ADVERTISEMENT

ഹൂസ്റ്റണ്‍ ∙ യുഎസ് തിരഞ്ഞെടുപ്പില്‍ പോരാട്ടം കടുകട്ടിയാണ്. ആര് ജയിക്കും ആര് തോല്‍ക്കും എന്നത് പ്രവചനാതീതമാണ്. അതുകൊണ്ടുതന്നെ കിട്ടാവുന്ന ഓരോ വോട്ടും സമാഹരിക്കാനാണ് ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍മാരും ശ്രമിക്കുന്നത്. എതിരാളിയെ താറടിച്ചു കാട്ടാന്‍ ഒട്ടുമിക്ക നേതാക്കന്‍മാരെയും ഇറക്കിയാണ് ഡെമോക്രാറ്റുകള്‍ ഭരണത്തുടര്‍ച്ച പിടിച്ചടക്കാന്‍ ശ്രമിക്കുന്നത്. ഏറ്റവുമൊടുവിലായി മിഷേല്‍ ഒബാമയെ ആണ് അവര്‍ ട്രംപിനെതിരേ രംഗത്തിറക്കിയിരിക്കുന്നത്. എന്നാല്‍ സ്വന്തം പദ്ധതിയുമായി ട്രംപ് മുന്നോട്ടു പോവുകയാണ്.

38 ദശലക്ഷത്തിലധികം ആളുകള്‍ ഇതിനകം ആദ്യ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. രാജ്യത്തെ ആദ്യത്തെ വനിതാ പ്രസിഡന്റിനെ വേണമോ അതോ ഏറ്റവും പ്രായം കൂടിയ കമാന്‍ഡര്‍ ഈ ചീഫിനെ തിരഞ്ഞെടുക്കണോ എന്ന കണ്‍ഫ്യൂഷനിലാണ് അമേരിക്കന്‍ ജനത. 78 വയസുകാരനായ ട്രംപ്, നാല് വര്‍ഷം മുമ്പ് വോട്ടെടുപ്പിലേറ്റ പരാജയം സ്വീകരിക്കാന്‍ വിസമ്മതിച്ചിരുന്നു. ഇക്കുറിയും അത് ആവര്‍ത്തിച്ചാല്‍ അമേരിക്ക അരാജകത്വത്തിലേക്ക് പതിക്കുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ ഭയക്കുകയും ചെയ്യുന്നു.

ട്രംപ് മൂന്ന് നീല സംസ്ഥാനങ്ങളെ 2016 ല്‍ സ്വന്തമാക്കിയിരുന്നു. മിഷിഗണ്‍, വിസ്‌കോണ്‍സിന്‍, പെന്‍സില്‍വാനിയ സംസ്ഥാനങ്ങള്‍ പക്ഷേ നാല് വര്‍ഷത്തിന് ശേഷം ഡെമോക്രാറ്റുകള്‍ക്കായി ബൈഡന്‍ വീണ്ടെടുക്കുകയായിരുന്നു. ഈ മൂന്നില്‍ ഒന്നോ അതിലധികമോ ഇക്കുറി വീണ്ടെടുക്കാമെന്നും സണ്‍ ബെല്‍റ്റ് സ്വിങ് സ്‌റ്റേറ്റുകളില്‍  വിജയം നേടാമെന്നും അതുവഴി വൈറ്റ് ഹൗസ് പിടിക്കാമെന്നുമാണ് ട്രംപിന്റെ കണക്കുകൂട്ടല്‍.

ഒബാമ പ്രസിഡന്റായിരുന്ന കാലഘട്ടത്തില്‍ ജനപ്രിയയായിരുന്നു മിഷേല്‍. ജനങ്ങള്‍ക്കിടയില്‍ ഏറെ സ്വാധീനമുള്ള നേതാവ് കൂടിയാണ് അവര്‍. ട്രംപിനെ രൂക്ഷമായി ആക്രമിച്ചാണ് ഇപ്പോള്‍ മിഷേല്‍ രംഗത്തുവന്നിരിക്കുന്നത്. മുന്‍ പ്രസിഡന്റ് വീണ്ടും വൈറ്റ് ഹൗസില്‍ എത്തുമോ എന്ന് താന്‍ ആത്മാര്‍ഥമായി ഭയക്കുന്നുണ്ടെന്നാണ് മുന്‍ പ്രഥമ വനിത തുറന്നു പറഞ്ഞിരിക്കുന്നത്. നവംബര്‍ 5  തിരഞ്ഞെടുപ്പിന് മുന്നോടിയായി കമലയും ട്രംപും  മിഷിഗണ്‍ കേന്ദ്രീകരിച്ച് വോട്ടഭ്യര്‍ഥന നടത്തുന്നതിനിടെയാണ് മിഷേലില്‍ തന്റെ പുതിയ 'മിഷനുമായി' രംഗത്തുവന്നിരിക്കുന്നത്.

തിരഞ്ഞെടുക്കപ്പെട്ടാല്‍ വെറും 10 ദിവസത്തിനുള്ളില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി 'അസാധാരണമായ പ്രസിഡന്റായി' മാറുമെന്നാണ് മിഷേല്‍ വോട്ടര്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന ഉറപ്പ്. എന്നാല്‍  വോട്ടിങ്ങിൽ കമലയ്ക്ക് മുന്‍തൂക്കം നഷ്ടമാകുന്ന സാഹചര്യത്തില്‍ യാഥാര്‍ത്ഥ്യം തുറന്നു പറയാന്‍ അവരുടെ ടീമിലെ ആരും തയാറാകാത്ത സാഹചര്യത്തില്‍ മിഷേലിന്റെ തുറന്നു പറച്ചില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. തന്റെ നിരാശയും ഉത്കണ്ഠയും മറച്ചു വയ്ക്കാതെയാണ് മിഷേല്‍ സംസാരിച്ചത് എന്നതും ശ്രദ്ധേയമാണ്.

'കമലയെക്കുറിച്ചുള്ള എന്റെ പ്രത്യാശയോടൊപ്പം ട്രംപിന്റെ വിജയിത്തിലുള്ള ഭയവുമണ്ട്. എന്തുകൊണ്ടാണ് ഈ മത്സരം ഇത്രയും കഠിനമാകുന്നുത്.' മിഷേല്‍ ചോദിക്കുന്നു. 'അദ്ദേഹത്തിന്റെ മോശം പെരുമാറ്റത്തെക്കുറിച്ചും അയാളുടെ വ്യക്തമായ മാനസിക തകര്‍ച്ചയെക്കുറിച്ചും ഏവര്‍ക്കും അറിയാം. കുറ്റവാളിയാണ് അയാള്‍. ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ആള്‍.  എന്നിട്ടും എല്ലാവരും നിസംഗത  പുലര്‍ത്തുകയാണോ? ഞാന്‍ അല്പം ദേഷ്യത്തിലാണ്.- മിഷേല്‍ പറഞ്ഞു. ഗര്‍ഭച്ഛിദ്രവും  വനിതാ ആരോഗ്യ പരിരക്ഷ തുടങ്ങിയ വാഗ്ധാനങ്ങള്‍ ഊന്നിപ്പറഞ്ഞാണ് കമലയ്‌ക്കൊപ്പം മിഷേല്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. സ്്ത്രീകള്‍ തങ്ങളുടെ ഭാവി ട്രംപിനെ പോലുള്ള ഒരാളുടെ പക്കല്‍ നല്‍കരുതെന്നും ആവശ്യപ്പെട്ടാണ് മിഷേല്‍ അവസാനിപ്പിച്ചത്.

വിട്ടു കൊടുക്കാതെ ട്രംപ്
മറുപടിയെന്നോണം തന്റെ റാലിയില്‍ ട്രംപ് ഹാരിസിന് നേരെ കയ്‌പേറിയ വ്യക്തിഗത ആക്രമണങ്ങള്‍ നടത്തിയതും ശ്രദ്ധേയമായി. 'ഓപ്പണ്‍ ബോര്‍ഡര്‍' മൈഗ്രേഷന്‍ നയം യുഎസിനെ അപകടത്തിലാക്കും എന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. കമല പറഞ്ഞു പറ്റിക്കുകയാണ്. അവര്‍ക്ക് പ്രസിഡന്റാകാന്‍ കഴിയില്ല എന്നാണ് ട്രംപ് പൊതുവേദിയില്‍ പറഞ്ഞത്. 

English Summary:

Michelle Obama fears a Trump victory

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com