575 കോടി രൂപയുടെ മൂല്യം!; ‘ഹോളിവുഡ് വേഷങ്ങളുടെ ചിത്രങ്ങളാൽ’ അലങ്കരിച്ച വീട് വിൽക്കാൻ ജെന്നിഫർ ലോപസ്
Mail This Article
കലിഫോർണിയ ∙ കലിഫോർണിയയിലെ ബെൽ എയറിലുള്ള 575 കോടി രൂപ മൂല്യമുള്ള തന്റെ വസതിയുടെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ച് ജെന്നിഫർ ലോപസ് അഥവാ ജെഎൽഒ. കഴിഞ്ഞ കുറച്ചുകാലമായി ജെന്നിഫർ ജീവിച്ചിരുന്ന വസതി വിൽക്കാനുള്ള പദ്ധതിയിലാണ്. വളരെയേറെ പ്രത്യേകതയുള്ള ഒരു വസതിയാണ് ജെന്നിഫറിന്റേത്. തന്റെ പ്രഫഷനൽ ജീവിതത്തിലെ പല പ്രശസ്തമായ പ്രകടനങ്ങളുടെയും ഹോളിവുഡ് വേഷങ്ങളുടെയുമെല്ലാം ചിത്രങ്ങൾ ഈ വീട്ടിലെ പ്രധാനമുറിയിൽ ഫ്രെയിം ചെയ്തു വച്ചിട്ടുണ്ട് ജെന്നിഫർ.
55 വയസ്സിലേക്കു കടക്കുന്ന ജെന്നിഫർ ലോപസിന് 40 കോടി യുഎസ് ഡോളറിനപ്പുറം ആസ്തിയുണ്ട്. യുഎസിൽ പലയിടത്തും വീടുകളും അപ്പാർട്മെന്റുകളും കെട്ടിടങ്ങളുമൊക്കെ ഇവരുടെ പേരിലുണ്ട്. ന്യൂയോർക്കിലെ ബ്രോങ്ക്സിലുള്ള മധ്യവർത്തി കുടുംബത്തിലാണ് 1969ൽ ജെന്നിഫർ ജനിച്ചത്. പോർട്ടോറീക്കോയിൽ നിന്നുള്ളവരായിരുന്നു അവരുടെ മാതാപിതാക്കൾ.ഇൻ ലിവിങ് കളർ എന്ന ടെലിവിഷൻ സീരീസിൽ അഭിനയിച്ചതോടെയാണ് ജെന്നിഫർ പ്രശസ്തയായത്.
ആദ്യകാലത്ത് സംഗീതത്തേക്കാൾ കൂടുതൽ അഭിനയത്തിനാണ് ജെന്നിഫർ ലോപസ് പ്രാധാന്യം കൊടുത്തിരുന്നത്. 1997ൽ പുറത്തിറങ്ങിയ സെലീന എന്ന ഹിറ്റ് ചിത്രം ഇവരുടെ തലവര മാറ്റി. 10 ലക്ഷം യുഎസ് ഡോളർ പ്രതിഫലമായി ലഭിക്കുകയും ചെയ്തു.ഔട്ട് ഓഫ് സൈറ്റ്, മോൺസ്റ്റർ ഇൻ ലോ, യു ടേൺ, ആനക്കോണ്ട, മെയ്ഡ് ഇൻ മാൻഹട്ടൻ തുടങ്ങി 32 സിനിമകളിൽ അഭിനയിച്ചു.ഓൺ ദ ഫ്ലോർ, ലവ് ഡോണ്ട് കോസ്റ്റ് എ തിങ്, ഇഫ് യുഹാഡ് മൈ ലവ് തുടങ്ങി ഒട്ടേറെ ഹിറ്റ് പാട്ടുകളും ജെന്നിഫർ എഴുതിയിട്ടുണ്ട്.
അപാരമായ ഫാഷൻ സെൻസുള്ള ജെന്നിഫർ ലോപസ് പലപ്പോഴും ലോകത്തെ തന്റെ വസ്ത്രധാരണം കൊണ്ട് ഞെട്ടിച്ചിട്ടുണ്ട്. പുതിയ സഹസ്രാബ്ദം പിറന്ന രണ്ടായിരാമാണ്ടിലെ ഗ്രാമി പുരസ്കാര വേളയിൽ പച്ചനിറത്തിലുള്ള ഷിഫോൺ വസ്ത്രം ധരിച്ചെത്തിയിരുന്നു ജെന്നിഫർ. ഈ വസ്ത്രം ലോകം മുഴുവൻ തരംഗം സൃഷ്ടിക്കുകയും ഒട്ടേറെ പേർ ഈ വസ്ത്രമെന്തെന്ന് അറിയാനായി ഗൂഗിളിൽ തിരയുകയും ചെയ്തു. ഗൂഗിളിന്റെ അതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ തിരയലായിരുന്നു അത്. പിൽക്കാലത്ത് ഗൂഗിൾ ഇമേജസിന്റെ പിറവിക്ക് തന്നെ വഴിയൊരുക്കിയത് ഈ ഒരൊറ്റ വേഷമാണ്.