ട്രംപിനൊപ്പം റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയർ; ചർച്ചയായി ഡോണള്‍ഡ് ജൂനിയര്‍ പോസ്റ്റ്
Mail This Article
ഹൂസ്റ്റണ്‍ ∙ 'മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയിന്‍' എന്ന പ്രചാരണ വാക്യം ഡോണള്‍ഡ് ട്രംപിന് വൈറ്റ് ഹൗസിലേക്ക് മടങ്ങിയെത്താന്‍ ഏറെ ഗുണകരമായി മാറിയിരുന്നു. അതിന് ചെറിയൊരു ഭേദഗതി വരുത്തി 'മേക്ക് അമേരിക്ക ഹെല്‍ത്തി എഗെയിന്‍' എന്ന ടാഗ് ലൈനുമായും ട്രംപ് എത്തിയിരുന്നു. എന്നാല്‍ ഇതിനു തൊട്ടു പിന്നാലെ ജങ്ക് ഫുഡ് കഴിക്കുന്ന ട്രംപിന്റെയും ഹെല്‍ത്ത് സെക്രട്ടറി റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയറിന്റെയും ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.
അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോണള്‍ഡ് ട്രംപിന്റെ ആരോഗ്യ സെക്രട്ടറി റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയര്‍, 'അമേരിക്കയെ വീണ്ടും ആരോഗ്യമുള്ളതാക്കുമെന്ന്' വാഗ്ദാനം ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് മക് ഡൊണാൾഡ്സ് ഭക്ഷണം പങ്കിടുന്ന ചിത്രം പുറത്തുവന്നത്. ടെസ്ല സിഇഒ എലോണ്‍ മസ്‌ക്, ട്രംപിന്റെ മൂത്ത മകന്‍ ഡോണള്‍ഡ് ജൂനിയര്‍ എന്നിവര്‍ക്കൊപ്പം ന്യൂയോര്‍ക്കില്‍ നടന്ന അള്‍ട്ടിമേറ്റ് ഫൈറ്റിങ് ചാംപ്യന്‍ഷിപ്പ് മത്സരം കാണാനാണ് ട്രംപിനൊപ്പം കെന്നഡി തന്റെ വിമാനത്തില്‍ പറന്നെത്തിയത്.
ട്രംപും കെന്നഡിയും നവംബര്‍ 5 ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരുമിച്ച് പ്രചാരണം നടത്തിയിരുന്നു. സംസ്‌കരിച്ച ഭക്ഷണം കൈകാര്യം ചെയ്യുന്നതിന് മുന്‍ഗണന നല്‍കുമെന്ന് പ്രചാരണത്തിനിടെ ഇരുവരും വാഗ്ദാനം ചെയ്തിരുന്നു.
'വളരെക്കാലമായി അമേരിക്കക്കാരെ വ്യാവസായിക ഭക്ഷ്യ സമുച്ചയവും മയക്കുമരുന്ന് കമ്പനികളും തകര്‍ത്തു' എന്നാണ് കെന്നഡിയുടെ നാമനിര്‍ദ്ദേശം പ്രഖ്യാപിച്ചുകൊണ്ട് ട്രംപ് പറഞ്ഞത്. ബര്‍ഗര്‍ ബോക്സ്, ഫ്രൈസും ഒരു കുപ്പി കൊക്കകോള എന്നിവയുടെ മുന്നില്‍ തീരെ താല്‍പ്പര്യമില്ലാത്ത തരത്തിലാണ് കെന്നഡിയുടെ ഭാവമെന്ന് സമൂഹ മാധ്യമത്തിൽ ചിലർ അഭിപ്രായപ്പെട്ടു.
ഗൂഢാലോചന സൈദ്ധാന്തികനും വാക്സിന്‍ വിരുദ്ധ പ്രചാരകനുമായ 70 വയസുകാരനായ കെന്നഡി ജൂനിയര്‍ അമേരിക്കക്കാരുടെ ഭക്ഷണ രീതി മാറ്റണമെന്ന വാദം ഉയര്‍ത്തുന്ന ക്യാമ്പെയിന്റെ വക്തമാവാണ്. ഉയര്‍ന്ന അളവിലുള്ള പഞ്ചസാര, കൊഴുപ്പ്, ഉയര്‍ന്ന അഡിറ്റീവുള്ള സംസ്‌കരിച്ച ഭക്ഷണങ്ങള്‍ എന്നിവ കുറയ്ക്കുന്നതിലൂടെ അമേരിക്കയ്ക്ക് പൊണ്ണത്തടി പകര്‍ച്ചവ്യാധി തടയാമെന്നും അദ്ദേഹം വാദിക്കുന്നു.
ഫാസ്റ്റ് ഫുഡിനോടും ഡയറ്റ് കോക്കിനോടുമുള്ള തന്റെ ഇഷ്ടം ട്രംപ് ഒരിക്കലും രഹസ്യമാക്കിയിട്ടില്ല. ഒക്ടോബറില്‍ തന്റെ പ്രചാരണ വേളയില്‍ പെന്‍സില്‍വേനിയയിലെ മക്ഡൊണാള്‍ഡ്സില്‍ ട്രംപ് സെര്‍വ് ചെയ്തത് വൈറലായിരുന്നു. കെന്നഡിക്ക് ആരോഗ്യ സെക്രട്ടറിയായി ജോലി ഏറ്റെടുക്കാന്‍ സെനറ്റിന്റെ സ്ഥിരീകരണം ആവശ്യമാണ്, ചില മുതിര്‍ന്ന റിപ്പബ്ലിക്കന്‍മാര്‍ ഇതിൽ ആശങ്കകള്‍ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.