അമേരിക്കയിൽ വിദ്യാർഥിയായ ധ്രുവി പട്ടേൽ മിസ് ഇന്ത്യ വേൾഡ് വൈഡ് 2024
Mail This Article
ന്യൂജഴ്‌സി∙ അമേരിക്കയിൽ കംപ്യൂട്ടർ ഇൻഫർമേഷൻ സിസ്റ്റം വിദ്യാർഥിനിയായ ധ്രുവി പട്ടേൽ മിസ് ഇന്ത്യ വേൾഡ് വൈഡ് 2024 വിജയിയായി. ഇന്ത്യയ്ക്ക് പുറത്ത് നടക്കുന്ന ഈ മത്സരത്തിൽ വിജയിച്ചത് വലിയ ബഹുമതിയായി കാണുന്നതായി ധ്രുവി പറഞ്ഞു. ബോളിവുഡ് നടിയും യുണിസെഫ് അംബാസഡറുമാകാനാണ് ധ്രുവിയുടെ ആഗ്രഹം.
'മിസ് ഇന്ത്യ വേൾഡ് വൈഡ് കിരീടം നേടിയത് അവിശ്വസനീയമായ ബഹുമതിയാണ്. ഇത് ഒരു കിരീടത്തേക്കാൾ ഉപരി എന്‍റെ പൈതൃകത്തെയും മൂല്യങ്ങളെയും ആഗോള തലത്തിൽ മറ്റുള്ളവരെ പ്രചോദിപ്പിക്കാനുള്ള അവസരത്തെയും പ്രതിനിധീകരിക്കുന്നു,' ന്യൂജഴ്‌സിയിലെ എഡിസണിൽ നടന്ന കിരീടധാരണത്തിനുശേഷം ധ്രുവി പറഞ്ഞു.
ഇതേ മത്സരത്തിൽ സുരിനാമിൽ നിന്നുള്ള ലിസ അബ്ദുൽഹക്ക് ഫസ്റ്റ് റണ്ണറപ്പായി പ്രഖ്യാപിക്കപ്പെട്ടപ്പോൾ നെതർലൻഡിൽ നിന്നുള്ള മാളവിക ശർമ്മ രണ്ടാം റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടു.
മിസിസ് വിഭാഗത്തിൽ ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ നിന്നുള്ള സുആൻ മൗട്ടെറ്റ് വിജയിയായി, സ്‌നേഹ നമ്പ്യാർ ഒന്നാമതും യുകെയിൽ നിന്നുള്ള പവൻദീപ് കൗർ രണ്ടാം റണ്ണറപ്പും ആയി.
കൗമാര വിഭാഗത്തിൽ ഗ്വാഡലൂപ്പിൽ നിന്നുള്ള സിയറ സുറെറ്റ് മിസ് ടീൻ ഇന്ത്യ വേൾഡ് വൈഡ് ആയി തിരഞ്ഞെടുക്കപ്പെട്ടു. നെതർലൻഡ്‌സിൽ നിന്നുള്ള ശ്രേയ സിങ്, സുരിനാമിൽ നിന്നുള്ള ശ്രദ്ധ ടെഡ്‌ജോ എന്നിവരെ ഒന്നും രണ്ടും റണ്ണേഴ്‌സ് അപ്പായി പ്രഖ്യാപിച്ചു.
ന്യൂയോർക്ക് ആസ്ഥാനമായുള്ള ഇന്ത്യ ഫെസ്റ്റിവൽ കമ്മിറ്റിയാണ് സൗന്ദര്യമത്സരം സംഘടിപ്പിക്കുന്നത്. ഇന്ത്യൻ-അമേരിക്കക്കാരായ നീലം, ധർമ്മാത്മ ശരൺ എന്നിവർ നേതൃത്വം നൽകുന്നു.