ഭർത്താവിന്റെ തല മൊട്ടയടിച്ചു, ഭാര്യയെ വിദ്യാഭ്യാസ സെക്രട്ടറിയാക്കി; സമൂഹ മാധ്യമത്തിൽ ചർച്ചയായി ട്രംപിന്‍റെ ‘പോരാട്ട ചരിത്രം’
Mail This Article
ഹൂസ്റ്റണ്‍∙ ഡബ്ല്യുഡബ്ല്യുഇയുടെ മുൻ എക്സിക്യൂട്ടീവായ 76 കാരിയായ ലിൻഡ മക്‌മഹോണിനെ യുഎസ് വിദ്യാഭ്യാസ വകുപ്പിന്‍റെ സെക്രട്ടറിയായി നിയമിച്ചതിനെ തുടർന്ന് നിയുക്ത യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും വിൻസ് മക്‌മഹോനും തമ്മിലുള്ള പഴയ റെസിലിങ് മത്സരം സമൂഹമാധ്യമത്തിൽ വീണ്ടും ചർച്ചയായിരിക്കുകയാണ്. ഡബ്ല്യുഡബ്ല്യുഇയിലെ ട്രംപിന്‍റെ ദീര്‍ഘകാല സഹപ്രവര്‍ത്തകനായ വിന്‍സ് മക്‌മഹോണിന്‍റെ ഭാര്യയാണ് ലിന്‍ഡ.
‘അടുത്ത തലമുറയിലെ അമേരിക്കന്‍ വിദ്യാർഥികളെയും തൊഴിലാളികളെയും ശാക്തീകരിക്കാനും ലോകത്തെ വിദ്യാഭ്യാസത്തില്‍ അമേരിക്കയെ ഒന്നാം സ്ഥാനത്തെത്തിക്കാനും വിദ്യാഭ്യാസ സെക്രട്ടറി എന്ന നിലയിൽ, അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലേക്കും 'അവസരങ്ങൾ' വ്യാപിപ്പിക്കുന്നതിന് ലിൻഡ അശ്രാന്തമായി പോരാടും. കൂടാതെ കുടുംബങ്ങൾക്കായി മികച്ച വിദ്യാഭ്യാസ തീരുമാനങ്ങൾ എടുക്കാൻ മാതാപിതാക്കളെ ലിൻഡ പ്രാപ്തരാക്കും.വിദ്യാഭ്യാസത്തില്‍ അമേരിക്കയെ ഒന്നാം സ്ഥാനത്തെത്തിക്കാനും ലിന്‍ഡ തന്‍റെ പതിറ്റാണ്ടുകളുടെ നേതൃത്വ പരിചയവും വിദ്യാഭ്യാസത്തെയും ബിസിനസ്സിനെയും കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും ഉപയോഗിക്കും’’– എന്നാണ് നിയമന പ്രഖ്യാപനത്തിനു ശേഷം ട്രംപ് പ്രസ്താവനയില്‍ പറഞ്ഞത്.
യുഎസ് വിദ്യാഭ്യാസ വകുപ്പിന്‍റെ സെക്രട്ടറിയായി ലിന്‍ഡ വരുന്ന വാർത്ത വന്നതോടെ 2007-ൽ റെസില്‍മാനിയ 23-ൽ ട്രംപ് വിൻസ് മക്‌മഹോനുമായി നടത്തിയ റെസിലിങ് മത്സരം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി. ഈ മത്സരത്തിൽ തോറ്റ വിൻസ് മക്‌മഹോന്‍റെ തല മുന്‍കൂര്‍ തയാറാക്കിയ തിരക്കഥ പ്രകാരം മൊട്ടയടിക്കുകയായിരുന്നു ട്രംപ്.
ട്രംപും മക്‌മഹോനും തമ്മിലുള്ള വൈരം
2007-ല്‍, ദി അപ്രന്‍റിസ് എന്ന റിയാലിറ്റി ഷോയില്‍ അഭിനയിച്ചുകൊണ്ടിരിക്കെയാണ് ട്രംപ് റെസില്‍മാനിയ 23-ല്‍ പ്രത്യക്ഷപ്പെട്ടത്. ട്രംപ് വിന്‍സ് മക്‌മഹോനുമായി ഏറ്റുമുട്ടുന്നത്. ഇത് വിന്‍സ് മക്‌മഹോണിന്‍റെ മുടി ഷേവ് ചെയ്യുന്നതിലാണ് അവസാനിച്ചത്. ഈ വൈരാഗ്യം ഡട്രോയിറ്റിലെ റെസില്‍മാനിയ 23 ല്‍ നടന്ന 'കോടീശ്വരന്മാരുടെ യുദ്ധ'ത്തിലേക്ക് നയിച്ചു.
ഓരോ കോടീശ്വരനും തങ്ങളെ പ്രതിനിധീകരിക്കാന്‍ ഒരു പ്രഫഷനല്‍ ഗുസ്തിക്കാരനെ തിരഞ്ഞെടുത്തു. ട്രംപ് ബോബി ലാഷ്ലിയൊണ് തിരഞ്ഞെടുത്തത്. മക്‌മഹോന്‍ ആകട്ടെ ഉമാഗയെ പിന്തുണച്ചു. വെല്ലുവിളി? തോറ്റ ശതകോടീശ്വരന്‍ ഗോദയിൽ തല മൊട്ടയടിക്കും എന്നതായിരുന്നു കരാര്‍. പോരാട്ടത്തില്‍, ട്രംപിന്‍റെ ഗുസ്തിക്കാരന്‍ ബോബി ലാഷ്ലി മക്‌മഹോന്‍റെ പ്രതിനിധി ഉമാഗയെ പരാജയപ്പെടുത്തി. ഇതോടെ അലറുന്ന ജനക്കൂട്ടത്തിന് മുന്നില്‍ ട്രംപ് സന്തോഷത്തോടെ മക്‌മഹോണിന്‍റെ തല മൊട്ടയടിക്കുകയായിരുന്നു.