മലയാളികള്‍ക്ക് പ്രചോദനം; കലയിലൂടെ കുടിയേറ്റത്തിന്റെ സങ്കീര്‍ണതകള്‍ ചര്‍ച്ച ചെയ്ത് കൊച്ചിക്കാരി
Mail This Article
ലൊസാഞ്ചലസ് ∙ ലോകമെമ്പാടുമുള്ള കലയും സംസ്‌കാരവും സംഗമിക്കുന്ന താളം തേടിയുള്ള യാത്രയിലാണ് മേഘ ജയരാജ്. കലാകാരിയും അധ്യാപികയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ മേഘ കലയിലൂടെ ജീവിതത്തിന്റെ വിവിധ അടരുകളെ പര്യവേക്ഷണം ചെയ്യുകയും പഠിപ്പിക്കുകയും ചെയ്യുന്നു. 2022-ലാണ് കൊച്ചിക്കാരിയായ മേഘ ലോസ് ലൊസാഞ്ചലസിൽ എത്തുന്നത്.
കലയുടെയും ഗവേഷണത്തിന്റെയും ലോകത്ത് തന്റേതായ പാതയിലൂടെ മൂന്നോട്ട് നീങ്ങുന്ന മേഘ, സൃഷ്ടി സ്‌കൂള്‍ ഓഫ് ആര്‍ട്ട് ആന്‍ഡ് ഡിസൈനില്‍ നിന്ന് കണ്ടംപററി ആര്‍ട്ട് പ്രാക്ടീസില്‍ ബിരുദം നേടുകയും സിംഗപ്പൂരിലെ ട്രോപ്പിക്കല്‍ ലാബ് റസിഡന്‍സി, ബറോഡയിലെ സ്‌പേസ് സ്റ്റുഡിയോ, ബെംഗളൂരിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ സയന്‍സസ് ആര്‍ക്കൈവ്‌സ് എന്നിവയുള്‍പ്പെടെ പ്രശസ്തമായ റസിഡന്‍സികളിലും സ്ഥാപനങ്ങളിലും തന്റെ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തു.
ഓരോ നേട്ടങ്ങളും നാഴികക്കല്ലുകളും കലയെയും സമൂഹത്തെയും കുറിച്ചുള്ള അവളുടെ ധാരണയെ സമ്പന്നമാക്കിയെന്നുതന്നെ പറയാം. കലാമേഖലയിലെ മേഘയുടെ സുപ്രധാന സംഭാവനകളിലൊന്നാണ് 'ബ്ലാക്ക് ഇങ്ക്- ഫോര്‍ സ്‌റ്റോറി ടെല്ലേഴ്‌സ്, സെയ്ന്റ്‌സ് ആന്‍ഡ് സ്‌കൗണ്ട്രല്‍സ്'. ഇതിലൂടെ ഓര്‍മയിലേക്കും ചരിത്രത്തിലേക്കും കടന്നുചെല്ലുന്നു. കുടിയേറ്റത്തിന്റെ സൂക്ഷ്മമായ വശങ്ങളിലൂടെ കടന്നുപോകുകയും കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെ വ്യക്തമാക്കുകയും ചെയ്യുന്നു.
ആധുനികതയും പാരമ്പര്യവും ഇടകലര്‍ന്ന വഴിയിലൂടെ, കുടിയേറ്റത്തിന്റെ സങ്കീര്‍ണതകള്‍ ചര്‍ച്ചയാകുന്ന ഇടത്തൊക്കെ മേഘയുടെ സൃഷ്ടി വെളിച്ചം വീശുന്നു. ജാതി, കുടുംബ ബന്ധങ്ങള്‍, ദേശീയത, പാരമ്പര്യ വിരുദ്ധത തുടങ്ങിയ വിഷയങ്ങള്‍ ഇതില്‍ കൈകാര്യം ചെയ്യുകയും ചെയ്തു. നിലവില്‍ ലൊസാഞ്ചലസിലെ കൊറിയ ടൗണില്‍ താമസിക്കുന്ന മേഘ തന്റെ കലയെ പരിപോഷിപ്പിക്കുകയും തന്റെ സര്‍ഗാത്മകത പ്രദര്‍ശിപ്പിക്കാന്‍ പുതിയവേദികള്‍ തേടുകയും ചെയ്യുന്നു. മേഘാ ജയരാജിന്റെ ജീവിതവും പ്രവര്‍ത്തനവും ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് പ്രചോദനമായി മാറുകയാണ്.