ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരനെ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറിയേക്കും; നീക്കം കടുപ്പിച്ച് ക്രൈംബ്രാഞ്ച്
Mail This Article
മുംബൈ∙ ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാന്‍റെ വസതിക്ക് നേരെയുണ്ടായ വെടിവയ്പ്പ് കേസിലും ഇന്ത്യയിലുടനീളം നിരവധി ഗുണ്ടാ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസുകളിലും പ്രതിയായ ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്‌ണോയിയെ അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് തിരികെ കൊണ്ടു വരുന്നതിനുള്ള നടപടികൾ ആരംഭിച്ചു. മുംബൈ ക്രൈംബ്രാഞ്ചാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇയാളെ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
മുംബൈ സെഷൻസ് കോടതിയിൽ ഇക്കാര്യം അറിയിച്ച മുംബൈ ക്രൈംബ്രാഞ്ച്, കൂടുതൽ നടപടികൾക്കായി ഫയൽ കേന്ദ്ര സർക്കാരിന് കൈമാറും. അൻമോൽ ബിഷ്‌ണോയി ഇപ്പോൾ അമേരിക്കയിലാണ്. യുഎസ് അധികൃതർ ഈ വിവരം സ്ഥിരീകരിച്ചതായും മുംബൈ പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യയിൽ 17-ലധികം ക്രിമിനൽ കേസുകളിൽ പ്രതിയായ അൻമോൽ ബിഷ്‌ണോയി, സൽമാൻ ഖാൻ വെടിവയ്പ്പ് കേസിൽ സഹോദരൻ ലോറൻസ് ബിഷ്‌ണോയി, ഗോൾഡി ബ്രാർ എന്നിവരോടൊപ്പം ഉൾപ്പെട്ടിട്ടുണ്ട്. ഈ കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അൻമോൽ ബിഷ്‌ണോയിയുടെ പേര് മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ചേർക്കുകയും അറസ്റ്റിലേക്ക് നയിക്കുന്ന വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
സിദ്ധു മൂസാവാല വധക്കേസിൽ പ്രതിയായ അൻമോൽ ബിഷ്‌ണോയി ഗായകനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ ഇറക്കുമതി ചെയ്‌ത കേസിലും പ്രതിയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഒക്‌ടോബർ 12-ന് എൻസിപി നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന് ഉപയോഗിച്ച തുർക്കി നിർമിത ടിസാസ് പിസ്റ്റളും ഗ്ലോക്ക് തോക്കും ഇയാൾ നൽകിയെന്നാണ് ആരോപണം. സിദ്ദിഖിയുടെ കൊലപാതകത്തിൽ സംശയിക്കുന്നവരിൽ ഒരാളുമായി അൻമോൽ ബിഷ്‌ണോയി ബന്ധപ്പെട്ടിരുന്നതായും വൃത്തങ്ങൾ വെളിപ്പെടുത്തുന്നു.