൾ പൂരിപ്പിച്ചു തിരിച്ചയക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ബാലോട്ട് അതിന്റെ കവറിലാക്കി മറ്റൊരു കവറിൽ നിക്ഷേപിച്ചു സ്വയം പോസ്റ്റ് ചെയ്യുന്നതാണ് മികച്ച രീതി. ഈ കവറിനു മുകളിൽ ബാലോട്ട് ആവശ്യപ്പെട്ടപ്പോൾ നൽകിയ ഒപ്പു തന്നെ നൽകണം. ഒപ്പുകൾ തമ്മിൽ സാമ്യമില്ലെങ്കിൽ വോട്ട് അസാധുവാകും. ബാലറ്റ് ശേഖരിക്കുന്ന പോസ്റ്റ് ഓഫിസ് സീലിൽ നവംബർ 5, അല്ലെങ്കിൽ അതിനു മുൻപോ എന്നുള്ള വിവരം ഉണ്ടായിരിക്കണം. സീൽ നവംബർ 5നു ശേഷമാണെങ്കിൽ വോട്ട് അസാധുവാകും.
നിങ്ങളുടെ ബാലറ്റ് പോസ്റ്റ് ബോക്സിൽ നിക്ഷേപിച്ചതിനു ശേഷം അതിനെ പിന്തുടരാനും ഇന്ന് സംവിധാനങ്ങളുണ്ട്. ബാലോട്ടുമായി പോളിങ് സ്റ്റേഷനിലാണ് എത്തുന്നതെങ്കിൽ കൂടുതൽ സമയം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അരിസോനയിൽ വോട്ടിങ് മെയിൽ വഴിയാണ് കൂടുതലായും നടക്കുന്നത്. തിരഞ്ഞെടുപ്പ് ദിവസം മെയിലിൽ നിക്ഷേപിക്കുന്ന വോട്ടുകൾ എണ്ണാൻ കൂടുതൽ സമയം വേണ്ടി വരും.
ജോർജിയിൽ ഏർലി ഇൻ പേഴ്സൺ വോട്ടിങ്ങാണ് കൂടുതൽ പ്രിയം. 65% മുതൽ 70% വരെ വോട്ടുകൾ ഏർലി വോട്ടിങ്ങിൽ ചെയ്തിട്ടുണ്ടാവും. മെയിൽ ഇൻ വോട്ടുകൾ 5% മാത്രമാണ്. വിദേശത്തുള്ളതും മിലിറ്ററി സർവീസിലുള്ളവരുടെ വോട്ടുകൾ ഇലക്ഷൻ കഴിഞ്ഞു മൂന്നു ദിവസം വരെ സ്വീകരിക്കാറുണ്ട്. മിഷിഗനിൽ ഏർലി ഇൻ പേഴ്സൺ വോട്ടിങ് ആരംഭിച്ചത് കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മുതലാണ്. തിരഞ്ഞെടുപ്പിന്റെ എട്ടു ദിവസം മുൻപ് മുതൽ വോട്ടുകൾ പരിശോധന ആരംഭിക്കും. വളരെ വേഗം തിരഞ്ഞെടുപ്പ് ഫലങ്ങൾ പ്രസിദ്ധീകരിക്കുവാൻ ഇത് സഹായിക്കും എന്ന് അധികൃതർ പറയുന്നു.
നെവാഡയിലും തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നേരത്തെ ഉണ്ടാകാനാണ് സാധ്യത. കൗണ്ടികൾക്കു ഒക്ടോബർ 21 മുതൽ വോട്ടുകൾ പരിശോധിക്കുവാനും എണ്ണുവാനും അനുവാദം നൽകിയിട്ടുണ്ട്. നോർത്ത് കാരോലൈനയിലും തിരഞ്ഞെടുപ്പ് തീയതിക്ക് മുൻപ് തന്നെ വോട്ടുകൾ പരിശോധിക്കുവാനും എണ്ണുവാനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. പെൻസിൽവേനിയയിൽ തിരഞ്ഞെടുപ്പ് ദിവസം രാവിലെ ഏഴു മണിക്ക് മുൻപ് മെയിൽ ബാലറ്റുകൾ പരിശോധിക്കുവാൻ അനുമതിയല്ല.
വിസ്കോൻസെനിലും പെൻസിൽവേനിയയിലെ പോലെ അധികാരികൾക്ക് മെയിൽ ഇൻ വോട്ടുകൾ പരിശോധിക്കുവാൻ തിരഞ്ഞെടുപ്പിന്റെ അന്ന് രാവിലെ വരെ അനുവാദം ഇല്ല. സംസ്ഥാനത്തെ വലിയ നഗരങ്ങൾ മെയിൽ ഇൻ വോട്ടുകൾ ഒരു പ്രധാന കേന്ദ്രത്തിൽ എത്തിച്ചാണ് പരിശോധിക്കുന്നതും എണ്ണുന്നതും.