പരസ്പരം വിമർശിച്ച് ഡോണൾഡ് ട്രംപും കമല ഹാരിസും
Mail This Article
ന്യൂയോർക്ക് ∙ പ്രായം തന്റെ തിരിച്ചറിവിനെ ബാധിച്ചിട്ടില്ല എന്ന് തെളിയിക്കുവാൻ ഒരു തിരിച്ചറിയൽ പരീക്ഷ സ്വയം നടത്തണമെന്ന ആവശ്യം ഡെമോക്രറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസ് തിരഞ്ഞെടുപ്പിലെ എതിരാളിയായ, മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണാൾഡ് ട്രംപിനോട് വീണ്ടും ആവശ്യപ്പെട്ടു. അതേസമയം ഹാരിസ് കാര്യങ്ങൾ സുബോധത്തോടെയാണ് പറയുന്നതെന്ന് ഉറപ്പു വരുത്തണമെന്നാണ് ട്രംപിന്റെ ആവശ്യം.
തിരഞ്ഞെടുപ്പിന് ആറ് ദിവസങ്ങൾ ശേഷിക്കെ വോട്ടർമാർ ഉണർന്നിരുന്ന് തങ്ങളുടെ വോട്ടവകാശം വിനയോഗിക്കുമോ എന്ന ചോദ്യമാണ് ഇപ്പോൾ പ്രധാനം. ന്യൂയോർക്കിലെ മാഡിസൻ സ്‌ക്വയറിലെ പ്രചാരണ റാലിയിൽ ട്രംപ് ഹാരിസിനെ കടന്നാക്രമിച്ചു. മിഷിഗനിലെ കലാമസൂയിൽ ഹാരിസും ട്രംപിനെ നിശിതമായി വിമർശിച്ചു.
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ റോബർട്ട് എഫ് കെന്നഡി ജൂനിയർ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. പിന്നീട് തന്റെ തീരുമാനം മാറ്റുകയും പേര് ബാലോട്ടിൽ നിന്ന് ഒഴിവാക്കണമെന്നു ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ചില സംസ്ഥാനങ്ങൾ നാമ നിർദേശ പത്രിക പിൻവലിക്കുവാൻ അനുവാദം നൽകിയിട്ടില്ല. പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്ഥാനാർഥിയായി ചില സംസ്ഥാനങ്ങളിലെ ബാലറ്റുകളിൽ കെന്നഡി ജൂനിയറിന്റെ പേരും ഉണ്ടാവും.
ഏറ്റവും പുതിയ '270 ടു വിൻ ആവറേജ് പോൾ' പ്രകാരം ഹാരിസിന് 18 സംസ്ഥാനങ്ങളിലും ട്രംപിന് 25 സംസ്ഥാനങ്ങളിലുമാണ് ലീഡ്. ചില ലീഡുകൾ നേരിയതാണ്. എപ്പോൾ വേണമെങ്കിലും മാറിമറിയാം. ഓരോ സംസ്ഥാനത്തിന്റെയും ഇലക്ട്‌റൽ വോട്ടുകൾ വ്യത്യസ്തമാണ്. അതേസമയം ചില അഭിപ്രായ സർവേകൾ ഹാരിസിന് നേരിയ മുൻതൂക്കം പ്രവചിക്കുന്നുണ്ട്.
മുൻ പ്രഥമ ദമ്പതികളായ മിഷേൽ ഒബാമയും ബറാക് ഒബാമയും ഇപ്പോൾ വളരെ സജീവമായി ഹാരിസിന് വേണ്ടി പ്രചാരണം നടത്തുന്നു. ഹാരിസ് വിജയിച്ചാൽ മിഷേലിന് ഒരു ക്യാബിനറ്റ് പദവി ചിലർ പ്രവചിക്കുന്നുമുണ്ട്.