മോഷ്ടിച്ച വാഹനവുമായി 12 കാരൻ സഞ്ചരിച്ചത് 160 മൈൽ; ഒടുവിൽ അറസ്റ്റ്
Mail This Article
വാഷിങ്ടൻ ∙ സ്വന്തം മുത്തച്ഛന്റെ വാഹനം മോഷ്ടിച്ച് സഞ്ചരിച്ചത് 160 മൈൽ. 12 വയസ്സുകാരൻ ഒടുവിൽ പൊലീസ് പിടിയിൽ. മുത്തച്ഛന്റെ ഫോക്സ് വാഗൺ ഹാച്ച് ബാക്കുമായി 160 മൈൽ സഞ്ചരിച്ച 12 കാരനെ ഡപ്യൂട്ടികളാണ് പിടികൂടിയതെന്ന് ഗ്രാന്റ് കൗണ്ടി ഷെരീഫ് ഓഫിസ് അധികൃതർ അറിയിച്ചു. അന്വേഷണത്തിൽ മോസസ് തടാകത്തിലെ റസിഡൻഷ്യൽ ഏരിയയിൽ കാർ പാർക്ക് ചെയ്തിരിക്കുന്നതായി പൊലീസ് കണ്ടെത്തുകയായിരുന്നു. കാറുമായി കടക്കാൻ ശ്രമിച്ച ബാലനെ പിന്തുടർന്നാണ് റാൻഡോൾഫിന്റെയും സ്റ്റേറ്റ് റൂട്ട് 17ന്റെയും സമീപത്തുള്ള റോഡിൽ വച്ചു പൊലീസ് അറസ്റ്റ് ചെയ്തത്.
ബാലന് ഗ്രാന്റ് കൗണ്ടിയിലെ മോസസ് തടാകവുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് അങ്ങോട്ടേക്കായിരിക്കും ബാലൻ വാഹനം ഓടിച്ചതെന്ന് കരുതിയതെന്ന് ഇസാക്വ പോലീസ് വകുപ്പ് അധികൃതർ വ്യക്തമാക്കി. ഇസാക്വയിലെ പൊലീസ് അധികൃതർ ഗ്രാന്റ് കൗണ്ടി ഷെരീഫ് ഓഫിസിൽ മോഷ്ടിച്ച വാഹനവുമായി ബാലൻ മോസസിലേക്ക് കടന്നതായുള്ള വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയത്.